-->
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് XUV 9E ഇലക്ട്രിക് എസ്യുവിയുടെ വില്‍പ്പന ആരംഭിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ആദ്യം ഉയര്‍ന്ന പായ്ക്ക് ത്രീ 79 kWh പതിപ്പുകള്‍ വിതരണം ചെയ്യുമെന്നും പിന്നീടായിരിക്കും ലോവര്‍ വേരിയന്റുകളുടെ ഡെലിവറി ആരംഭിക്കുകയെന്നും മഹീന്ദ്ര അറിയിച്ചിരുന്നു. 21.90 ലക്ഷം രൂപ മുതല്‍ 30.50 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV 9E ഇലക്ട്രിക് എസ്യുവിയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.
ഇവിയുടെ ലോവര്‍ വേരിയന്റുകള്‍ക്ക് 59 kWh ബാറ്ററി പായ്ക്ക് ലഭിക്കുമ്പോള്‍ ടോപ്പ് വേരിയന്റുകള്‍ 79 kWh ബാറ്ററി പായ്‌ക്കോടെയാണ് വിപണിയിലെത്തുന്നത്. ചെറിയ ബാറ്ററി പതിപ്പ് 228 bhp പവറില്‍ പരമാവധി 380 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇത് സിംഗിള്‍ ചാര്‍ജില്‍ 542 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത് വലിയ 79 kWh വേരിയന്റ് 282 Bhp കരുത്തില്‍ 380 Nm ടോര്‍ക്ക് വരെ നിര്‍മിക്കാന്‍ പാകമാണ്. ഈ മോഡലുകള്‍ പൂര്‍ണ ചാര്‍ജില്‍ 656 കിലോമീറ്റര്‍ റേഞ്ച് വരെ സമ്മാനിക്കും. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള മഹീന്ദ്രയുടെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് എസ്യുവിയാണിത്. ഡിസൈനിലേക്ക് വന്നാല്‍ XUV 9E ഇവിയുടെ മുന്‍വശം മസ്‌ക്കുലാര്‍ ആയതും എന്നാല്‍ പ്രീമിയം ലുക്കിലുമാണ് കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്. കണ്‍സെപ്റ്റ് പതിപ്പില്‍ കണ്ട മിക്ക ഡിസൈന്‍ ഘടകങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞു.
ഇവികള്‍ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത മഹീന്ദ്രയുടെ പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് XUV 9E ഇവി പണികഴിപ്പിച്ചിരിക്കുന്നത്. കണക്റ്റിംഗ് എല്‍ഇഡി ബാറുള്ള ഡ്രോപ്പ്-ഡൗണ്‍ എല്‍ഇഡി ഡിആര്‍എല്ലുകളാണ് ഫ്രണ്ട് ഫാസിയയിലെ മറ്റൊരു ഹൈലൈറ്റ്. മിക്ക ആധുനിക മഹീന്ദ്ര വാഹനങ്ങളെയും പോലെ XUV 9E ഇവിയും ഫീച്ചറുകളാല്‍ സമ്പന്നമായ മോഡലാണെന്ന് കാഴ്ച്ചയില്‍ തന്നെ മനസിലാക്കാനാവും. ഇന്റീരിയറിലേക്ക് കയറിയാല്‍ ഡാഷ്ബോര്‍ഡില്‍ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകള്‍ പോലുള്ള പ്രീമിയം സവിശേഷതകള്‍ ഇലക്ട്രിക് എസ്യുവിക്ക് ലഭിക്കുന്നുണ്ട്.
ഇതിനെ മഹീന്ദ്ര സിനിമാസ്‌കോപ്പ് കോക്ക്പിറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ റിയര്‍സീറ്റ് യാത്രക്കാര്‍ക്ക് യാത്രകള്‍ കൂടുതല്‍ ആനന്ദകരമാക്കാന്‍ രണ്ട് അധിക സ്‌ക്രീനുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. വിഷന്‍എക്‌സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8295 പ്രോസസര്‍, 24 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിലെ മറ്റ് സവിശേഷതകള്‍. 7 എയര്‍ബാഗുകള്‍, ലെവല്‍ 2+ ADAS, 360-ഡിഗ്രി ക്യാമറ, സീറ്റ് വെന്റിലേഷനോടുകൂടിയ ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഡൈനാമിക് ലൈറ്റുകളുള്ള ഇന്‍ഫിനിറ്റി ഗ്ലാസ് റൂഫ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സംഗതികളും മഹീന്ദ്ര XUV 9E ഇലക്ട്രിക് എസ്യുവിയുടെ അകത്തളത്തിലെ അടിപൊളിയാക്കുന്നുണ്ട്.