Tuesday, March 17, 2026 Last Updated 11 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 17 Mar 2025 09.25 AM

ആഭരണ വില്‍പ്പനക്കാരെ ആക്രമിച്ച് 117 പവനോളം സ്വര്‍ണം കവര്‍ന്നു ; സഹായിച്ചത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തന്നെ ജീവനക്കാര്‍

uploads/news/2025/03/770202/robbery.jpg

മലപ്പുറം: കാട്ടുങ്ങലില്‍ ആഭരണ വില്‍പ്പനക്കാരെ ആക്രമിച്ച് 117 പവനോളം സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശികളും സഹോദരങ്ങളുമായ കടവത്ത് പറമ്പ് വീട്ടില്‍ സിവേഷ് (34), ബെന്‍സു (39) എന്നിവരാണ് അറസ്റ്റിലായത്. ജോലിചെയ്യുന്ന സ്ഥാപനത്തിലെ സ്വര്‍ണമാണ് ജീവനക്കാരനായ സിവേഷ് സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

സ്വണാഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന നിഖില ബാംഗിള്‍സ് എന്ന സ്ഥാപനത്തിന്റെ 117 പവനോളം സ്വര്‍ണാമാണ് കവര്‍ച്ചചെയ്യപ്പെട്ടത്. മഞ്ചേരി ഭാഗത്തെ കടകളില്‍ മോഡലുകള്‍ കാണിച്ചു വില്‍പ്പന നടത്തി ബാക്കിയുള്ള സ്വര്‍ണ്ണാഭരണങ്ങളുമായി ജീവനക്കാര്‍ മലപ്പുറത്തുള്ള കടയിലേക്ക് തിരികെ വരുമ്പോള്‍ ഇവരെ ആക്രമിച്ചായിരുന്നു കവര്‍ച്ച. ഇന്നലെ വൈകിട്ട് 6.30നാണു സംഭവം.

സിവേഷും മഞ്ചേരി കിടങ്ങഴി ഷാപ്പുംകുന്ന് ചപ്പങ്ങത്തൊടി സുകുമാരനു (59)മാണ് സ്വര്‍ണാഭരണവുമായി സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. സിവേഷ് നല്‍കിയ വിവരമനുസരിച്ച് സഹോദരന്‍ ബെന്‍സും ഇവരുടെ സുഹൃത്ത് ഷിജുവും മറ്റൊരു സ്‌കൂട്ടറിലെത്തി സ്വര്‍ണം കവര്‍ച്ച നടത്തുകയായിരുന്നു. പ്രതികളുടെ വീട്ടില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

സിവേഷ് മൂന്നു മാസമായി നിഖില ബാംഗിള്‍സ് ജ്വല്ലറിയിലെ ജീവനക്കാരനാണ്. ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് സ്വര്‍ണം കൊണ്ടു പോകുന്നതും തിരിച്ചുവരുന്നതും കൃത്യമായി അറിയുന്നയാളുമാണ്. കാട്ടുങ്ങലില്‍ എത്തിയപ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്തിക്കുകയും അവിടേക്ക് എത്തിയ മറ്റു പ്രതികള്‍ സ്‌കൂട്ടര്‍ മറിച്ചിട്ട് സ്വര്‍ണ്ണാഭരണങ്ങള്‍ ഉല്‍പ്പെടുന്ന ബാഗ് കവര്‍ച്ച് ചെയ്ത് ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു.

പ്രതികള്‍ ബാഗ് തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെടുന്നത് കാണാനിടയായ നാട്ടുകാരനായ ഇരുമ്പുഴി സ്വദേശി മുഹമ്മദ് മുന്‍ഷീര്‍ സംഭവത്തില്‍ ദുരൂഹത തോന്നി അയാളുടെ വാഹനത്തില്‍ പിന്‍തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ട ബൈക്കിന്റെ ഫോട്ടോ എടുത്തു. ഇത് കേസില്‍ നിര്‍ണായകമായി.
മലപ്പുറം ജില്ല പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈ.എസ്.പി: കെ.എം. ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

മഞ്ചേരി പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ. ആയ എ.എസ്.പി. നന്ദഗോപന്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രതാപ് കുമാര്‍, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. പ്രേംജിത്ത്, പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ. സുമേഷ് സുധാകരന്‍, പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍, മലപ്പുറം എസ്.എച്ച്.ഒ. വിഷ്ണു, മലപ്പുറം സബ് ഇന്‍സ്‌പെക്ടര്‍ എസ്.കെ. പ്രിയന്‍, മഞ്ചേരി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ എ.എസ്.ഐമാരായ ഗിരീഷ്, അബ്ദുള്‍ വാഷിദ്, അനീഷ് ചാക്കോ, ഫിറോസ്, എസ്.സി.പി.ഒ. തൗഫീഖുള്ള മുബാറഖ് എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW