-->
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും കര്‍ണാടകയിലെ ബിജെപിയുടെ യുവനേതൃമുഖവും ബെംഗളൂരു സൗത്തില്‍നിന്നുളള എംപിയുമായ തേജസ്വി സൂര്യയും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹത്തിന്റെ കൂടുതല്‍ മനോഹര ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് ഗായിക. തന്റെ ഏറ്റവും വലിയ സുഹൃത്തും വഴികാട്ടിയും ശക്തിയുമാണ് തേജസ്വി എന്നാണ് ശിവശ്രീ പറയുന്നത്.
‘എന്റെ വഴികാാട്ടി, എന്റെ സുഹൃത്ത്, എന്റെ ശക്തി, എന്റെ എല്ലാമെല്ലാം. സുഖസൗകര്യങ്ങളിലൂടെയോ പ്രയാസങ്ങളിലൂടെയോ എന്നിങ്ങനെ ജീവിതം നമ്മെ എവിടേക്കൊക്കെ കൊണ്ടുപോയാലും ഒരു മടിയും കൂടാതെ ഞാന്‍ നിനക്കൊപ്പം നടക്കും. നീ എന്റെ അരികിലുണ്ടെങ്കില്‍ എനിക്ക് ആവശ്യമുളളതെല്ലാം നിന്നിലൂടെ ഞാന്‍ കണ്ടെത്തും’ ചിത്രങ്ങള്‍ക്കൊപ്പം ശിവശ്രീ കുറിച്ചു.
ബെംഗളൂരുവില്‍ വെച്ചായിരുന്നു ശിവശ്രീയുടെയും തേജസ്വി സൂര്യയുടെയും വിവാഹം. പരമ്പരാഗത രതിയിലാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ വധൂവരന്മാരെ ആശീര്‍വദിക്കാനെത്തിയിരുന്നു. വിവാഹശേഷം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടന്ന വിവാഹവിരുന്നിലും പ്രിയപ്പെട്ടവര്‍ പങ്കെടുത്തു.
ചെന്നൈ സ്വദേശിനിയായ ശിവശ്രീ സ്‌കന്ദ അറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞയും ഭരതനാട്യ നര്‍ത്തകിയും പിന്നണിഗായികയുമാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ പ്രശസ്തയായത് ചലച്ചിത്രതാരം ശോഭനയുമായുളള മുഖസാദൃശ്യം കൊണ്ടാണ്. ശോഭനയുടെ പഴയലുക്കുമായി ഏറെ സാദൃശ്യമുണ്ട് ശിവശ്രീക്ക്. പ്രശസ്ത മൃദംഗവാദകന്‍ സീര്‍ക്കഴി ജെ. സ്‌കന്ദപ്രസാദിന്റെ മകളാണ് ശിവശ്രീ.