-->
സാംസങ് ഗാലക്സി എസ്25 അള്‍ട്ര പുത്തന്‍ കളര്‍ ഓപ്ഷനില്‍ ഇന്ത്യയില്‍ എത്താന്‍ പോകുന്നു. ഈ വര്‍ഷം ജനുവരിയില്‍ ആണ് സാംസങ് ഗാലക്സി എസ്25 സീരീസ് അവതരിപ്പിക്കപ്പെട്ടത്. സാംസങ് ഗാലക്സി എസ്25, ഗാലക്‌സി എസ്25 പ്ലസ് എന്നിവയ്ക്ക് ഒപ്പം ഗാലക്‌സി എസ്25 അള്‍ട്രയും ഈ സീരീസിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. അതില്‍ ഏറ്റവും മികച്ച മോഡലായ എസ്25 അള്‍ട്ര ഇപ്പോള്‍ പുതിയ കളര്‍ ഓപ്ഷനില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുകയാണെന്ന് (Samsung Galaxy S25 Ultra new colour option teased) സാംസങ് തന്നെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു.
സാംസങ് ഇന്ത്യ തങ്ങളുടെ എക്‌സ് പേജില്‍ (മുമ്പ് ട്വിറ്റര്‍) വിവിധ ഉല്‍പ്പന്നങ്ങളുമായി ഒരു കൊളാഷ് പങ്കിട്ടു, ഈ ചിത്രത്തില്‍ 'ഡാര്‍ക്ക്. ബോള്‍ഡ്. അള്‍ട്രാ.' എന്ന വാചകവും മറ്റൊന്നില്‍ 'ഉടന്‍ വരുന്നു' എന്ന വാചകവും ഉണ്ട്. പുതിയ ചിത്രത്തിനൊപ്പമുള്ള പോസ്റ്റിന്റെ അടിക്കുറിപ്പ് 'കരുത്ത് ഉടന്‍ നിങ്ങളുടെ കൈകളിലെത്തും! പുതിയൊരു സ്‌റ്റൈലിന്റെ ഷേഡ് സ്വീകരിക്കാന്‍ തയ്യാറാകൂ. തുടരുക.' എന്നാണ്. കൂടാതെ ഇതോടൊപ്പം '#GalaxyS25Ultra' എന്ന ഹാഷ്ടാഗും ഉണ്ട്. തങ്ങളുടെ പ്രീമിയം മോഡലിനായി സാംസങ് ഇരുണ്ട നിറത്തിലുള്ള ഒരു പുതിയ കളര്‍ ഓപ്ഷന്‍ സാംസങ് അവതരിപ്പിക്കാന്‍ പോകുകയാണ് എന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.
മാത്രമല്ല, മറ്റൊരു പോസ്റ്റില്‍ S പെന്‍ ഒരുതരം ചാരനിറത്തില്‍ കാണിക്കുന്നു. ഇതും വരാന്‍ പോകുന്ന എസ്25 അള്‍ട്രയുടെ പുതിയ കളര്‍ ഓപ്ഷനെ സൂചിപ്പിക്കുന്നു. നിലവില്‍ ടൈറ്റാനിയം സില്‍വര്‍ബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്സില്‍വര്‍ എന്നീ നിറങ്ങളില്‍ ആണ് സാംസങ് ഗാലക്സി എസ് 25 അള്‍ട്ര ലഭ്യമായിട്ടുള്ളത്. കൂടാതെ മൂന്ന് പ്രത്യേക നിറങ്ങളുമുണ്ട്: ടൈറ്റാനിയം ജെറ്റ്ബ്ലാക്ക്, ടൈറ്റാനിയം ജേഡ്ഗ്രീന്‍, ടൈറ്റാനിയം പിങ്ക്ഗോള്‍ഡ്. ഇതിനെല്ലാം പുറമേയാണ് പുതിയ ഒരു കളര്‍ ഓപ്ഷനില്‍ കൂടി ഗാലക്‌സി എസ്25 അള്‍ട്ര ലഭ്യമാകാന്‍ പോകുന്നത്. എന്നാല്‍ വരാന്‍ പോകുന്ന കളര്‍ ഓപ്ഷന്റെ പേര് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സാംസങ് ഗാലക്സി എസ്25 അള്‍ട്രയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപയും 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയുമാണ് ലോഞ്ച് വില.