-->
പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ പൊതുവെ അല്പം പിന്നിലാണ് ഇന്ത്യ. കാരണം മാലിന്യം വലിച്ചെറിഞ്ഞ് പരിസരം വൃത്തിക്കേടാക്കുന്നത് ഇന്ത്യയില്‍ ഒരു പതിവ് കാഴ്ചയാണ്. അതിപ്പോള്‍ പ്ലാസ്റ്റിക് ആയാലും ഭക്ഷണാവശിഷ്ടങ്ങളായാലും അങ്ങനെ തന്നെയാണ്. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തമാണ് എന്നൊക്കെ പറയുമെങ്കിലും അതൊന്നും ഇവിടെ ആരും ഗൗനിക്കാറില്ല. എന്നിരുന്നാലും, മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഈ വീഡിയോ കാണുമ്പോള്‍ അല്പം ലജ്ജ തോന്നും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കഴിഞ്ഞ ദിവസം വടക്കന്‍ സിക്കിമിലെ യംതാങ് താഴ്വരയിലേക്ക് യാത്ര ചെയ്യുകയായിരുന്ന രണ്ട് ഡാനിഷ് ടൂറിസ്റ്റുകള്‍ ചെയ്ത കാര്യമാണ് ഇപ്പോള്‍ കയ്യടി നേടുന്നത്. റോഡരികില്‍ ആളുകള്‍ വലിച്ചെറിഞ്ഞ മാലിന്യം പെറുക്കുകയായിരുന്നു അവര്‍ ഇരുവരും. അവരുടെ ഈ പ്രവൃത്തി ആളുകളെ ആകര്‍ഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. @sikkimdiariescom എന്ന യൂസറാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വടക്കന്‍ സിക്കിമിലെ യംതാങ് താഴ്വരയിലേക്കുള്ള വഴിയില്‍ ഡെന്മാര്‍ക്കില്‍ നിന്നുള്ള രണ്ട് ടൂറിസ്റ്റുകള്‍ മാലിന്യങ്ങള്‍ പെറുക്കുന്നത് കാണാമെന്നും ഇവരുടെ പ്രവൃത്തി സഹയാത്രികരുടെയും നാട്ടുകാരുടെയും ശ്രദ്ധ പിടിച്ചുപറ്റിയെന്നും വീഡിയോയുടെ കാപ്ഷനില്‍ പറഞ്ഞിട്ടുണ്ട്.
വീഡിയോയില്‍ മഞ്ഞു മൂടിക്കിടക്കുന്ന വഴിയരികില്‍ നിന്നും ഇരുവരും ഒരു കവറില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും പെറുക്കിയെടുക്കുന്നത് കാണാം. മറ്റ് യാത്രക്കാര്‍ ഇവരെ കൗതുകത്തോടെ നോക്കുന്നതും കാണാം. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നമുക്ക് നമ്മെ കുറിച്ചോര്‍ത്ത് നാണം തോന്നണം എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാള്‍ കമന്റ് നല്‍കിയത് ഈ സ്ത്രീയെ കഴിഞ്ഞ ദിവസം യംതങ് വാലിയില്‍ വച്ച് കണ്ടിരുന്നു. നിങ്ങളുടെ രാജ്യം സുന്ദരമാണ് എന്നും അത് വൃത്തിയായി സൂക്ഷിക്കണം എന്നും അവര്‍ പറഞ്ഞു എന്നാണ്.