Monday, March 16, 2026 Last Updated 10 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 11.34 AM

‘ഒരുമിച്ചുള്ള ചിത്രങ്ങള്‍ ദിവസവും പങ്കിടുന്നത് ഭയങ്കര ക്രിഞ്ചാണ്;എല്ലാം സോഷ്യല്‍ മീഡിയയില്‍ പറയില്ല, ആരുടെ മുന്നിലും ഒന്നും തെളിയിക്കാനില്ല...’ ഭാവന

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമായ ഭാവന ഭര്‍ത്താവായ നവീനുമായി പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കുറച്ചു കാലമായി കേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ അതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
Bhavana, Kannada producer naveen, bhavana- naveen marriage life
Bhavana about her marriage life (Image Source: Instagram)

മലയാളികളുടെ മനസ്സില്‍ സ്വന്തം വീട്ടിലെ അനിയത്തികുട്ടിയായി ഇടം പിടിച്ച താരമായിരുന്നു ഭാവന. പിന്നീട് ഒരുപാട് മികച്ച സിനിമകളില്‍ നായിക വേഷത്തിലും താരം തിളങ്ങി. കരിയറിന്റെ പീക്ക് ടൈമില്‍ നില്‍ക്കുമ്പോഴാണ് ഭാവനയുടെ സ്വകാര്യ ജീവിതത്തില്‍ കയ്പേറിയ അനുഭവം ഉണ്ടായത്. സിനിമയ്ക്കുള്ളില്‍ നിന്നു തന്നെ വളരെ മോശമായ അനുഭവം നേരിട്ട താരം അതിജീവനം എത്രമേൽ ദുഷ്കരവും കയ്പേറിയതുമാണെന്ന് മലയാളികൾക്ക് കാണിച്ചു കൊടുത്തു. ജീവിതത്തിൽ നടന്ന ഏറ്റവും ദാരുണമായ സംഭവത്തിൽ നിന്നും കരകയറി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ ഭാവനയെ മലയാളികൾ വീണ്ടും നെഞ്ചോട് ചേർത്തു.
വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രം​ഗത്ത് വീണ്ടും സജീവമായിരിക്കുകയാണ് താരം. മലയാള സിനിമകളിൽ നിന്ന് കുറേക്കാലം മാറി നിന്ന താരത്തിന്റെ തിരിച്ചുവരവിലെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു. ചെറുതും വലുതുമായ സിനിമകളുടെ ഭാ​ഗമായി താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ദ ഡോർ എന്ന സിനിമയിലൂടെ തമിഴകത്തേക്കും ഭാവന തിരിച്ചെത്തുകയാണ്. ആ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി.
എന്നാല്‍ ലൈം ലെെറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുന്നയാളാണ് ഭാവനയുടെ ഭർത്താവ് നവീൻ. കന്നഡ സിനിമാ നിർമാതാവായ നവീനെ സോഷ്യൽ മീഡിയയിലോ അഭിമുഖങ്ങളിലോ ആരാധകർ കാണാറില്ല. അതുകൊണ്ടു തന്നെ ഭാവനയും നവീനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും പിരിയുകയാണെന്നും ഒരു ഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ അഭ്യൂഹം പ്രചരിച്ചിരുന്നു. നവീനൊപ്പമുള്ള ഫോട്ടോകൾ ഭാവന പോസ്റ്റ് ചെയ്യുന്നത് കാണാത്തതു കൊണ്ടാണ് ഇങ്ങനെയൊരു വാര്‍ത്ത പരന്നത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കിടാത്തതു കൊണ്ട് പിരിഞ്ഞുവെന്ന് ചിന്തിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ ദിവസവും പങ്കിടുന്ന കപ്പിള്‍സല്ല തങ്ങളെന്ന് പറയുകയാണ് ഭാവന.
‘‘ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദിവസവും ഷെയര്‍ ചെയ്യുന്ന കപ്പിള്‍സ് അല്ല ഞങ്ങള്‍. ‘യു ആർ മൈൻ’ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാൻ എനിക്കാകില്ല. അത് ഭയങ്കര ക്രിഞ്ചായിട്ടാണ് തോന്നുന്നത്. ഞങ്ങള്‍ ഒരുമിച്ചുള്ള ഏതെങ്കിലും ഒരു ഫോട്ടോ പോസ്റ്റു ചെയ്താല്‍ ഉടനെ അതിനു താഴെ കമന്റ് വരും, ‘ഇത് പഴയ ഫോട്ടോ​യല്ലേ, എന്തൊക്കെയോ പ്രശ്നങ്ങള്‍ ഇവരുടെ ബന്ധത്തിലുണ്ട്...’ എന്ന്. അവസാനം കണ്ട് കണ്ട് മടുത്ത് ഒരു ദിവസം, ‘ഞാൻ എല്ലാ ദിവസവും അദ്ദേഹത്തിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാറില്ല...’ എന്ന് മറുപടി കമന്റും കൊടുത്തു.
ജീവിതത്തിലെ എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പറയുന്ന ആളല്ല ഞാന്‍ നിങ്ങൾ തന്നെ ചിന്തിച്ചുനോക്കൂ... എല്ലാ ദിവസവും ഞാൻ അമ്മയ്ക്കൊപ്പമാണ്, ചേട്ടനൊപ്പമാണ്. വരൂ സെൽഫിയെടുക്കാമെന്ന് പറഞ്ഞ് എന്നും അവർക്കൊപ്പം ഫോട്ടോയെടുക്കാനാകുമോ? അതൊന്നും ഞങ്ങൾ ചിന്തിക്കുന്നതുപോലുമില്ല. എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന, പബ്ലിക്കായി പറയുന്ന ഒരു പേഴ്സണാലിറ്റിയില്ല എനിക്ക്. അത് ചെയ്യുന്നത് ശരിയല്ല എന്നല്ല, ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണത്. എനിക്ക് അതിനോട് യോജിപ്പില്ലെന്ന് മാത്രം.
ഇപ്പോ ഒരു കുഴപ്പവും ഇല്ലാതെയാണ് ഞങ്ങളുടെ ലൈഫ് പോകുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ല. നിലവിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇനി നാളെ എന്തെങ്കിലും​‍ പ്രശ്നം വന്നാലും ഞാനത് നേരിട്ട് തുറന്നു പറയും. അല്ലാതെ കുഴപ്പമില്ലെന്ന് അറിയിക്കാന്‍ വേണ്ടി ദിവസവും പ്രൂഫ് തരാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ദിവസവും ഫോട്ടോ ഇടാത്തതു കൊണ്ട് ഇവര്‍ക്കിടയില്‍ എന്തോ പ്രശ്നമുണ്ടെന്ന് ആരോ എവിടെയോ ഇരുന്ന് എന്തൊക്കെയോ ചിന്തിക്കുന്നതിന് തെളിവ് നല്‍കാന്‍ വേണ്ടി ഒന്നും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ഒരുക്കമല്ല. ആരുടെ മുൻപിലും തെളിയിക്കാനായി എനിക്കൊന്നും ചെയ്യാനാകില്ല. ...’’ ഭാവന പറയുന്നു.

ജീവിതം നൽകിയ പാഠത്തെക്കുറിച്ചും ഭാവന സംസാരിച്ചു. പെട്ടെന്ന് എല്ലാവരെയും വിശ്വസിക്കരുതെന്ന് താൻ മനസിലാക്കിയിട്ടുണ്ടെന്ന് ഭാവന പറയുന്നു.
‘‘ദാമ്പത്യ ജീവിതത്തിൽ വഴക്കുകളൊക്കെ ഉണ്ടാകുന്നത് സാധാരണയാണ്. അത് പെട്ടെന്നുതന്നെ ഇല്ലാതാകും. അടുത്ത പ്രശ്നം വരുമ്പോൾ പഴയ പ്രശ്നത്തിന്റെ കാരണങ്ങൾ ഞാൻ കുത്തിപ്പൊക്കാറുണ്ട്. അതൊക്കെ എല്ലായിടത്തും നടക്കുന്നതാണ്. പ്രണയമെന്നത് സുന്ദരവും ഉപാധികളില്ലാത്തതുമാണ്. അത് ലഭിക്കുന്നത് വിരളമാണ്. പക്ഷേ, അതാണ് ജീവിതത്തിൽ എല്ലാമെന്ന് കരുതരുത്. എല്ലാത്തിനും ഒരു ബാലൻസ് ഉണ്ടാകുന്നത് നല്ലതാണ്.
വിവാഹമെന്നത് രണ്ടു വ്യക്തികൾ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കേണ്ടതാണ്. ഇഷ്ടമില്ലാത്തതും വീട്ടുകാരുടെ നിർബന്ധത്തിന്റെ പേരിൽ നടക്കുന്നതുമായ വിവാഹങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. പ്രണയവിവാഹത്തിൽ പോലും പ്രശ്നങ്ങൾ ഉണ്ടായേക്കാം. വിവാഹമോചനമെന്നത് തെറ്റായ കാര്യമല്ല. കാലങ്ങളായി അഡ്ജസ്റ്റ് ചെയ്ത് ജീവിച്ച് മടുത്തുവെന്ന് പറഞ്ഞ് ഇപ്പോൾ ചിലർ പറയുന്നുണ്ട്. എല്ലാവരും അവരവരുടെ സന്തോഷത്തിനും മാനസികാരോഗ്യത്തിനും മുൻഗണന നൽകണം. അതൊരു തെറ്റല്ല...’’ ഭാവന പറയുന്നു.

2018 ലാണ് നവീനും ഭാവനയും വിവാഹിതരായത്. നവീൻ നിർമ്മിച്ച സിനിമയിൽ ഭാവന അഭിനയിച്ചിരുന്നു. ഈ സൗഹൃദം പ്രണയത്തിലേക്കെത്തി. ഭാവനയുടെ വ്യക്തിജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍ കൂടെ നിന്നതും കൂട്ടായി മാറിയതും ജീവിതത്തിലേക്ക് ഭാവനയെ കൂട്ടിയതും നവീനാണ്. വളരെ സന്തുഷ്ടമായ ഒരു ജീവിതമാണ് ഇവര്‍ക്കിടയിലുള്ളത്.
ഭാവനയുടെ സഹോദരൻ ജയദേവാണ് താരത്തിന്റെ പുതിയ തമിഴ് ചിത്രം ‘ദ ഡോർ’ സംവിധാനം ചെയ്തിരിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ ‘അസൽ’നു ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് താരം തമിഴകത്തേക്ക് എത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW