-->
മലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ടോവിനോ തോമസ്. സഹനായക വേഷങ്ങളില്‍ തുടങ്ങി ചുള്ളന്‍ നായകനായി പ്രേക്ഷകഹൃദയം കീഴടക്കിയ താരം സീരിയസ്സ് വേഷങ്ങളും വില്ലന്‍ കഥാപാത്രങ്ങളുമടക്കം അവതരിപ്പിച്ച് തന്റെ സ്ഥാനം മലയാളത്തില്‍ അരക്കിട്ടുറപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സർപ്പ ആപ്പ് ബ്രാൻഡ് അംബാസിഡറായി മാറിയിരിക്കുകയാണ് ടോവിനോ. ആപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ടോവിനോ തോമസ് ബ്രാൻഡ് അംബാസിഡറായി എത്തുന്നത്. പാമ്പ് കടിയേറ്റുള്ള മരണം തടയാനായി വനം വകുപ്പ് ആവിഷ്കരിച്ച ആപ്പാണ് സർപ്പ ആപ്പ്. ബ്രാൻഡ് അംബാസിഡറായി പങ്കു ചേർന്ന ടോവിനോയ്ക്ക് മുഖ്യമന്ത്രി നന്ദിയും കുറിച്ചിട്ടുണ്ട്.
‘‘നിങ്ങള്‍ക്ക് പാമ്പുകളെ പേടിയാണോ. എനിക്കും അങ്ങനെയായിരുന്നു. പക്ഷേ കേരളത്തില്‍ കഴിഞ്ഞ നാല് വർഷത്തിനിടയ്ക്ക് പാമ്പ് കടിയേറ്റുള്ള മരണം നാലിലൊന്നായി കുറഞ്ഞിരിക്കുന്നു. അതിനൊരു കാരണവുമുണ്ട്. കേരളത്തില്‍ വനം വകുപ്പിന്റെ വിദഗ്ധ പരിശീലനം നേടിയ 3000 ത്തോളം പേരുണ്ട്.
അവർ സുരക്ഷിതമായി പാമ്പുകളെ പിടികൂടി നീക്കം ചെയ്യും. രക്ഷാപ്രവർത്തനത്തിനായി നിങ്ങള്‍ക്ക് ഇവരെ സമീപിക്കാം. വനം വകുപ്പിന്റെ സർപ്പ ആപ്പിലൂടെ നിങ്ങള്‍ക്ക് ഇവരുടെ സേവനം ഏത് സമയവും ഉപയോഗപ്പെടുത്താം. ഇനി പാമ്പ് എന്ന പേടി വേണ്ട. സർപ്പ ഉണ്ടല്ലോ...’’ സര്‍പ്പ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെന്നുള്‍പ്പടെ ടൊവിനോ വിഡിയോയില്‍ പറഞ്ഞു.
‘‘പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പ് പ്രവര്‍ത്തനമാരംഭിച്ച് നാലു വർഷങ്ങൾ കഴിഞ്ഞു. ഈ കാലയളവിനുള്ളിൽ പാമ്പുകടി കാരണമുള്ള മരണങ്ങൾ നാലിൽ ഒന്നായി കുറക്കാൻ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്. സർപ്പ ആപ്പിൻ്റെ പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ പ്രചാരം നൽകാനുമുള്ള ശ്രമത്തിലാണ് സർക്കാർ. ഈ ഉദ്യമത്തിൽ സർപ്പയുടെ ബ്രാന്റ് അംബാസഡറായി പങ്കു ചേർന്ന ടോവിനോ തോമസിന് നന്ദി. സർപ്പയ്ക്ക് കൂടുതൽ പ്രചാരം നൽകാനും പാമ്പുകടിയിൽ നിന്നും ജനങ്ങളെ സുരക്ഷിതരക്കാനും ഈ ക്യാമ്പെയ്നിൽ ഏവരും പങ്കു ചേരുക. ഒരുമിച്ച് ഈ പദ്ധതിയെ കൂടുതൽ മികവിലേയ്ക്ക് നയിക്കാം...’’ എന്നാണ് ടോവിനോയെ ടാഗ് ചെയ്ത് മുഖ്യമന്ത്രി കുറിച്ചിരിക്കുന്നത്.
‘സർപ്പ’യ്ക്ക് കൂടുതല്‍ പ്രചാരം നല്‍കാൻ ക്യാമ്പയിനില്‍ പങ്കാളികള്‍ ആവണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. സർപ്പ ആപ്പിന്റെ ഭാഗമായി ടൊവിനോ തോമസ് പങ്കാളിയായ പ്രചാരണ വിഡിയോ പങ്കുവെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.