-->
മുംബൈയിലെ ഗതാഗതകുരുക്കിനെക്കുറിച്ച് പലരും പലതവണ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ പങ്കുവച്ചിട്ടുണ്ട്. അതിനിടെ ഒരു അപകടം കൂടി നടന്നാലുള്ള അവസ്ഥ കൂടി പറയണോ. ഇടിച്ചത് ബോളിവുഡിന്റെ സ്വന്തം ബച്ചന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വണ്ടിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഗതാഗതം കുരുങ്ങുമെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയിലും വൈറലാകും ആ ഇടി.
ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ലോകസുന്ദരി ഐശ്വര്യ റായിയുടെ ഉടമസ്ഥതയിലുള്ള 1.3 കോടി രൂപ വിലമതിക്കുന്ന ടൊയോട്ട വെല്‍ഫെയർ കാർ മുംബൈയില്‍ ഒരു ലോക്കല്‍ ബസുമായി കൂട്ടിയിടിച്ചതാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
എന്നാല്‍ വാഹനത്തില്‍ ഐശ്വര്യയോ ബച്ചൻ കുടുംബത്തിലെ മറ്റാരെങ്കിലുമോ വാഹനത്തില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മുംബൈ നഗരത്തില്‍ വെച്ചാണ് ഐശ്വര്യ റായിയുടെ ആഢംബര വാഹനം ബസുമായി കൂട്ടിയിടിച്ചത്. അപകടം നടന്നയുടനെ ഒരു ചെറിയ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. വാഹനത്തിനുള്ളിലോ പരിസരത്തോ ഐശ്വര്യ റായിയെ കണ്ടില്ല. കാറിന്റെ ഡ്രൈവർ പുറത്തിറങ്ങി വാഹനത്തിന് സംഭവിച്ച കേടുപാടുകള്‍ പരിശോധിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
അപകടം നടന്നത് താരത്തിന്റെ വാഹനത്തിനായതു കൊണ്ടു തന്നെ ആരാധകർ അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഐശ്വര്യ റായിയുടെ എല്ലാ വാഹനങ്ങളുടെയും നമ്പർ പ്ലേറ്റില്‍ ‘5050’ എന്ന അക്കം ഉണ്ടാകാറുണ്ട്. ഈ പ്രത്യേകതയാണ് വാഹനം തിരിച്ചറിയാൻ സഹായിച്ചത്. അപകടത്തിന് ശേഷം അധികം വൈകാതെ തന്നെ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ബസും ഐശ്വര്യ റായിയുടെ വാഹനവും പിന്നീട് അവിടെ നിന്ന് പോകുന്നതും കാണാം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ഏതായാലും സംഭവത്തെക്കുറിച്ച് ബച്ചന്‍ കുടുംബത്തില്‍ നിന്ന് പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല.