-->
ബോളിവുഡിന്റെ പ്രിയ താരങ്ങളാണ് ആമീര്‍ ഖാനും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും. മൂവരും ഒരുമിച്ചെത്തുന്ന സിനിമകള്‍ മാത്രമല്ല പൊതുവേദികളില്‍ പോലും ആരാധകര്‍ക്ക് ആഘോഷമാണ്. മൂവര്‍ക്കുമിടയില്‍ ഇടയ്ക്ക് ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും എല്ലാം പരിഹരിച്ച് പഴയതിനേക്കാള്‍ ആത്മാര്‍ത്ഥമായി സ്നേഹത്തോടെ സൗഹൃദം തുടരുകയാണ് ഇവര്‍. പരസ്പരം കാണാനും വിശേഷങ്ങള്‍ പങ്കിടാനും മാത്രമല്ല എന്ത് ആഘോഷങ്ങളിലും പങ്കെടുക്കാനും മൂന്നു പേരും സമയം കണ്ടെത്തുന്നുമുണ്ട്.
കഴിഞ്ഞ ദിവസം ബോളിവുഡിലെ മൂന്ന് ഖാൻമാരും ഒത്തുകൂടിയിരുന്നു. ബുധനാഴ്ച വൈകുന്നേരം ഷാരൂഖും സല്‍മാനും ആമിര്‍ഖാന്റെ മുംബൈയിലെ വസതിയിലാണ് എത്തിയത്. ആമീറിന്റെ 60-ാം ജന്മദിനത്തിന് മുന്നോടിയായിട്ടാണ് മൂവരുടെയും അപ്രതീക്ഷിത സംഗമം നടന്നത്.
ഇപ്പോഴിതാ ഷാരൂഖ് ഖാൻ ആമീറിന്റെ വീട്ടില്‍ നിന്ന് ഇറങ്ങുന്ന നിമിഷത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആമീറിന്റെ വീട്ടിലെ പടികള്‍ ആദ്യം ഇറങ്ങിവരുന്നത് താരം തന്നെയാണ്. തൊട്ടു പിന്നാലെയാണ് ഷാരൂഖ് ഇറങ്ങുന്നത്. എന്നാല്‍ ഷാരൂഖ് ഖാൻ താഴേക്ക് ഇറങ്ങും മുന്‍പ് ആമീർ ഷാരൂഖിനോട് ഹുഡീ കൊണ്ട് മുഖം മൂടാന്‍ നിർദ്ദേശിക്കുന്നത് വീഡിയോയില്‍ കാണാം. ഷാരൂഖ് ഖാനാകട്ടെ ആമീറിന്റെ ഉപദേശത്തിന് പിന്നാലെ പാപ്പരാസികളുടെ ക്യാമറകളില്‍ പെടാതിരിക്കാന്‍ മുഖം മറച്ചാണ് അവിടെ നിന്നും ഇറങ്ങുന്നത്. താരത്തിന്റെ ചുറ്റും കർശനമായ സുരക്ഷയുള്ളതും വീഡിയോയില്‍ കാണാം.
Aamir Khan is telling SRK to hide his face from paparazzi 😂 pic.twitter.com/SOeFndiKYK— ℣ (@Vamp_Combatant) March 12, 2025
സല്‍മാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന വീഡിയോയും വൈറലായിരുന്നു. തന്റെ റേഞ്ച് റോവറില്‍ കടുത്ത സുരക്ഷയിലാണ് സല്‍മാനും ആമീറിന്റെ വീട്ടിലെത്തിയത്.
ആമിർ ഖാൻ തന്റെ മകൻ നടൻ ജുനൈദ് ഖാന്റെ ലവ്യാപ എന്ന ചിത്രത്തിനായി പ്രത്യേക പ്രദർശനങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ ഷാരൂഖ് ഖാനും സല്‍മാൻ ഖാനും ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്ന് സല്‍മാനും ഷാരൂഖും ആമീറിനും മകനുമൊപ്പം പോസ് ചെയ്ത ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തതാണ്.
അതിനു മുമ്പ് ആമീർ, ഷാരൂഖ്, സല്‍മാൻ എന്നിവർ അംബാനി വിവാഹത്തില്‍ ഓസ്കാർ പുരസ്കാരം നേടിയ നാട്ടു നാട്ടു എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്ത വീഡിയോയും സോഷ്യല്‍ മീഡിയയും ആരാധകരും വൈറലാക്കി മാറ്റിയതാണ്.