-->
ദില്ലി: കേന്ദ്ര ധനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്. തടഞ്ഞുവെച്ചിരിക്കുന്ന നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കണമെന്നും കേന്ദ്രസഹായത്തിലുള്ള വീട് വെയ്ക്കുമ്പോള്‍ വീടിന്മുന്നില്‍ ലോഗോ പതിക്കണമെന്ന ആവശ്യം മാറ്റണമെന്നും ആവശ്യപ്പെട്ടു.
പിഎംഎവൈ അര്‍ബന്‍ പദ്ധതി പ്രകാരം വീട് ലഭിക്കുന്ന ഗുണഭോക്താക്കള്‍ വീടിനു മുന്നില്‍ ലോഗോ പതിക്കണമെന്ന ആവശ്യം പിന്‍വലിക്കാനാണ് കേരളം ആവശ്യപ്പെട്ടത്. ലോഗോ പതിക്കുന്നത് ഗുണഭോക്താക്കളുടെ അന്തസ്സിനെ ഹനിക്കുന്നതാണ് എന്ന കേരള സര്‍ക്കാരിന്റെ നിലപാട് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ കാര്യത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി അറിയിച്ചതായും എം ബി രാജേഷ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്ന കേരളത്തിലെ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 687 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്ന് ആയിരുന്നു കൂടിക്കാഴ്ചയില്‍ എം ബി രാജേഷ് മന്ത്രിയോട് ആവശ്യപ്പെട്ടത്. ഏപ്രിലില്‍ തിരുവനന്തപുരത്ത് നടക്കുന്ന 'വൃത്തി' ശുചിത്വ കോണ്‍ക്ലേവിലേക്കും, മെയ് മാസത്തില്‍ കൊച്ചിയില്‍ നടക്കുന്ന അര്‍ബന്‍ കോണ്‍ക്ലേവിലേക്കും കേന്ദ്ര മന്ത്രിയെ ക്ഷണിച്ചു.
നേരത്തേ കേരളത്തിലെ സാമ്പത്തീകപ്രതിസന്ധി സംബന്ധിച്ച കാര്യത്തില്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ദില്ലിയിലെ കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ വയനാട് ദുരന്ത സഹായവും, വിഴിഞ്ഞവുമൊക്കെ ചര്‍ച്ചയായി. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കേരള ഹൗസിലേക്ക് ധനമന്ത്രിയെത്തുകയായിരുന്നു.
ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കറും കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വിനിയോഗ പരിധി മാര്‍ച്ച് 31ന് അവസാനിക്കുന്ന ദുരന്ത സഹായ വായ്പയുടെ കാലാവധി നീട്ടണമെന്ന ആവശ്യം മുഖ്യമന്ത്രി മുന്‍പോട്ട് വച്ചു. ദുരന്ത സഹായം പൂര്‍ണ്ണമായും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ വികസനത്തിനും കേന്ദ്രത്തിന്റെ കൂടുതല്‍ ഇടപെടലും തേടി. അതേസമയം ആശാവര്‍ക്കര്‍മാരുടെ സമരം സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ചയുണ്ടായില്ല.