-->
തലശ്ശേരി: മുഴപ്പിലങ്ങാട്ടെ സൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രതികളെ ജയിലിലേക്ക് അയച്ചത് മുദ്രാവാക്യം വിളികളോടെ. തലശ്ശേരി കോടതിയിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കവാടത്തിലുമായി എത്തിയത് നൂറു കണക്കിന് സിപിഎം പ്രവര്‍ത്തകര്‍. ധീരന്മാരായ പോരാളികളെ എന്നുള്ള മുദ്രാവാക്യം മുഴക്കിയാണ് തലശ്ശേരി കോടതിവളപ്പില്‍ നിന്നും യാത്രയാക്കിയത്.
രണ്ടിടത്തും കണ്ണൂര്‍ ജില്ലയിലെ നേതാക്കളും എത്തിയിരുന്നു. നേതാക്കള്‍ക്കൊപ്പം ജയില്‍ കാന്റീനില്‍ നിന്നും മധുരപലഹാരവും ചായയും കഴിച്ച ശേഷമാണ് പ്രതികള്‍ ജയിലിനുള്ളിലേക്ക് കടന്നത്. കാരായി രാജന്‍, ഏരിയാ സെക്രട്ടറിമാരായ സി.കെ. രമേശന്‍, എം.കെ. മുരളി, കെ. ശശിധരന്‍ തുടങ്ങി വിവിധ നേതാക്കള്‍ ഇന്നലെ കോടതിയില്‍ എത്തിയിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പരോളിലിറങ്ങിയ മുഹമ്മദ് ഷാഫി ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതികളായവരും ശിക്ഷിക്കപ്പെട്ടവരും കോടതി പരിസരത്തെത്തിയിരുന്നു.
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിവിധിശക്കതിരേ അപ്പീല്‍ പോകുമെന്നും എല്ലാവരും നിരപരാധികളാണെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഇവരെ രക്ഷിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും നേരത്തെ കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞിരുന്നു. കോടതി തെളിവുകളും വസ്തുതകളും നോക്കിയിട്ടായിരിക്കും ശിക്ഷ വിധിച്ചതെങ്കിലും ശിക്ഷിക്കപ്പെട്ടവരെ കുറ്റവാളികളായി കണക്കാക്കാനാകില്ല എന്നായിരുന്നു എം.വി.ജയരാജന്‍ പറഞ്ഞത്. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു.