-->
കോട്ടയം: രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനാക്കിയതിലൂടെ ബി.ജെ.പി. സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നതു ക്രൈസ്തവ വിഭാഗങ്ങളിലേക്കുള്ള പാലം.കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് വോട്ട് വിഹിതത്തില്‍ പതിനഞ്ചു ശതമാനത്തിലേറെ വളര്‍ച്ച നേടാന്‍ സംസ്ഥാനത്ത് ബി.ജെ.പി.ക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരു പാര്‍ലമെന്റ് അംഗത്തെ വിജയിപ്പിക്കാനും കഴിഞ്ഞു. ക്രൈസ്തവ വിഭാഗങ്ങളെകൂടി വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞാല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ പത്ത് ശതമാനം വോട്ട് കൂടി അധികമായി നേടാന്‍ കഴിയുമെന്നാണു ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ ലക്ഷ്യമാക്കി ഇതിനു മുമ്പു പല പരീക്ഷണങ്ങളും ബി.ജെ.പി.നടത്തിയെങ്കിലും ഉദേശിച്ച ഫലം കണ്ടില്ല.കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളെ സ്വാധീനിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ലെന്നു കേരളം സന്ദര്‍ശിച്ച കേന്ദ്രമന്ത്രിമാര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത ഉണ്ടായിരുന്നിട്ടും പരാജയപ്പെട്ട 144 മണ്ഡലങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിമാര്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലാണ് കേരളത്തിലെ പരാജയ കാരണം ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയുള്ള സ്വാധീന കുറവാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ലോക്‌സഭാ മണ്ഡലങ്ങളാണു കേരളത്തില്‍ നിന്നും പരിഗണിച്ചിരുന്നത്. ക്രൈസ്തവ വിഭാഗങ്ങള്‍ക്കു ബി.ജെ.പി.യോടുള്ള അകല്‍ച്ച ഇല്ലാതായിട്ടുണ്ടെങ്കിലും വോട്ടായി മാറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ വിമര്‍ശനം. ഈ സാഹചര്യത്തിലാണു ക്രൈസ്തവ വിഭാഗങ്ങള്‍ക്കു പൊതുവില്‍ സ്വീകര്യനായ ഒരു നേതാവ് എന്ന നിലയില്‍ രാജീവ് ചന്ദ്രശേഖറിനെ ഉപയോഗിച്ച് ബി.ജെ.പി പരീക്ഷണത്തിന് തയാറെടുക്കുന്നത്.
അടുത്ത കാലത്ത് മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി എടുത്ത നിലപാട് ക്രൈസ്തവ സമൂഹം പൊതുവേ സ്വാഗതം ചെയ്തിരുന്നു. മുനമ്പം വിഷയം ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയാക്കി മാറ്റിയതില്‍ വലിയ പങ്ക് വഹിച്ചത് രാജീവ് ചന്ദ്രശേഖറാണ്. ബി.ജെ.പി. നേതാക്കളില്‍ ക്രൈസ്തവ സഭാ അധ്യക്ഷന്‍മാരില്‍ ഏറെ സ്വാധീനമുള്ള ഷോണ്‍ ജോര്‍ജിനെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇതിനായി ഫലപ്രദമായി ഉപയോഗിച്ചത്. ഇത് വലിയ വിജയം കാണുകയും ചെയ്തു.
ഏറ്റവുമൊടുവില്‍ പി.സി. ജോര്‍ജ് നടത്തിയ 'ലൗ ജിഹാദ്' പരാമര്‍ശം ഉണ്ടാക്കിയ വിവാദത്തില്‍ കത്തോലിക്കാ സഭാ ജോര്‍ജിനൊപ്പം ഉറച്ചു നിന്നത് ബി.ജെ.പി.ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കികൊടുത്തത്. പി.സി ജോര്‍ജിനെ ബി.ജെ.പി ദേശീയ നേതൃത്വം ദേശീയ കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്യുകയും ചെയ്തു. ഇനിയും ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാക്കളെ ബി.ജെ.പിയിലേക്ക് എത്തിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.ഇതായിരിക്കും രാജീവ് ചന്ദ്രശേഖറിന്റെ പ്രഥമ ലക്ഷ്യം.