-->
തൊടുപുഴ: ബിസിനസ് പങ്കാളിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരു രാത്രിക്കുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ സാധിച്ചത് പോലീസിന്റെ അന്വേഷണ മികവ്. വ്യാഴാഴ്ച പുലര്‍ച്ച ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയ ഉടന്‍ തന്നെ പോലീസ് വിവരമറിഞ്ഞിരുന്നു. ഉച്ചത്തിലുള്ള നിലവിളി കേട്ടെന്ന സമീപത്തെ വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍ നിന്നുള്ള പോലീസ് സംഘം അവിടെയെത്തി പരിശോധിക്കുകയും ചെയ്തു.
ഒരാളെ വാഹനത്തിലേക്ക് ബലമായി കയറ്റിയെന്ന് സംശയമുണ്ടെന്നും രണ്ട് കാലുകള്‍ വ്യക്തമായി കണ്ടുവെന്നുമായിരുന്നു പോലീസിന് ലഭിച്ച വിവരം. പക്ഷേ ആരെന്നോ എന്തെന്നോ വ്യക്തത കിട്ടിയില്ല. സംഭവത്തില്‍ വെള്ളിയാഴ്ചയാണ് ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ പരാതി ലഭിച്ചത്. പരാതി പ്രകാരം കോലാനിക്ക് സമീപം കരച്ചില്‍ കേട്ട പ്രദേശത്ത് പോലീസ് നടത്തിയ പരിശോധനയില്‍ മല്‍പ്പിടുത്തം നടന്നതായി വ്യക്തമായി. ബിജുവിന്റെ മുണ്ട് ഇവിടെ നിന്ന് ലഭിക്കുകയും ചെയ്തു.
മഞ്ജു നല്‍കിയ പരാതിയില്‍ ബിജുവിനോട് ശത്രുതയുള്ള രണ്ടുപേരെ സംശയമുണ്ടെന്നും അവരുടെ പേരും മൊബൈല്‍ നമ്പരും സൂചിപ്പിക്കുകയും ചെയ് തിരുന്നു. ഒരാള്‍ മുഖ്യപ്രതി ജോമോനും മറ്റൊരാള്‍ മുട്ടം സ്വദേശിയുമായിരുന്നു. പോലീസ് ഉടന്‍തന്നെ രണ്ടുപേരുടെ ഫോണ്‍ നമ്പറുകളും നിരീക്ഷണത്തിലാക്കി. ജോമോന്റെ രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. മുട്ടം സ്വദേശിയുടെ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മുട്ടം സ്വദേശിയല്ലെന്ന് ഏതാനും സമയത്തിനുള്ളില്‍ തന്നെ പോലീസ് ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ജോമോനെ അന്വേഷിച്ചിറങ്ങി.
ഇതിനായി വെള്ളിയാഴ്ച രാത്രി ഒമ്പതോടെ തൊടുപുഴ എസ്.ഐ എന്‍.എസ് റോയിയുടെ നേതൃത്വത്തില്‍ വെട്ടിമറ്റത്തെ ജോമോന്റെ വീടിന് സമീപത്ത് പരിശോധനയ്ക്ക് പോയി. ഈ സമയം അവിടെയെത്തിയ ജോമോന്റെ ബന്ധുവിനെ പോലീസ് ചോദ്യം ചെയ്തു. ഇയാള്‍ 25,000 രൂപ ഗൂഗിള്‍ പേ ചെയ്തുകൊടുത്തതായി കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പുതിയ ഫോണ്‍ വാങ്ങാന്‍ ജോമോന്‍ പറഞ്ഞിട്ടാണ് പണം അയച്ചതെന്നും വ്യക്തമായി. തുടര്‍ച്ചയായി ചോദ്യം ചെയ്തതിന് ഒടുവിലാണ് ബിജു കൊല്ലപ്പെട്ടതും ജോമോനും സംഘവും മുങ്ങിയതും ഇയാള്‍ പറഞ്ഞത്.
അതേസമയം, മൃതദേഹം എന്തു ചെയ്തുവെന്നത് സംബന്ധിച്ച് ബന്ധുവിനും വിവരം ഉണ്ടായിരുന്നില്ല. ജോമോന്‍ ആലുവയിലാണുള്ളതെന്ന് ഇയ്യാളില്‍ നിന്ന് വ്യക്തമായി. ആലുവയില്‍നിന്നും ട്രെയിന്‍ വഴി ജോമോന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാതിരിക്കാന്‍ എസ്.ഐ. എന്‍.എസ്. റോയിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘം രണ്ട് വാഹനങ്ങളിലായി ആലുവയിലേക്ക് തിരിച്ചു. ആലുവ റെയില്‍വേ സ്‌റ്റേഷന് സമീപം പരിശോധന നടത്തുന്നതിനിടെയാണ് റെയില്‍വേ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ദേവമാത കാറ്ററിങ്ങിന്റെ വാഹനം പോലീസുകാരില്‍ ഒരാള്‍ കണ്ടു.
