Wednesday, March 11, 2026 Last Updated 23 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 02.34 PM

‘‘കാറില്‍ 3 തവണ ഇടിച്ചത് മനഃപൂര്‍വ്വ​മോ; പിന്നില്‍ നിന്ന് കുത്തി സഹായിക്കേണ്ട; സെലിബ്രിറ്റി സ്റ്റാറ്റസ്സിന്റെ പിന്തുണ വേണ്ട...’’ എലിസബത്ത് ഉദയന്‍

uploads/news/2025/03/771308/Untitled-6.jpg
Dr Elizabeth udayan new facebook post (Image Source: Instagram)

അഭിനേതാവായ ബാലയെ വിവാഹം കഴിച്ചതോടെ ഡോ. എലിസബത്ത് ഉദയന്‍ എന്ന വ്യക്തിയെ സോഷ്യല്‍ മീഡിയയും ആരാധകരും അറിഞ്ഞു തുടങ്ങിയത്. ഗായിക അമൃത സുരേഷുമായി പിരിഞ്ഞ ശേഷം ബാല ലിവിംഗ് ടുഗെതറിലായത് ഡോ. എലിസബത്തുമായിട്ടാണ്. എന്നാല്‍ അധികം താമസിയാതെ ബാലയും എലിസബത്തും തമ്മില്‍ പിരിഞ്ഞു. അതിനു ശേഷം ബാല മാമന്റെ മകള്‍ കോകിലയെ വിവാഹം ചെയ്തു.
പിരിഞ്ഞ ആദ്യ നാളുകളില്‍ എലിസബത്തിനെക്കുറിച്ച് നല്ലതു മാത്രം പറഞ്ഞിരുന്ന ബാല പിന്നീട് എലിസബത്തിനെ കുറ്റപ്പെടുത്തി സംസാരിച്ചു തുടങ്ങി. അതോടെ എലിസബത്തും തന്റെ സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കിട്ടു. ശാരീരികമായും മാനസികമായും ബാലയില്‍ നിന്ന് അനുഭവിച്ച പീഡനങ്ങളാണ് എലിസബത്ത് തുറന്നു പറഞ്ഞത്. ഗുരുതരമായ ആരോപണങ്ങളാണ് എലിസബത്ത് ബാലയ്​ക്കെതിരെ പറഞ്ഞത്.
അതോടെ സോഷ്യല്‍ മീഡിയിലൂടെ നിരന്തരം ആരോപണം ഉന്നയിച്ചുകൊണ്ടിരുന്ന മുന്‍ ഭാര്യ എലിസബത്ത് ഉദയനെതിരെ ബാല പൊലീസില്‍ പരാതി നല്‍കി. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അപകീർത്തിപ്പെടുത്തുന്നുവെന്നാണ് പരാതി. ബാലയുടെ പരാതി പൊലീസിന് ലഭിച്ചതിന് പിന്നാലെ എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെക്കുന്നത് കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു ദിവസമായി എലിസബത്ത് ഉദയന്റെ ഭാഗത്ത് നിന്നും ഒരു അപ്ഡേറ്റും ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് വീഡിയോ ചെയ്യാതിരുന്നത് എന്നതുള്‍പ്പെടെ വ്യക്തമാക്കി കൊണ്ട് പുതിയ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് എലിസബത്ത്. വീഡിയോ ചെയ്യാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല താനെന്നാണ് എലിസബത്ത് പറയുന്നത്.
‘‘ഭയങ്കരാമായ വിഷമവും പേടിയുമായിരുന്നു. പല തരത്തിലുള്ള ഭീഷണികള്‍ വരുന്നുണ്ട്. ഞാന്‍ കാരണം മറ്റ് ചിലരുടെ ജീവന് വരെ ഭീഷണി ഉയരുന്ന സാഹചര്യം കണ്ടു. എന്നിട്ടും ഇവിടെ ആർക്കും ഒന്നും പ്രതികരിക്കാനില്ല. ഇപ്പോഴും ആളുകള്‍ ചോദിക്കുന്നത് ഞാന്‍ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ലെന്നാണ്. കേസ് കൊടുത്ത കുറച്ച്‌ ആളുകള്‍ ഉണ്ടല്ലോ? തോക്കുമായി ഭീഷണിപ്പെടുത്തിയ കേസൊക്കെയുണ്ട്. അവർക്കൊക്കെ മോശമായ റസ്പോണ്‍സാണ് കിട്ടുന്നത്. അതിനൊന്നും ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല.
ഇനി പറയാന്‍ പോകുന്ന കാര്യത്തിന് ഈ വിഷയവുമായി ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല. ഇന്ന് ഞങ്ങള്‍ യാത്ര ചെയ്യുമ്ബോള്‍ മറ്റൊരു വാഹനം ഞങ്ങളുടെ കാറില്‍ വന്ന് ഇടിച്ചു. ഒരു തവണയാണ് ഇടിക്കുന്നതെങ്കില്‍ അറിയാതെ ഇടിച്ചെന്ന് കരുതാം. എന്നാല്‍ വീണ്ടും വീണ്ടും ഇടിച്ചു. ആകെ മൂന്ന് തവണയാണ് ഇടിച്ചത്. ഇടിച്ചത് വളരെ അടുത്ത് നിന്ന് ആയതിനാലും, ആ വണ്ടിയുടെ ബംബർ ടയറിന് മുകളിലാണ് ഇടിച്ചത് എന്നതിനാലും വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല.
ഒന്നുകില്‍ അയാള്‍ തീരെ ബോധം ഇല്ലാതെയാണ് വണ്ടി ഓടിക്കുന്നത്. അല്ലെങ്കില്‍ അതിനെ ഒരു ഭീഷണിയായിട്ട് തന്നെയായിട്ടാണ് ഞാന്‍ കരുതുന്നത്. ആദ്യത്തെ തവണയാണ് ഇടിക്കുന്നതെങ്കില്‍ ശ്രദ്ധക്കുറവുകൊണ്ട് പറ്റിയതാണെന്ന് കരുതാം. എന്നാല്‍ ഇത് മൂന്ന് തവണയാണ് ഇടിച്ചത്. എന്താണ് അതെന്നുള്ളത് വ്യക്തംഅല്ല. ഇതിന് ഇടയില്‍ നടന്ന കാര്യം കൂടെ പറഞ്ഞുവെന്നേയുള്ളു.
എനിക്ക് നീതി കിട്ടും എന്ന ഉറപ്പില്‍ ഇടുന്ന വീഡിയോ ഒന്നും അല്ല ഇത്. ഞാന്‍ ചത്താലും എനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളും ചെയ്തതും ചെയ്യാന്‍ പദ്ധതിയിട്ടതുമായ കാര്യങ്ങളും എല്ലാവരും അറിയണം എന്നുള്ളതു കൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നത്. എനിക്ക് നീതി കിട്ടിയില്ലെങ്കിലും ഇനിയും ആളുകള്‍, അത് ആണുങ്ങളായാലും പെണ്ണുങ്ങളായാലും ഉണ്ടാകരുത്. സിനിമ ചാന്‍സ് ചോദിച്ച്‌ വരുന്നവരെ കാലുതിരുമ്മിക്കുന്ന പരിപാടിയും ഇനി പാടില്ല...’’ എലിസബത്ത് ഉദയന്‍ പറയുന്നു.

ബാലയ്ക്കെതിരെ മുൻഭാര്യ അമൃത സുരേഷ് വ്യാജരേഖ ചമയ്ക്കല്‍ കേസ് നല്‍കിയതിന് പിന്നാലെയാണ് ആരോപണങ്ങളുമായി എലിസബത്ത് രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ എലിസബത്തിനെ എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടിയുമായി അമൃതയുടെ സഹോദരി അഭിരാമി സുരേഷ് നേരത്തെ രംഗത്തെത്തി.
തങ്ങള്‍ എലിസബത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ചില വ്യക്തികളുടെ ഇടപെടല്‍ മൂലം അത് നടന്നില്ലെന്നുമായിരുന്നു അഭിരാമിയുടെ പ്രതികരണം. രണ്ടുവർഷം മാത്രം കൂടെ ജീവിച്ച എലിസബത്തിന് ഇത്രയേറെ അനുഭവിക്കേണ്ടി വന്നെങ്കില്‍, 14 വർഷം തന്റെ സഹോദരി എത്ര അനുഭവിച്ചിട്ടുണ്ടാകുമെന്നും അവർ ചോദിച്ചിരുന്നു.
ഇപ്പോഴിതാ ഇതിന് പരോക്ഷ മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് എലിസബത്ത് ഉദയൻ. അമൃതയുടേയോ അഭിരാമിയുടേയോ പേര് പറയാതെയാണ് എലിസബത്തിന്റെ പ്രതികരണം.
‘‘14 വർഷം ഞങ്ങള്‍ അനുഭവിച്ചതാണ്, അവർ രണ്ടുവർഷമേ അനുഭവിച്ചിട്ടേയുള്ളൂ എന്ന് ചിലർ പറയുന്നത് കണ്ടു. രണ്ടുവർഷം അനുഭവിക്കുമ്പോഴേക്കും ഇവർക്ക് ഇത്രയും പിന്തുണയുണ്ട്, 14 വർഷം ഞങ്ങള്‍ അനുഭവിച്ചപ്പോള്‍ ആരും സപ്പോർട്ട് ചെയ്തില്ല എന്ന്. എനിക്കിതില്‍ സപ്പോർട്ട് വേണമെന്നോ വേണ്ടെന്നോ ഒന്നുമില്ല. ഞാൻ അനുഭവിച്ച കാര്യങ്ങള്‍ ആളുകള്‍ അറിയണം, വേറെ ആരും ഇതില്‍ പെടരുത്. ഞാൻ ആദ്യംതന്നെ കേസുമായി പോയിരുന്നെങ്കില്‍ ഇതൊന്നും പറയാൻ പറ്റിയെന്ന് വരില്ലായിരുന്നു.
സംശയമുള്ള ആളുകളൊന്നും പിന്തുണയ്ക്കണ്ട. ഞാൻ എന്റെ കാര്യങ്ങളുമായി മുന്നോട്ടുപോവും. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് വ്യക്തതയുണ്ട്. കുറച്ച്‌ ഡിപ്രഷൻ ഉണ്ട്, അതിന് മരുന്ന് കഴിക്കുന്നുണ്ട്. ഇടയ്ക്ക് ഡൗണ്‍ ആയി പോയിട്ടുണ്ട്. അതിന്റേതായ വിഷമങ്ങളുണ്ട്. അല്ലാതെ വേറെ പ്രശ്നമൊന്നുമില്ല.
എന്റെ കരിയറിനേയും കുടുംബത്തേയും മുന്നോട്ടുള്ള ജീവിതത്തേയും നാണംകെടുത്തിയിട്ടുള്ള പരിപാടികള്‍ വേറെ നടക്കുന്നുണ്ട്. മിണ്ടാതിരുന്നാല്‍ ഇത്രയൊക്കെ നടക്കാതെ പോവും. ഇപ്പോള്‍ എന്റെ ജീവിത്തിന് അടക്കം ഭീഷണിയുണ്ട്. കുടുംബത്തിലെ ആളുകള്‍ക്കടക്കം ഭീഷണിയുണ്ട്. എന്നിട്ടും തുറന്നുപറയുന്നത്, ആളുകള്‍ ഇതുപോലെയുള്ള സാഹചര്യത്തിലൂടെ കടന്നുപോകരുത് എന്ന് കരുതിയാണ്.
ഇത്രകാലവും ആരോടും ഒന്നും മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ എന്നെ കുറ്റം പറയാൻ വന്നിരിക്കുന്നു. എന്നിട്ട് താരതമ്യപ്പെടുത്തുന്നു. ന്യായവും നീതിയും പറത്തുവരുമ്പോള്‍, ഒരു ഇരയ്ക്ക് മറ്റൊരു ഇരയെ കാണുമ്പോള്‍ സന്തോഷമാണ് വരേണ്ടത്.
നവംബറില്‍ കുറച്ചാളുകള്‍ എന്നെ വിളിക്കുന്നു. ഇതിനെതിരെ കേസുകൊടുക്കണം എന്ന് പറയുന്നു. ഞാൻ ഡിപ്രഷന്റെ പ്രശ്നത്തില്‍ ഇരിക്കുമ്പോഴാണ്...ഐസിയുവില്‍ കിടക്കുമ്പോഴും തുടർച്ചയായി ഫോണ്‍ചെയ്തുകൊണ്ടിരിക്കുന്നു. കൂടെ നില്‍ക്കാൻ ഒരാള്‍ പോലുമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഇവർ വിളിയോട് വിളി. കേസ് കൊടുക്കൂ എന്ന് പറഞ്ഞു. എനിക്ക് പേടിയാണെന്ന് ഞാൻ മറുപടി പറഞ്ഞു. ഈ സമ്മർദം കൂടെ എനിക്ക് താങ്ങാൻ വയ്യെന്ന് പറഞ്ഞു. അവരുടെ കരച്ചില്‍ കണ്ട് ഞാൻ എന്റെ ജീവിതത്തില്‍ അനുഭവിച്ച കാര്യങ്ങള്‍ ഞാൻ അവരോട് പങ്കുവെച്ചിരുന്നു. ഇതൊന്നും റെക്കോർഡ് ചെയ്യരുത്, ആരുമായും ഷെയർ ചെയ്യാൻ ഇഷ്ടമില്ലെന്ന് ഞാൻ പറഞ്ഞു. എനിക്ക് പേടിയായിരുന്നു.
പലകാര്യങ്ങളും പറയാൻ പേടിയായിരുന്നു, ആളുകള്‍ അറിയുന്നതില്‍ എനിക്ക് നാണക്കേട് ഉണ്ടായിരുന്നു. ഞാൻ ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെ, ഞാൻ കേസ് കൊടുക്കില്ല എന്ന് അറിഞ്ഞ അവർ മീഡിയ വഴി എല്ലാം പറഞ്ഞു. ഓഡിയോ റെക്കോർഡ് മെസഞ്ചർ വഴി അയച്ചുകൊടുക്കാമെന്നും അവർ പറഞ്ഞു. ഇവരെയൊക്കെയാണോ ഞാൻ വിശ്വസിക്കേണ്ടത്? വയ്യാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പിന്നില്‍നിന്ന് കുത്തിയവരെയാണോ ഞാൻ വിശ്വസിക്കേണ്ടത്? ഫോണ്‍ റെക്കോർഡ് ചെയ്യരുത് എന്ന് പറഞ്ഞപ്പോള്‍, ഞാൻ പ്രമുഖ നടനൊന്നുമല്ല, ഫോണ്‍ റെക്കോർഡ് ചെയ്യാൻ നല്ല ആളുകളാണെന്നായിരുന്നു മറുപടി. എന്നിട്ടാണ് ഞാൻ കേസുകൊടുക്കില്ല എന്ന് അറിഞ്ഞിട്ട് പിറ്റേന്ന് ഞാൻ അനുഭവിച്ച കാര്യങ്ങളൊക്കെ മാധ്യമങ്ങളിലൂടെ വൃത്തികെട്ട രീതിയില്‍ പറഞ്ഞത്.
ഇതില്‍ ഞാൻ ആരെയാണ് കുറ്റക്കാരായി കാണേണ്ടത്? എനിക്ക് ഇവർ രണ്ടുപേരും തമ്മില്‍ വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. എനിക്ക് ഒരു സ്വാധീനവുമില്ല. ഞാൻ ഒറ്റയ്ക്കാണ് പോരാടുന്നത്. അതിന് സപ്പോർട്ട് ചെയ്ത് കുറേ നാട്ടുകാരുണ്ട്. ആത്മാർഥമായി കരുതല്‍ കാണിക്കുന്ന കുറേ ആളുകളുണ്ട്. എനിക്ക് ഇത്രയും ആളുകള്‍ മതി. എനിക്ക് കാശിന്റേയോ സെലിബ്രിറ്റി സ്റ്റാറ്റസിന്റേയോ പിന്തുണയൊന്നും വേണ്ട. സപ്പോർട്ട് ചെയ്യേണ്ടവരായിരുന്നെങ്കില്‍ എപ്പോഴേ ചെയ്യേണ്ടതായിരുന്നു.
സഹായിക്കാൻ പോയി, സഹായം സ്വീകരിച്ചില്ല എന്ന് പറയുന്നു. പിന്നില്‍നിന്ന് കുത്തിയിട്ടാണോ സഹായിക്കുന്നേ? അതൊക്കെ ഏറ്റുപിടിച്ച്‌ കുറേ ആളുകള്‍ എന്നോട് ചോദിക്കുന്നു, എന്താണ് അവരുടെ കൂടെപ്പോയി കേസ് കൊടുക്കാത്തതെന്ന്. കുറച്ചുകഴിഞ്ഞാല്‍ ഇവർതന്നെ പിന്നില്‍നിന്ന് കുത്തുമെന്ന് ആർക്കാണ് അറിയാത്തത്? ഞാൻ ഒരു പ്രാവശ്യം ഇത് അനുഭവിച്ചതാണ്.
ഞാൻ എനിക്ക് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്യും. എനിക്ക് ചാവാനും പേടിയില്ല, പോലീസ് സ്റ്റേഷനില്‍ കിടക്കാനും പേടിയില്ല. വിശ്വസിക്കുന്നവർ വിശ്വസിവിശ്വസിച്ചാല്‍ മതി, പിന്തുണയ്ക്കുന്നവർ പിന്തുണച്ചാല്‍ മതി. എന്റെ കാര്യം പറഞ്ഞ് ഒരാളും പേടിച്ചിട്ട് ഒന്നും ചെയ്യേണ്ട കാര്യമില്ല. സപ്പോർട്ട് ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ വലിയ സമാധാനം. ഉപദ്രവിക്കണമെങ്കില്‍ ഇനിയും ഉപദ്രവിച്ചോളൂ, പക്ഷേ സപ്പോർട്ട് ചെയ്യുകയാണെന്ന രീതിയില്‍ ഉപദ്രവിക്കുന്നത് നിർത്തിയാല്‍ കുറച്ച്‌ സമാധാനമുണ്ട്....’’ എലിസബത്ത് പറയുന്നു.

Ads by Google
Saturday 22 Mar 2025 02.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW