Wednesday, March 11, 2026 Last Updated 12 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 01.20 PM

വിപണിയിലെത്തിയിട്ട് വെറും രണ്ടാഴ്ച്ച ; 50,000-ത്തിലധികം ബുക്കിംഗുകള്‍ വാരിക്കൂട്ടി അള്‍ട്രാവലയറ്റിന്റെ മാക്സി സ്‌റ്റൈല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

electric-scooter

താങ്ങാനാവുന്ന വിലയും ഒടുക്കത്തെ റേഞ്ചുമായി എത്തിയതാണ് അള്‍ട്രാവയലറ്റിന്റെ വാഹനം. വിപണിയിലെത്തി രണ്ടാഴ്ച്ച പിന്നിടുമ്പോഴേക്കും അള്‍ട്രാവലയറ്റിന്റെ മാക്സി സ്‌റ്റൈല്‍ ഇലക്ട്രിക് സ്‌കൂട്ടറിനായി 50,000-ത്തിലധികം ബുക്കിംഗുകള്‍ വാരിക്കൂട്ടിയതായി കമ്പനി അറിയിച്ചിരിക്കുകയാണ്. 1.20 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലെത്തിയ ടെസറാക്റ്റിന്റെ ആദ്യത്തെ 50,000 ബുക്കിംഗുകള്‍ക്കാണ് പ്രാരംഭ വില ബാധകമാവുക. പിന്നീട് സ്‌കൂട്ടറിന്റെ വില 1.45 ലക്ഷം രൂപയായി ഉയരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

മുമ്പ് ആദ്യത്തെ 10,000 പേര്‍ക്കും പിന്നീട് 20,000 പേര്‍ക്കുമാണ് 1.20 ലക്ഷം രൂപയ്ക്ക് ടെസറാക്റ്റ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് വണ്ടിക്ക് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് ആദ്യത്തെ അരലക്ഷം ഉപഭോക്താക്കള്‍ക്ക് ഇവി കുറഞ്ഞ വിലയ്ക്ക് കൊടുക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. അള്‍ട്രാവയലറ്റിന്റെ ടെസറാക്റ്റ് ഇവി വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനി വെബ്സൈറ്റില്‍ കയറി 999 രൂപ ടോക്കണ്‍ തുക നല്‍കി വാഹനം ഇനിയും പ്രീ-ബുക്ക് ചെയ്തിടാം. ഡെസേര്‍ട്ട് സാന്‍ഡ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, സോണിക് പിങ്ക്, സോളാര്‍ വൈറ്റ് എന്നീ നാല് നിറങ്ങളില്‍ മാക്സി സ്‌റ്റൈല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാനാവും. ഈ ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ഡെലിവറി അടുത്ത വര്‍ഷം മാത്രമേ ആരംഭിക്കൂ.

സ്‌കൂട്ടറില്‍ ഒരു സംയോജിത റഡാറും ഡാഷ്‌കാമും വരെ അള്‍ട്രാവയലറ്റ് സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഓമ്നിസെന്‍സ് മിററുകളുമായി പ്രവര്‍ത്തിക്കുന്നതിനാല്‍ റൈഡര്‍മാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനാവും. ഈ സംവിധാനങ്ങള്‍ ബ്ലൈന്‍ഡ്സ്പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഓവര്‍ടേക്കിംഗ് അസിസ്റ്റ്, റിയല്‍-ടൈം കൊളീഷന്‍ അലേര്‍ട്ടുകള്‍ എന്നീ ഫീച്ചറുകളാണ് സ്‌കൂട്ടറിലേക്ക് ചേര്‍ക്കുന്നത്. കൂടാതെ ടെസറാക്റ്റില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡൈനാമിക് റീജനറേറ്റീവ് ബ്രേക്കിംഗ് എന്നീ സവിശേഷതകളും ഒരുക്കിയിട്ടുണ്ട്. ഇത് എനര്‍ജി മാനേജ്‌മെന്റ് പ്രാപ്തമാക്കുകയും യാത്രയ്ക്കിടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് അള്‍ട്രാവയലറ്റ് പറയുന്നത്.

അള്‍ട്രാവയലറ്റ് ടെസറാക്റ്റില്‍ നാവിഗേഷനോടുകൂടിയ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ TFT ഡിസ്പ്ലേയാണ് വാഗ്ദാനം ചെയ്യുന്നത്. ഫ്‌ലോട്ടിംഗ് എല്‍ഇഡി ഡിആര്‍എല്‍, ഡ്യുവല്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, സ്ലീക്ക് ഫ്‌ലോട്ടിംഗ് എല്‍ഇഡി ടെയില്‍ ലാമ്പ്, 34 ലിറ്റര്‍ ശേഷിയുള്ള അണ്ടര്‍സീറ്റ് സ്റ്റോറേജ്, 14 ഇഞ്ച് വീലുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, 110 സെക്ഷന്‍ ഫ്രണ്ട്, 140 സെക്ഷന്‍ റിയര്‍ ടയറുകള്‍ മുതലായവയാണ് ഇവിയിലെ മറ്റ് പ്രധാന സവിശേഷതകള്‍. റിയര്‍ വ്യൂ മിററുകളില്‍ ഉള്‍ച്ചേര്‍ത്ത മള്‍ട്ടി-കളര്‍ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും വാഹനത്തെ വേറിട്ടുനിര്‍ത്തും.

ബാറ്ററി പായ്ക്ക് ഏതാവും ഉപയോഗിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും പരമാവധി 20.10 bhp പവര്‍ പുറപ്പെടുവിക്കാന്‍ അള്‍ട്രാവയലറ്റ് ടെസറാക്റ്റിന് കഴിയും. 125 കിലോമീറ്ററിന്റെ പരമാവധി വേഗമുള്ള ഇലക്ട്രിക് സ്‌കൂട്ടറിന് സിംഗിള്‍ ചാര്‍ജില്‍ 261 കിലോമീറ്റര്‍ റേഞ്ചും നല്‍കാനാവുമെന്നാണ് കമ്പനി പറയുന്നത്. സ്‌കൂട്ടറിന് സ്റ്റാന്‍ഡേര്‍ഡ് 3 വര്‍ഷം അല്ലെങ്കില്‍ 75,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി പാക്കേജും ഉണ്ട്. വാങ്ങുന്നവര്‍ക്ക് 8 വര്‍ഷം അല്ലെങ്കില്‍ 2 ലക്ഷം കിലോമീറ്റര്‍ വാറണ്ടിയിലേക്ക് വരെ നീട്ടാനും കഴിയുമെന്ന് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ പറയുന്നു.

Ads by Google
Ads by Google
TRENDING NOW