അടുത്തുചെന്ന് പരിശോധിച്ചപ്പോള്‍ വാഹനത്തില്‍ ഒരാള്‍ ഉറങ്ങുന്നുമുണ്ടായിരുന്നു. ഉടന്‍ പൊലീസ് സംഘം വാഹനം വളഞ്ഞ് ഉറങ്ങുകയായിരുന്ന ജോമോനെ പിടികൂടി. കുറ്റം സമ്മതിച്ച ജോമോന്‍, ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ എറണാകുളം നെട്ടൂരിലുണ്ടെന്ന് പറഞ്ഞു. നെട്ടൂരിലെ ലോഡ്ജില്‍ നിന്നാണ് മുഹമ്മദ് അസ്ലം, ജോമിന്‍ കുര്യന്‍ എന്നിവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കാറ്ററിങ് സ്ഥാപനത്തിന്റെ ഗോഡൗണിന്റെ മാലിന്യക്കുഴിയില്‍ തള്ളി കോണ്‍ക്രീറ്റ് ചെയ്തത് സമ്മതിച്ചത്.
കേസിലെ രണ്ടാം പ്രതി ആഷിക് ജോണ്‍സണെ കലയന്താനിയില്‍ മൃതദേഹം ഒളിപ്പിച്ച ഗോഡൗണിന് മുന്നില്‍നിന്നുമാണ് വ്യാഴാഴ്ച രാവിലെ പിടികൂടിയത്. എറണാകുളം ജില്ലയിലെ കാപ്പാ കേസ് പ്രതിയായ ആഷിക്കിന്റെ ഫോണ്‍ ലൊക്കേഷന്‍ അവിടെ കണ്ടതിനാല്‍ എറണാകുളം പോലീസ് ആവശ്യപ്പെട്ട പ്രകാരമാണ് തൊടുപുഴ പോലീസ് ആഷിക്കിനെ പിടികൂടിയത്. ഈ സമയം ഗോഡൗണിനുള്ളില്‍ മറ്റ് പ്രതികള്‍ മൃതദേഹം ഒളിപ്പിച്ച മാന്‍ ഹോള്‍ അടയ്ക്കുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നു. ഗോഡൗണിന് പുറത്തെത്തിയപ്പോഴാണ് ആഷിക്ക് പോലീസ് പിടിയിലായെന്ന് മറ്റ് പ്രതികള്‍ അറിഞ്ഞത്. ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ആഷിക്കിനെ പോലീസ് പിടിച്ചതെന്ന് കരുതിയ ജോമോനും മറ്റ് പ്രതികളും ഉടന്‍ തന്നെ ഫോണുകള്‍ ഓഫ് ചെയ്ത് ആലുവയിലേക്ക് കടന്നു.
തൊടുപുഴ സ്‌റ്റേഷനിലെത്തി ആഷിക്കിനെ ഏതാനും സമയത്തിനുള്ളില്‍ എറണാകുളം പോലീസ് എത്തി കൊണ്ടുപോകുകയും ചെയ്തു. തൊടുപുഴ പോലീസോ എറണാകുളത്ത് നിന്നെത്തിയ പോലീസോ ബിജുവിന്റെ കൊലപാതകത്തെക്കുറിച്ച് അറിയാത്തതിനാല്‍ അക്കാര്യം ചോദിച്ചുമില്ല, ആഷിക്ക് പറഞ്ഞുമില്ല. ആഷിക്കിനെ കാപ്പാ കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബിജുവിനെ കാണാനില്ലെന്ന പരാതിയുണ്ടാകുന്നതും അന്വേഷണത്തില്‍ ജോമോന്‍, ജോമിന്‍, അസ്ലം എന്നിവര്‍ അറസ്റ്റിലാകുന്നതും. ഇവര്‍ പറഞ്ഞപ്പോഴാണ് കൊലക്കേസ് പ്രതിയായ ആഷിക്കിനെയായിരുന്നു തലേദിവസം തങ്ങള്‍ പിടികൂടി എറണാകുളം പോലീസിന് കൈമാറിയതെന്ന കാര്യം തൊടുപുഴ പോലീസിന് മനസിലായത്. നിലവില്‍ റിമാന്‍ഡിലായ ആഷിക്കിനെ എറണാകുളം കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനത്തിലാണ് തൊടുപുഴ പോലീസ്.