-->
കാര്‍ എന്ന ഇന്ത്യക്കാരുടെ സങ്കല്‍പ്പത്തെ തന്നെ പൊളിച്ചെഴുതുന്നതായിരുന്നു എംജി കോമെറ്റിന്റെ വരവ്. എംജി കോമെറ്റ് ഇവിയുടെ 2025 മോഡലുമായി വിപണിയിലെത്തിയിരിക്കുകയാണ് കമ്പനി. മുമ്പില്ലാതിരുന്ന ചില ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്താണ് ഇലക്ട്രിക് കോംപാക്ട് കാറിനെ ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. റിയര്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ ഫോള്‍ഡിംഗ് ഔട്ട്സൈഡ് റിയര്‍വ്യൂ മിററുകള്‍, ലെതറെറ്റ് സീറ്റുകള്‍, 4-സ്പീക്കര്‍ ഓഡിയോ സിസ്റ്റം എന്നിവയെല്ലാമാണ് വാഹനത്തില്‍ പുതുതായി കുത്തിനിറച്ചിരിക്കുന്നത്.
ഇതോടൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയും എംജി ചേര്‍ത്തിട്ടുണ്ട്. ക്രീപ്പ് മോഡും കുഞ്ഞന്‍ ഇവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. അതിനാല്‍ ഡ്രൈവര്‍ ബ്രേക്കില്‍ നിന്ന് കാല്‍ എടുക്കുമ്പോള്‍ തന്നെ കാര്‍ ചലിക്കാന്‍ തുടങ്ങും. മോഡല്‍ ഇയര്‍ പരിഷ്‌ക്കാരം ലഭിച്ചുവെങ്കിലും പഴയ വിലയില്‍ തന്നെ വണ്ടി വാങ്ങാനാവും.
പുതിയ മോഡല്‍ 4.99 ലക്ഷം രൂപ എന്ന മത്സരാധിഷ്ഠിത വില നിര്‍ണയത്തോടെയാണ് വരുന്നത്. ബാറ്ററി-ആസ്-എ-സര്‍വീസ് ഓപ്ഷന് കീഴിലാണ് ഈ വില വരുന്നതെങ്കിലും കാര്‍ ഓടിക്കുന്ന ഓരോ കിലോമീറ്ററിനും 2.5 രൂപ അധികം മുടക്കേണ്ടതായി വരും. കോമെറ്റ് ഇവിയുടെ ഏറ്റവും പുതിയ 2025 മോഡല്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി വാഹനം പ്രീ-ബുക്ക് ചെയ്തിടാനാവും.
കമ്പനി 8 വര്‍ഷം അല്ലെങ്കില്‍ 1.20 ലക്ഷം കിലോമീറ്റര്‍ ബാറ്ററി വാറണ്ടിയാണ് കാറിനൊപ്പം വാഗ്ദാനം ചെയ്യുന്നത്. എക്‌സിക്യൂട്ടീവ്, എക്‌സൈറ്റ്, എക്‌സൈറ്റ് ഫാസ്റ്റ് ചാര്‍ജ്, എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് ഫാസ്റ്റ് ചാര്‍ജ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് കോമെറ്റ് ഇവി വിപണിയില്‍ എത്തുന്നത്. എക്സൈറ്റ്, എക്സൈറ്റ് എഫ്സി വേരിയന്റുകളില്‍ ഇപ്പോള്‍ റിയര്‍ പാര്‍ക്കിംഗ് ക്യാമറയും പവര്‍-ഫോള്‍ഡിംഗ് ഔട്ട്സൈഡ് റിയര്‍ വ്യൂ മിററുകളും (ORVM) കമ്പനി ഒരുക്കിയിട്ടുണ്ട്. ഫാസ്റ്റ് ചാര്‍ജിംഗ് വേരിയന്റുകളില്‍ 17.4 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകാന്‍ എത്തിയിരിക്കുന്നത്.
ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ചും എംജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ വാഗ്ദാനം ചെയ്യും. വിലയുടെ കാര്യത്തിലേക്ക് വിശദമായി വന്നാല്‍ കോമെറ്റ് ഇവിയുടെ എക്‌സ്‌ഷോറൂം വില 7 ലക്ഷം രൂപ മുതല്‍ 9.81 ലക്ഷം രൂപ വരെയാണ് വരുന്നത്. ബാറ്ററി വാടകയ്ക്ക് എടുക്കുന്ന BaaS തെരഞ്ഞെടുക്കുകയാണെങ്കില്‍ വില 4.99 ലക്ഷം മുതല്‍ 7.80 ലക്ഷം വരെ വരും. എന്നാല്‍ ഓടുന്ന ഓരോ കിലോമീറ്ററിനും 2.50 രൂപ നല്‍കണമെന്ന് മാത്രം. എംജി കോമെറ്റ് ഇവി ബ്രാന്‍ഡിന്റെ സമഗ്ര എംജി ഇ-ഷീല്‍ഡ് 3-3-3-8 പാക്കേജുമായാണ് വിപണനത്തിന് എത്തുന്നത്. അതയാത് 3 വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍ വാറണ്ടി, 3 വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ്, 3 സൗജന്യ ലേബര്‍ സര്‍വീസുകള്‍, 8 വര്‍ഷം അല്ലെങ്കില്‍ 1.2 ലക്ഷം കിലോമീറ്റര്‍ ബാറ്ററി വാറണ്ടി എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.