-->
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഹീറോ എക്സ്പള്‍സ് 210 പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനി. താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 10,000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാന്‍ കഴിയും. എന്നാല്‍ നിലവിലുള്ള എക്സ്പള്‍സ് 200 ഉടമകള്‍ക്ക് 7,000 രൂപ മാത്രം നല്‍കിയാല്‍ മതിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ മുടക്കുന്ന തുക റീഫണ്ടബിള്‍ ആയിരിക്കുമെന്നും ഹീറോ മോട്ടോകോര്‍പ് അറിയിച്ചിട്ടുണ്ട്.
ബേസ്, ടോപ്പ് എന്നീ രണ്ട് വേരിയന്റുകളിലാണ് എക്സ്പള്‍സ് 210 തെരഞ്ഞെടുക്കാനാവും. ഇവയ്ക്ക് യഥാക്രമം 1.76 ലക്ഷം രൂപയും 1.86 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി ഹീറോ നിശ്ചയിച്ചിരിക്കുന്നത്. എക്‌സ്പള്‍സ് 200 4V പതിപ്പിനേക്കാള്‍ ഏകദേശം 24,000 രൂപ കൂടുതലാണ് പുതിയ എക്‌സ്പള്‍സിന്. മുന്‍ഗാമിയുമായി യാതൊരുവിധ സാമ്യവുമില്ലാതെയാണ് പുതിയ അഡ്വഞ്ചര്‍ ബൈക്കിന് കമ്പനി രൂപം കൊടുത്തിരിക്കുന്നത്. ഹെഡ്ലാമ്പ്, ഫ്രണ്ട് ഫെന്‍ഡര്‍, ഇന്ധന ടാങ്ക്, റേഡിയേറ്റര്‍ കൗള്‍, ടെയില്‍ സെക്ഷന്‍ എന്നിവയുള്‍പ്പെടെ ബോഡി പാനലുകള്‍ എല്ലാം അടിപൊളിയായി വന്നിട്ടുണ്ട്. മികച്ച ഡ്യുവല്‍-സ്പോര്‍ട് ബൈക്ക് പോലെയാണ് എക്സ്പള്‍സ് ഇപ്പോള്‍ കാണപ്പെടുന്നത്.
ടോപ്പ് വേരിയന്റിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.2 ഇഞ്ച് TFT സ്‌ക്രീന്‍, ഡ്യുവല്‍-ചാനല്‍ ABS, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, നക്കിള്‍ ഗാര്‍ഡുകള്‍, പിന്‍ ലഗേജ് റാക്ക് എന്നിവയെല്ലാം ഹീറോ ഒരുക്കിവെച്ചിട്ടുണ്ട്. അതേസമയം ബേസ് ട്രിമ്മില്‍ എല്‍സിഡി കണ്‍സോള്‍, ചെറിയ ഫ്‌ലൈസ്‌ക്രീന്‍, സിംഗിള്‍-ചാനല്‍ ABS എന്നിവയുമായാണ് വരുന്നത്. കൂടാതെ നക്കിള്‍ ഗാര്‍ഡുകളും ലഗേജ് റാക്കും ഇതില്‍ നിന്നും കമ്പനി ഒഴിവാക്കിയിട്ടുണ്ട്. കരിസ്മ XMR സ്‌പോര്‍ട്‌സ് ബൈക്കിന്റെ അടിസ്ഥാനമാക്കിയുള്ള 210 സിസി, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഹീറോയുടെ പുതിയ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. എന്നിരുന്നാലും റിയര്‍ സ്പ്രോക്കറ്റിന് നാല് ടീത്തുകള്‍ കൂടി, വ്യത്യസ്ത കൂളിംഗ്, ഇന്‍ടേക്ക്, എക്സ്ഹോസ്റ്റ് സിസ്റ്റം, വ്യത്യസ്തമായ മാപ്പിംഗ് എന്നിവയുള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ എഞ്ചിനില്‍ കാണാം.
എക്‌സ്പള്‍സില്‍ ഈ എഞ്ചിന്‍ 24.2 bhp പവറില്‍ പരമാവധി 20.7 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. 21-18 ഇഞ്ച് സ്പോക്ക് വീല്‍ കോമ്പിനേഷനില്‍ വിപണിയിലെത്തുന്ന എക്‌സ്പള്‍സ് 200 4V പതിപ്പിനെക്കാള്‍ കൂടുതല്‍ സസ്പെന്‍ഷന്‍ ട്രാവലും ഗ്രൗണ്ട് ക്ലിയറന്‍സും ഇത് വാഗ്ദാനം ചെയ്യുന്നുമുണ്ട്. 168 കിലോഗ്രാം ഭാരമാണ് മൊത്തത്തിലുള്ളത്.