-->
പിക്‌സല്‍ 9a (Google Pixel 9a) മോഡല്‍ ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നു. ഇന്ത്യയിലും ആഗോളതലത്തിലും പിക്‌സല്‍ 9എ ലോഞ്ച് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ ടെന്‍സര്‍ G4 ചിപ്‌സെറ്റ് കരുത്തിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. ഏപ്രിലില്‍ ആണ് ഇതിന്റെ വില്‍പ്പന ആരംഭിക്കുക. ഉപയോക്താക്കള്‍ക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഈ ഫോണ്‍ വാങ്ങാനാകും. ആഗോളതലത്തില്‍ പിക്‌സല്‍ 9a യുടെ 128GB വേരിയന്റിന് 499 USD (ഏകദേശം 43,080 രൂപ), 256GB വേരിയന്റിന് 599 USD (ഏകദേശം 51,715 രൂപ) എന്നിങ്ങനെയാണ് വില.
ഇന്ത്യയില്‍ പിക്‌സല്‍ 9എയുടെ 256GB വേരിയന്റ് 49,999 രൂപ വിലയില്‍ വില്‍പ്പനയ്ക്ക് എത്തും. ലോഞ്ച് ഓഫറിന്റെ ഭാഗമായി, HDFC ബാങ്ക്, IDFC ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത ബാങ്കിംഗ്, ഫിനാന്‍സിംഗ് പാര്‍ട്‌നര്‍മാരില്‍ നിന്ന് 3,000 രൂപയുടെ പരിമിതമായ കാലയളവിലേക്കുള്ള ക്യാഷ്ബാക്ക് ഓഫറും 24 മാസത്തെ നോ-കോസ്റ്റ് EMIയും ഉണ്ടായിരിക്കും. 6.3 ഇഞ്ച് (1080 x 2424 പിക്‌സലുകള്‍) FHD+ OLED HDR ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2700 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ടൈറ്റാന്‍ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിള്‍ ടെന്‍സര്‍ G4 പ്രൊസസര്‍ ആണ് പിക്‌സല്‍ 9എയുടെ കരുത്ത്. 8GB LPDDR5X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവ ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയില്‍ 256ജിബി വേരിയന്റ് മാത്രമാണ് ലഭ്യമാകുക എന്ന് സൂചനയുണ്ട്.
ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് പിക്‌സല്‍ 9എയില്‍ ഒരുക്കിയിരിക്കുന്നത്. അതില്‍ 1/1.95' സാംസങ് GN8 സെന്‍സറുള്ള 48MP മെയിന്‍ ക്യാമറ (f/1.7 അപ്പേര്‍ച്ചര്‍, OIS), സോണി IMX712 സെന്‍സറുള്ള 13MP 120° അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍, PDAF, 4K വരെ 60fps വീഡിയോ റെക്കോര്‍ഡിംഗ്), LED ഫ്‌ലാഷ് എന്നിവ അടങ്ങുന്നു. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി പിക്‌സല്‍ 9എയുടെ ഫ്രണ്ടില്‍ സോണി IMX712 സെന്‍സറുള്ള 13MP ക്യാമറയും നല്‍കിയിട്ടുണ്ട്. ഇത് 96.5° അള്‍ട്രാ-വൈഡ് ലെന്‍സ്, f/2.2 അപ്പര്‍ച്ചര്‍, 4K 30fps വരെ വീഡിയോ റെക്കോര്‍ഡിംഗ് ഫീച്ചറുകള്‍ സഹിതം എത്തുന്നു. ആഡ് മി, ബെസ്റ്റ് ടേക്ക്, മാജിക് എഡിറ്റര്‍ തുടങ്ങിയ സവിശേഷതകളും മാജിക് ഇറേസര്‍, ഓഡിയോ മാജിക് ഇറേസര്‍, നൈറ്റ് സൈറ്റ്, ആസ്‌ട്രോഫോട്ടോഗ്രഫി, നൈറ്റ് സൈറ്റ് ഉള്ള പുതിയ പനോരമ എന്നിവയും 9എയിലുണ്ട്.
ആന്‍ഡ്രോയിഡ് 15 ല്‍ ആണ് പിക്‌സല്‍ 9എയുടെ പ്രവര്‍ത്തനം. ഏഴ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ആന്‍ഡ്രോയിഡ് OS അപ്ഗ്രേഡുകളും ഇതിന് ലഭിക്കും. ഡ്യുവല്‍ സിം (നാനോ + eSIM), ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IP68 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, 2 മൈക്രോഫോണുകള്‍ എന്നിവ ഇതിലുണ്ട്. 5G SA/NA, 4G VoLTE, Wi-Fi 6E 802.11ax (2.4/5 GHz), Bluetooth 6, GPS, GLONASS, Galileo, QZSS, BeiDou, NavIC, യുഎസ്ബി ?ടൈപ്പ് C, 23W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങും 7.5W വയര്‍ലെസ് ചാര്‍ജിങ്ങും പിന്തുണയ്ക്കുന്ന 5100mAh ബാറ്ററി എന്നിവയാണ് പിക്‌സല്‍ 9എയുടെ മറ്റ് പ്രധാന ഫീച്ചറുകള്‍.