-->
മോഡല്‍ നിരയില്‍ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു കൊണ്ട് എത്തിയിരിയ്ക്കുകയാണ് എംജി മോട്ടോഴ്‌സ്. 2024 മോഡല്‍ ഇയര്‍, 2025 മോഡല്‍ ഇയര്‍ കാറുകളിലെല്ലാം വന്‍വിലക്കിഴിവാണ് കമ്പനി കൊണ്ടു വന്നിരിക്കുന്നത്. കോമെറ്റ് ഇവി വാങ്ങാന്‍ പ്ലാനിട്ടിരിക്കുന്നവര്‍ക്ക് പരമാവധി 45,000 രൂപ വരെ ഈ മാസം ലാഭിക്കാം. ഇത് 2024 മോഡലുകള്‍ക്ക് മാത്രമേ ബാധകമാകൂവെന്നത് പ്രത്യേകം ശ്രദ്ധിക്കണേ. ഇതില്‍ 20,000 രൂപയുടെ ഫ്‌ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപയുടെ ലോയല്‍റ്റി ബോണസ്, 5,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതും ഇവിയുടെ എക്‌സ്‌ക്ലൂസീവ് വേരിയന്റില്‍ മാത്രമാണ് ലഭിക്കുക.
കോമെറ്റ് ഇവിയുടെ 2025 മോഡലാണ് നോക്കുന്നതെങ്കില്‍ ഫാസ്റ്റ് ചാര്‍ജറുമായി വരുന്ന മൈക്രോ ഇവിയുടെ എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് ട്രിമ്മുകളില്‍ 40,000 രൂപ വരെ ഓഫറുകളാണ് 2025 മാര്‍ച്ച് മാസത്തേക്കായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിലവില്‍ 6.99 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയുള്ള എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം വിപണനത്തിന് എത്തുന്നത്. ഇനി ബാറ്ററി വാടകയ്ക്ക് എടുക്കുന്ന BssS തെരഞ്ഞെടുക്കുകയാണെങ്കില്‍ 4.99 ലക്ഷം മുതലാണ് മുടക്കേണ്ടി വരിക.
ഗ്ലോസ്റ്റര്‍ വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ മാര്‍ച്ച് മാസം നിങ്ങളെ കാത്തിരിക്കുന്നത് 5.50 ലക്ഷം രൂപയുടെ ഓഫറുകളാണ്. ഇതില്‍ 4.50 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 1 ലക്ഷം എക്‌സ്‌ചേഞ്ച് ബോണസുമാണ്. 2025 മോഡലാണെങ്കില്‍ 4 ലക്ഷം മുതല്‍ 3.5 ലക്ഷം വരെ ക്യാഷ് ഡിസ്‌കൗണ്ടുകളും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. എംജിയുടെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവിയായ ZS ഇവിയുടെ എക്‌സിക്യൂട്ടീവ് വേരിയന്റ് 2.05 ലക്ഷം രൂപ വരെ മൊത്തം ആനുകൂല്യങ്ങളോടെ സ്വന്തമാക്കാം.
ആസ്റ്ററിലെ ഓഫറുകളിലേക്ക് വന്നാല്‍ കാറിന്റെ 2024 മോഡലുകളില്‍ 1.45 ലക്ഷം രൂപ വരെയാണ് എംജി ഒരുക്കിവെച്ചിരിക്കുന്നത്. ആസ്റ്റര്‍ ടര്‍ബോ-പെട്രോള്‍ സാവി പ്രോ വേരിയന്റിനാണ് പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുക. ഇതില്‍ 75,000 ക്യാഷ് ഡിസ്‌കൗണ്ട്, 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 20,000 രൂപ ലോയല്‍റ്റി ബോണസ്, 15,000 രൂപ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ എന്നിങ്ങനെയാണ് ഉപയോഗപ്പെടുത്താനാവുക. എസ്യുവിയുടെ 2025 മോഡലുകള്‍ക്ക് പരമാവധി 70,000 രൂപ വരെയാണ് ഓഫറിട്ടിരിക്കുന്നത്.
ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് എന്നിവ വാങ്ങാന്‍ എത്തുന്നവരെ കാത്തിരിക്കുന്നത് 2.20 ലക്ഷം രൂപയുള്ള ആനുകൂല്യങ്ങളാണ് കേട്ടോ. ഇതും എസ്യുവികളുടെ 204 മോഡല്‍ ഇയറുകളിലാണ് ഉപയോഗപ്പെടുത്താനാവുകയെന്ന് മാത്രം. ഡീസല്‍ വേരിയന്റുകള്‍ക്ക് 1.50 ലക്ഷം രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ടായി ഒരുക്കിയിരിക്കുന്നത്. അതുകൂടാതെ എക്‌സ്‌ചേഞ്ച്, കോര്‍പ്പറേറ്റ് ഓഫറുകളും ലഭിക്കും. 2025 മോഡലുകള്‍ക്ക് പരമാവധി 70,000 രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.