Thursday, March 12, 2026 Last Updated 19 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 01.03 PM

പുതിയ സ്മാര്‍ട്ട്‌ഫോണുമായി അത്ഭുതപ്പെടുത്താനൊരുങ്ങി നത്തിങ്

phone

നത്തിങ് വീണ്ടുമിതാ അത്ഭുതപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത്തവണ നത്തിങ് കമ്പനിയുടെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫ് ലേബലില്‍ ഇറക്കിയ സിഎംഎഫ് 1 ശേഷം പിന്‍ഗാമിയായ സിഎംഎഫ് 2 ഇറക്കാനാണ് ഒരുങ്ങുന്നത്. മോഡുലാര്‍ ഡിസൈനില്‍ അവതരിപ്പിച്ച സിഎംഎഫ് ഫോണ്‍2 ബജറ്റ് കസ്റ്റമേഴ്‌സിനെ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഫ്രണ്ടിലും ബാക്ക് പാനലിലുമെല്ലാം ഇതുവരെ കാണാത്ത ഡിസൈനാണിത്.

ഫോണിന്റെ വിവിധ സ്‌പെസിഫിക്കേഷനുകളെ കുറിച്ച് ചില സൂചനകളുണ്ട്. ഇതനുസരിച്ച് ഫോണിന് 6.3 ഇഞ്ച് OLED ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 120Hz റീഫ്രെഷ് റേറ്റും ഈ സ്മാര്‍ട്ട് ഫോണിലുണ്ടാകും. മീഡിയാടെക് ഡൈമന്‍സിറ്റി 7400 SoC പ്രോസസറായിരിക്കും ഫോണിലുണ്ടാകുക. മീഡിയാടെക് 7300യാണ് സിഎംഎഫ് 1ല്‍ ഉണ്ടായിരുന്നത്. എന്നാല്‍ സിഎംഎഫ് 1നേക്കാളും ഭേദപ്പെട്ട പെര്‍ഫോമന്‍സ് ഇതില്‍ പ്രതീക്ഷിക്കാം. ഒക്ടാ-കോര്‍ ചിപ്സെറ്റാണ് ഈ സ്മാര്‍ട്ട് ഫോണിലുണ്ട്. നത്തിങ് OS 2.5 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 15 ആയിരിക്കും സോഫ്റ്റ് വെയറെന്ന് പ്രതീക്ഷിക്കാം. വിവിധ നിറങ്ങളിലുള്ള പോളി കാര്‍ബണേറ്റ് ബാക്ക് പാനല്‍ ആയിരിക്കും ഇതിനെന്നാണ് ടിപ്പ്സ്റ്റര്‍മാര്‍ പറയുന്നത്.

ഡ്യുവല്‍ ക്യാമറയുള്ള സ്മാര്‍ട്ട് ഫോണാണിത്. 50 മെഗാപിക്സല്‍ മെയിന്‍ ക്യാമറ ഈ സിഎംഎഫ്2 ഫോണില്‍ ഉണ്ടാവും. കൂടാതെ ഒരു ക്യാമറാ സെന്‍സര്‍ കൂടി നല്‍കാന്‍ സാധ്യതയുണ്ട്. 50 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും പുതിയ ഫോണില്‍ നല്‍കിയേക്കും. 5,000mAh ബാറ്ററി സപ്പോര്‍ട്ടും ഈ സ്മാര്‍ട്ട് ഫോണില്‍ നല്‍കിയിരിക്കുന്നു. 33W വരെ ഫാസ്റ്റ് ചാര്‍ജിങ്ങിനെയും സിഎംഎഫ് ഫോണ്‍2 സപ്പോര്‍ട്ട് ചെയ്‌തേക്കാം. സിഎംഎഫ്1 ലേതു പോലെ തന്നെ സിഎംഎഫ്2 ലും സിം പിക്കറിനൊപ്പം, സ്‌ക്രൂ ഡ്രൈവറും നത്തിങ് നല്‍കുന്നു. എന്തിനാണെന്നോ? ഫോണിന്റെ പിന്നിലെ കവര്‍ അങ്ങ് അഴിച്ചു നീക്കാന്‍. അങ്ങനെ 'സുതാര്യമായി' വേണമെങ്കിലും ഉപയോഗിക്കാം.

അതിനു പുറമെ സിഎംഎഫ് ഫോണിനു മാത്രമായി നിര്‍മ്മിച്ച സ്റ്റാന്‍ഡ് ഉപയോക്താവിനു തന്നെ സ്‌ക്രൂ ചെയ്തു പിടിപ്പിക്കാം. വാലറ്റ് എന്‍ക്ലോഷറും നല്‍കിയേക്കാം. സിഎംഎഫ് 1ന് സമാനമായി രണ്ട് വേരിയന്റുകളാണ് സിഎംഎഫ് 2ല്‍ പ്രതീക്ഷിക്കുന്നത്. 6GB, 8GB റാം വേരിയന്റുകളാണിവ. രണ്ട് കോണ്‍ഫിഗറേഷനും 128GB ഇന്റേണല്‍ സ്റ്റോറേജ് നല്‍കിയേക്കാം. ബ്രൈറ്റ് ഡിസ്‌പ്ലേയും ഫോണിലുണ്ട്. മാറ്റി ഉപയോഗിക്കാവുന്ന പാക്ക് പാനല്‍ മറ്റൊരു സവിശേഷതയാണ്. ഇതില്‍ കിക്ക്സ്റ്റാന്‍ഡ് ഫീച്ചറും ആക്‌സസറീസ് അറ്റാച്ച് ചെയ്യാന്‍ സ്ട്രാപ്പും നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW