-->
ഇസ്ലാമബാദ്: പാകിസ്താനില്‍ ബലൂച് ലിബറേഷന്‍ ആര്‍മി ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടെന്നും 104 തടവുകാരെ മോചിപ്പിച്ചെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റമുട്ടലില്‍ 16 ബലൂച് ലിബറേഷന്‍ ആര്‍മി ഭീകരരെ വധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴും തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന ജാഫര്‍ എക്‌സ്പ്രസിലെ നൂറിലധികം ബന്ദികളെ ഇനിയും മോചിപ്പിക്കാനുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ദികളെ മോചിപ്പിക്കാനുള്ള സൈന്യത്തിന്റെ ഓപ്പറേഷന്‍ തുടരുകയാണ്.
നേരത്തെ ട്രെയിനിലുണ്ടായിരുന്ന ബന്ദികളില്‍ സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, ബലൂചിസ്താനികള്‍ എന്നിവരെ ബിഎല്‍എ സായുധസംഘം വിട്ടയച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 43 പുരുഷന്മാരെയും 26 സ്ത്രീകളെയും 11 കുട്ടികളെയും രക്ഷപ്പെടുത്തിയെന്നും പാകിസ്താന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് സൈന്യം, രഹസ്യാന്വേഷണ സേന, ഭീകരവിരുദ്ധ സേന അടക്കമുള്ളവരെയാണ് ബിഎല്‍എ ബന്ദികളാക്കിയിരിക്കുന്നത്. ട്രെയിനില്‍ ഉണ്ടായിരുന്ന മുഴുവന്‍ സൈനികരുടെയും പട്ടിക ബിഎല്‍എ പുറത്ത് വിട്ടിട്ടുണ്ട്. വ്യോമാക്രമണം പാടില്ലെന്ന ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ഭീഷണി അവ?ഗണിച്ചാണ് ബന്ദികളെ മോചിപ്പിക്കാനുള്ള പോരാട്ടം പാകിസ്താന്‍ സൈന്യം ആരംഭിച്ചത്.