-->
തൊടുപുഴ: ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളിയ സംഭവത്തില്‍ മരണകാരണം തലയ്ക്കുള്ളിലേറ്റ ക്ഷതമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ചുങ്കം മുളയിങ്കല്‍ ബിജു ജോസഫി(50)ന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.
തലയ്‌ക്കേറ്റ ക്ഷതം കൈകൊണ്ടുള്ള മര്‍ദനമേറ്റുണ്ടായതാണ്. മൂന്ന് വാരിയെല്ലുകളും കഴുത്തും ഒടിഞ്ഞു. തട്ടിക്കൊണ്ടുപോയ വാഹനത്തിനുള്ളിലായിരുന്നു മര്‍ദനം. മൂക്കില്‍നിന്നു രക്തസ്രാവമുണ്ടായി. ബിസിനസില്‍ പ്രശ്‌നങ്ങളുണ്ടായതോടെ ബിജുവും പ്രതി ജോമോനും പങ്കാളിത്തം അവസാനിപ്പിച്ചിരുന്നു. പിരിഞ്ഞപ്പോള്‍ അര്‍ഹമായ വിഹിതം ലഭിച്ചില്ലെന്നായിരുന്നു ജോമോന്റെ പരാതി. ഒത്തുതീര്‍പ്പ് ധാരണ ബിജു പാലിച്ചില്ലെന്നതും ജോമോന്റെ ശത്രുതയ്ക്കിടയാക്കി. തുടര്‍ന്നാണ് ഡ്രൈവര്‍ ജോമിന്‍ വഴി ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ വീട്ടില്‍നിന്നു നടക്കാനിറങ്ങിയ ബിജുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വാഹനത്തില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയശേഷം രാവിലെ എട്ടരയോടെ മൃതദേഹം കലയന്താനിയില്‍ ജോമോന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിലെ മാന്‍ഹോളില്‍ ഒളിപ്പിച്ചു.
രണ്ടാംപ്രതിയും ക്വട്ടേഷന്‍ സംഘാംഗവുമായ ആഷിക് മറ്റൊരു കേസുമായി ബന്ധപ്പെട്ട് കലയന്താനിയില്‍ പിടിയിലായതോടെ മറ്റ് പ്രതികള്‍ എറണാകുളം, ആലുവ ഭാഗങ്ങളിലേക്കു പോയി. ബിജുവിനെ കാണാനില്ലെന്ന പരാതി അന്വേഷിക്കവേ ജോമോന്റെ ബന്ധുവില്‍നിന്നാണ് പോലീസിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടില്‍ ജോമോന്‍ ജോസഫ് (51) അറസ്റ്റിലായി. കാപ്പാ കേസ് പ്രതിയായി ജയിലിലുള്ള പറവൂര്‍ വടക്കേക്കര സ്വദേശി ആഷിക് ജോണ്‍സണാണ് രണ്ടാംപ്രതി.
ബിജു വധക്കേസില്‍ ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മറ്റ് പ്രതികളായ മുഹമ്മദ് അസ്‌ലമിനെയും ജോമിന്‍ കുര്യനെയും ഇന്നലെ വൈകിട്ട് റിമാന്‍ഡ് ചെയ്തു. പ്രതികളെ സംഭവസ്ഥലങ്ങളിലെത്തിച്ച് പോലീസ് തെളിവെടുത്തു. രാവിലെ പത്തോടെ ജോമിനെ കോലാനിക്കു സമീപമെത്തിച്ചു. ബിജുവിനെ പിന്തുടര്‍ന്ന സ്ഥലം മുതല്‍ വാഹനത്തിലേക്ക് കയറ്റിയ സ്ഥലംവരെ തെളിവെടുത്തു. ഇവിടെനിന്നു ബിജുവിന്റെ ചെരുപ്പ് കണ്ടെടുത്തു. പിന്നീട് ജോമിനെയും മുഹമ്മദ് അസ്‌ലമിനെയും കൂട്ടി കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലും തെളിവെടുപ്പ് നടത്തി. തൊടുപുഴ ഡിവൈ.എസ്.പി: ഇമ്മാനുവല്‍ പോളിന്റെയും എസ്.ഐ: എന്‍.എസ്. റോയിയുടെയും നേതൃത്വത്തിലാണ് അന്വേഷണം.