-->
ചണ്ഡീഗഢ് : നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയത്തിന് പിന്നാലെ ഹരിയാനിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ച് ബിജെപി .കോണ്‍ഗ്രസ് നേതാവ് ഭൂപിന്ദര്‍ ഹൂഡയുടെ കോട്ടയായ റോഹ്തക് ഉള്‍പ്പെടെ 10 മുന്‍സിപ്പില്‍ കോര്‍പ്പറേഷനുകളില്‍ ഒമ്പത് എണ്ണം നേടിയാണ് ബിജെപി കരുത്ത് തെളിയിച്ചിരിക്കുന്നത് . സംസ്ഥാനത്തെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആദ്യമായി സ്വന്തം ചിഹ്നത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല.
അംബാല , ഗുരുഗ്രാം , സോണിപത്ത് , റോഹ്തക് ,കര്‍ണാല്‍ ,ഫരീദാബാദ് , പാനിപ്പത്ത , ഹിസാര്‍ ,യുമനനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു . മനേസറില്‍ മാത്രമാണ് ബിജെപിക്ക് തോല്‍വി നേരിടേണ്ടി വന്നത് . അവിടെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി ഇന്ദർജീത് യാദവ് ബിജെപിയുടെ സുന്ദർ ലാലിനെ പരാജയപ്പെടുത്തി.
സോണിപത്തിൽ കോൺഗ്രസിന്റെ കോമൾ ദിവാനെ മുതിർന്ന ബിജെപി നേതാവ് രാജീവ് ജെയിൻ പരാജയപ്പെടുത്തി. കർണാലിൽ, ബിജെപിയുടെ രേണു ബാല ഗുപ്ത കോൺഗ്രസിന്റെ മനോജ് വാധ്വയെയാണ് തോൽപ്പിച്ചത്. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ ശക്തികേന്ദ്രമായ റോഹ്തക്കിലെ പരാജയം കോൺഗ്രസിന് തിരിച്ചടിയായി. കോൺഗ്രസിന്റെ സൂരജ്മൽ കിലോയിയെ പരാജയപ്പെടുത്തിയാണ് ബിജെപിയുടെ രാം അവതാർ റോഹ്തക്ക് പിടിച്ചെടുത്തത്.
ഗുരുഗ്രാം പോലുള്ള നഗര പ്രദേശത്തെ ശക്തികേന്ദ്രങ്ങളിൽ ബിജെപി കരുത്ത് കാണിച്ചു. മാർച്ച് 2 ന് നടന്ന മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഐഎൻഎൽഡി, ആം ആദ്മി പാർട്ടി, ജെജെപി തുടങ്ങിയ പ്രാദേശിക പാർട്ടികളുടെ പങ്കാളിത്തം കുറവായിരുന്നു. ഈ പാർട്ടികൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു.