-->
സോഷ്യല്‍ മീഡിയയിലെങ്ങും എമ്പുരാന്‍ തരംഗമാണ്. സംവിധായകനും നടനുമായ പൃഥ്വിരാജും മോഹന്‍ലാലും ഭാഷയും ദേശവും കടന്ന് എമ്പുരാന് വേണ്ടിയുള്ള പ്രൊമോഷന്‍ അഭിമുഖങ്ങളുടെ തിരക്കിലാണ്. ഇവര്‍ പറയുന്ന ഓരോ വാക്കുകളും സംഭാഷണങ്ങളും തഗ്ഗ് മറുപടികളും ഏറ്റെടുത്ത് വൈറലാക്കുകയാണ് ആരാധകര്‍. പരസ്പരം ബഹുമാനിച്ചും തങ്ങളുടെ നിലപാടുകള്‍ തുറന്നു പറഞ്ഞും മലയാള സിനിമയുടെ മികച്ച നിലവാരത്തെക്കുറിച്ച് പ്രശംസിച്ചുമാണ് ഇവര്‍ രണ്ടാളും ജനമനസ്സുകളില്‍ കൈയടി നേടിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാര്‍ക്കോ സിനിമയെക്കുറിച്ച് മോഹന്‍ലാലും പൃഥ്വിരാജും പറയുന്നതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സിനിമയിലെ അക്രമത്തിന്റെ പരിധി മറ്റൊരു തലത്തിലൂടെ കടന്നുപോയിരിക്കുന്നല്ലോയെന്നും മാര്‍ക്കോ സിനിമ കണ്ടപ്പോള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നിയെന്നും പ്രേക്ഷകര്‍ക്ക് എത്രത്തോളമത് സ്വീകരിക്കാൻ കഴിയുമെന്നാണ് നിങ്ങള്‍ക്ക് തോന്നുന്നതെന്നുമായിരുന്നു അവതാരകയുടെ ചോദ്യം.
‘‘ഇത് അക്രമത്തെക്കുറിച്ചല്ല, ഇത് ഒരു സാഹചര്യമാണ്, അതെ. സാഹചര്യം ആവശ്യപ്പെടുന്നുണ്ടെങ്കിൽ സിനിമയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാം, അത് ശരിയാണ്. അത് കാണിക്കുന്നുണ്ടെങ്കില്‍ എന്തെങ്കിലുമൊരു ന്യായീകരണം ഉണ്ടാവണം. നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടാകും. കഥാപാത്രമോ സാഹചര്യമോ ആവശ്യപ്പെടുകയാണെങ്കിൽ, ഞാൻ കരുതുന്നു, അത് ശരിയാണെന്ന്...’’ എന്നായിരുന്നു മോഹന്‍ലാല്‍ ഇതിന് നല്‍കിയ മറുപടി.
‘‘വളരെ ശരിയാണ്. പക്ഷേ മാർക്കോ പോലുള്ള സിനിമകളെക്കുറിച്ച് ആളുകൾക്ക് പ്രശ്‌നമുണ്ടെന്ന് പറയുന്നതില്‍ ഞാൻ വിയോജിക്കുന്നു, കാരണം അത് മുന്‍ധാരണകളൊന്നും തിരുത്തിയിട്ടില്ല. ഞങ്ങളുടെ മുന്നിലെങ്കിലും. ഉണ്ണി ഒരു സുഹൃത്താണ്, അതിനാൽ അവർ സിനിമ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ മുതൽ, ആദ്യ പ്രഖ്യാപനം നടത്തിയതു തന്നെ സിനിമയിലെ അക്രമത്തെക്കുറിച്ചായിരുന്നുവെന്ന് എനിക്കറിയാം. നിങ്ങള്‍ ഇതുവരെ കാണാത്ത, ഒരിക്കലും കാണാത്ത അക്രമം എന്നു പറഞ്ഞാണവര്‍ തുടങ്ങിയത്. അടിസ്ഥാനപരമായി ഇത് അക്രമത്തിന് മുകളിലുള്ള വോയറിസമാണ്. സ്റ്റിറോയിഡുകളെക്കുറിച്ചുള്ള ഒരു സ്ലാഷർ ഫിലിം പോലെയാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. അത് മറ്റെന്തോ ആണെന്ന് അവർ നിങ്ങളെ ഒരിക്കലും കബളിപ്പിച്ചിട്ടില്ല. അത് ഏറ്റവും അക്രമാസക്തമായ സിനിമയാണെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു, എന്നിട്ട് നിങ്ങൾ അത് കാണുകയും അക്രമത്തെക്കുറിച്ച് പരാതിപ്പെടുകയും ചെയ്യുന്നു, അത് ശരിയാണോ...’’ എന്നായിരുന്നു പൃഥ്വിരാജ് ഈ അഭിപ്രായത്തിന് നല്‍കിയ മറുപടി.
മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രമായിരുന്നു ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’. സിനിമ റിലീസായ ശേഷം അതിലെ വയലന്‍സിലെ ചുറ്റിപ്പറ്റി ഒരുപാട് വിമര്‍ശനങ്ങള്‍ വന്നിരുന്നു. വയലന്‍സും ചോരക്കളിയും കൊണ്ട് സമ്പുഷ്ടമാണെങ്കിലും 18 വയസിന് മുകളിലുള്ള ഏതൊരു കുടുംബപ്രേക്ഷകര്‍ക്കും കാണാവുന്ന, ഏറെ രസിപ്പിക്കുന്ന ചിത്രമായാണ് സംവിധായകനും നിര്‍മ്മാതാവും മാര്‍ക്കോ ഒരുക്കിയിരിക്കുന്നതെന്നത് ആ സിനിമയിലെ വിജയം കൊണ്ട് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമ ഹിറ്റ് ചാര്‍ട്ടുകളില്‍ ഒന്നാമതായിരുന്നു.