-->
ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ തങ്ങളുടെ സ്ലാവിയയുടെ 2025 മോഡൽ അടുത്തിടെയാണ് വിപണിയിൽ അവതരിപ്പിച്ചത്. സ്കോഡയുടെ സി-സെഗ്മെന്റ് സെഡാന്റെ വില വെട്ടിക്കുറച്ചെന്നാണ് റിപ്പോർട്ട്. മുമ്പ് 10.69 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വന്നിരുന്ന കാർ ഇപ്പോൾ 10.34 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാമെന്നാണ് സൂചന.
അതായത് സ്ലാവിയയുടെ പ്രാരംഭ വിലയിൽ 35,000 രൂപയോളം കുറവ് വരുത്തിയെന്ന് സാരം. നിലവിൽ ക്ലാസിക്, സിഗ്നേച്ചർ, സ്പോർട്ട്ലൈൻ, മോണ്ടി കാർലോ, പ്രസ്റ്റീജ് എന്നിങ്ങനെ വ്യത്യസ്‌തമാർന്ന 5 വേരിയന്റുകളിലാണ് സെഡാൻ വാങ്ങാനാവുക. ഇതിൽ ആദ്യത്തെ രണ്ട് വകഭേദങ്ങളുടെ വിലയിലാണ് കമ്പനി വില പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുന്നത്.
ക്‌ളാസിക് മോഡലിൽമാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായോ ബന്ധിപ്പിക്കാനാവും. 1.0 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാത്രമേ ഈ വേരിയന്റ് ലഭ്യമാകൂ. എൽഇഡി ഡിആർഎല്ലുള്ള ഹാലൊജൻ ഹെഡ്‌ലൈറ്റുകളും ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകളും റിയർ പാർക്കിംഗ് സെൻസറുകളുമാണ് ഇതിലെ പ്രധാന ഫീച്ചറുകൾ. ടിൽറ്റ്, ടെലിസ്കോപ്പിക് ക്രമീകരണത്തോടുകൂടിയ മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, വയർഡ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മാനുവൽ ക്രമീകരണങ്ങളുള്ള ഫാബ്രിക് സീറ്റുകൾ, 4 സ്പീക്കർ സജ്ജീകരണമുള്ള സൗണ്ട് സിസ്റ്റം എന്നിവയും ബേസ് വേരിയന്റിലുണ്ട്.