-->
കൊച്ചി : എറണാകുളം കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. പീഡനം നടന്നിരുന്ന കാര്യം മാതാവിനും അറിയാമെന്ന് പ്രതി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാതാവിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൗണ്‍സിലിംഗ് നല്‍കും.
കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയുടെ പകര്‍പ്പ് ലഭ്യമായ ശേഷമായിരിക്കും അമ്മയെ പ്രതി ചേര്‍ക്കുക. ഏകദേശം രണ്ടു വര്‍ഷത്തോളം പ്രതി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് പ്രതി ധനേഷിന്റെ മൊഴി. അവസാന മൂന്ന് മാസത്തോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. 2023 മുതല്‍ കുട്ടികളെ പീഡിപ്പിച്ചു എന്നാണു വിവരം.
ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടികളുടെ അമ്മ അയ്യമ്പുഴ സ്വദേശിയായ ധനേഷുമായി ബന്ധത്തിലാകുന്നത്. യുവതിയുമായുള്ള ബന്ധം ഒഴിയുന്നതിനുവേണ്ടിയാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്. ഈ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷമേ വ്യക്തത വരൂ.
പീഡനത്തിനിരയായ പന്ത്രണ്ടുവയസ്സുകാരി പഠിക്കുന്ന സ്‌കൂളിലെ അധ്യാപികയുടെ മകള്‍ക്ക് ഇക്കാര്യം സൂചിപ്പിച്ച് എഴുതിയ കത്തിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സഹപാഠികളെക്കൂടി എത്തിക്കാന്‍ ഇയാള്‍ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സഹപാഠിക്ക് എഴുതിയ കത്ത് ആ കുട്ടിയുടെ അധ്യാപികയായ അമ്മ കണ്ടതാണ് പ്രതിയെ കുടുക്കിയത്. പെണ്‍കുട്ടികളും മാതാവും പ്രതിക്കൊപ്പം കുറുപ്പംപടിയിലെ വാടകവീട്ടിലായിരുന്നു താമസം. ടാക്‌സി ഡ്രൈവറായ പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് വീട്ടിലെത്തിയിരുന്നത്.