-->
ആലപ്പുഴ : അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന സിപിഐഎമ്മം മുതിര്‍ന്ന അംഗം ജി. സുധാകരന് പിന്തുണയുമായി സന്ദീപ് വാര്യര്‍ . വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകൾ രണ്ടു ധ്രുവങ്ങളിലായിരിക്കുമ്പോഴും, ചില മനുഷ്യരെ കാണുമ്പോൾ ആദരവോടെയല്ലാതെ നോക്കിനിൽക്കാനാവില്ല. അതിലൊരാളാണ് ജി. സുധാകരൻ. ആശയപരമായി ഇടക്ക് വേർതിരിക്കുന്ന വലിയ കടലുകൾ തന്നെയുണ്ടാകാം, പക്ഷേ കേരളത്തിന്റെ വികസന ഭൂപടത്തിൽ അദ്ദേഹം പതിപ്പിച്ച വിരലടയാളങ്ങളെ വിസ്മരിക്കാൻ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കേ സാധിക്കൂ.
സന്ദീപ് വാര്യരൂടെ ഫേസ്ബുക്ക് പോസ്റ്റിന്റെ് പൂര്‍ണരൂപം
അഴിമതി തൊട്ടുതീണ്ടാത്ത ഭരണാധികാരിഒരു മന്ത്രി എങ്ങനെയായിരിക്കണം എന്നതിന് സമീപകാല കേരളം കണ്ട ഏറ്റവും മികച്ച ഉദാഹരണമായിരുന്നു അദ്ദേഹം. ഫയലുകൾ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കാനുള്ളതല്ലെന്നും, വികസനം അഴിമതിയുടെ കറപുരളാത്തതാകണമെന്നും അദ്ദേഹം നിർബന്ധബുദ്ധിയോടെ നടപ്പിലാക്കി.കരിമ്പാറയുടെ കരുത്തുള്ള നിലപാടുകളുമായി പൊതുമരാമത്ത് വകുപ്പിനെ അദ്ദേഹം നയിച്ചപ്പോൾ, കേരളത്തിലെ റോഡുകൾക്ക് ഒരു പുതിയ മുഖം കൈവന്നു. വാക്കും പ്രവൃത്തിയും തമ്മിലുള്ള ദൂരം കുറച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.
ഇന്ന് സ്വന്തം പ്രസ്ഥാനത്തിനുള്ളിൽ അദ്ദേഹം നേരിടുന്ന നിശബ്ദമായ അവഗണനകൾ കാണുമ്പോൾ ജനാധിപത്യ വിശ്വാസികൾക്ക് വേദനയുണ്ട്. പ്രസ്ഥാനത്തെ തോളിലേറ്റിയവർ, വിയർപ്പൊഴുക്കി മണ്ണൊരുക്കിയവർ ഒടുവിൽ ചുവരിലെ ചിത്രങ്ങളായി മാറുന്നത് രാഷ്ട്രീയത്തിലെ ഒരു ക്രൂരമായ കാവ്യനീതിയാകാം.
കരുത്തുറ്റ ശബ്ദങ്ങളെ ഭയക്കുന്ന കാലത്ത്, സുധാകരനെപ്പോലെയുള്ള ഒരു ശുദ്ധനായ രാഷ്ട്രീയക്കാരൻ തിരസ്കരിക്കപ്പെടുന്നത് ആ പ്രസ്ഥാനത്തിന്റെ തന്നെ നഷ്ടമാണ്.
സ്നേഹപൂർവ്വം...
രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയും. എന്നാൽ പുകഴ്ത്തേണ്ടിടത്ത് പുകഴ്ത്താനും മടിയില്ല. കവിതയും രാഷ്ട്രീയവും ഭരണവും ഒരേപോലെ ഹൃദയത്തോട് ചേർത്തുവെച്ച ആ 'ജി'ക്ക് സ്നേഹാഭിവാദ്യം. അങ്ങ് പണിതുയർത്തുന്ന പാലങ്ങളെക്കാൾ ഉറപ്പുള്ളതാണ് അഴിമതിക്കെതിരെയുള്ള അങ്ങയുടെ നിലപാടുകൾ എന്ന് ചരിത്രം രേഖപ്പെടുത്തും.
അമ്പലപ്പുഴയില്‍ സിപിഐഎമ്മിന് വെല്ലുവിളി ഉയര്‍ത്തി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന്‍ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.