-->
കൊല്ലം: കുഞ്ഞു ജനിച്ച സന്തോഷത്തില്‍ പത്തനാപുരത്തു ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നാലു പേരെ എക്‌സൈസ് സംഘം പിടികൂടി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിന്‍, മണ്ണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണമൂല സ്വദേശി ടെര്‍ബിന്‍ എന്നിവരാണ് പിടിയിലായത്. പത്തനാപുരത്തെ എം.എം. അപ്പാര്‍ട്‌മെന്റ് എന്ന ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയത്.
മുറിയില്‍നിന്നു രാസലഹരി ഉള്‍പ്പെടെ കണ്ടെത്തി. മൂന്നാം പ്രതിയായ കിരണിനു കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതിനായി ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. 46 മില്ലിഗ്രാം എം.ഡി.എം.എ, 22 ഗ്രാം കഞ്ചാവ്, സിറിഞ്ച്, എം.ഡി.എം.എ. സൂക്ഷിക്കാനുള്ള പൊതികള്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തി.
ലഹരിയുടെ അളവ് കുറവായതിനാല്‍ നാലു പേര്‍ക്കും പിന്നീടും ജാമ്യം ലഭിച്ചു. തിരുവനന്തപുരം സ്വദേശികള്‍ പത്തനാപുരത്തെത്തി ലഹരി പാര്‍ട്ടി നടത്തുന്നുവെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്. ഇവര്‍ക്കു രാസലഹരി നല്‍കിയ തിരുവനന്തപുരത്തെ സംഘത്തിനായി അന്വേഷണം ആരംഭിച്ചു.