-->
മലയാളികളുടെ പ്രിയതാരം കലാഭവൻ നവാസിന്റെ വേര്‍പാട് തെല്ലൊന്നുമല്ല ആരാധകരെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചത്. പെട്ടെന്നൊരു ദിവസം ആരോടും ഒന്നും പറയാതെ നവാസ് വേര്‍പെട്ടപ്പോള്‍ ആ അകാലവിയോഗത്തിന്റെ നടുക്കത്തില്‍ സിനിമാലോകം കുലുങ്ങിപ്പോയി. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിലെത്തിയ നവാസ്, ഷൂട്ടിങ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
നവാസ് വിടപറഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് മക്കൾ ഇപ്പോഴും ആക്ടീവായി സൂക്ഷിക്കുന്നുണ്ട്. അതിൽവരുന്ന നവാസിന്റെ മക്കളുടെ കുറിപ്പുകള്‍ നവാസിനെ മായാതെ, മറയാതെ നിർത്താറുണ്ട്. വാപ്പിച്ചിയുടെ അകാലവിയോഗം ഇന്നും തങ്ങളുടെ ഉള്ളുലക്കുകയാണെന്ന് തെളിയിക്കുന്നതാണ് മക്കളുടെ കുറിപ്പുകൾ. കലാഭവന്‍ നവാസില്ലാത്ത ആദ്യത്തെ പെരുന്നാളായിരുന്നു ഇന്നലെ കടന്ന് പോയത്.
ഇപ്പോഴിതാ പെരുന്നാളിന് ശേഷമുള്ള ദിനത്തില്‍ വാപ്പച്ചി തന്നെ വിളിച്ച ഫോണ്‍കോളിനെക്കുറിച്ച് പറയുകയാണ് മകന്‍ റിഹാന്‍ നവാസ്. തന്നെ വാപ്പച്ചി അവസാനമായി വിളിച്ചത് ഓഗസ്റ്റ് ഒന്നാം തീയതി ആയിരുന്നെന്നും അതുകഴിഞ്ഞിട്ട് ഇന്നേക്ക് 231 ദിവസം കഴിഞ്ഞെന്നുമാണ് റിഹാന്‍ കുറിച്ചിരിക്കുന്നത്.
‘‘വാപ്പിച്ചി എന്നെ അവസാനം കോള്‍ ചെയ്തത് ഓഗസ്റ്റ് 1 വെള്ളിയാഴ്ച്ച രാവിലെ ആയിരുന്നു, അന്ന് ഇതേ സ്ഥലത്തു ഇരുന്നാണ് ഞാൻ സംസാരിച്ചത്... ആ കോള്‍ കഴിഞ്ഞിട്ട് ഇന്നേക്ക് 231 ദിവസം കടന്നു...’’ എന്നാണ് നവാസിന്റെ ചിത്രത്തിന്റെ മുന്നിലിരുന്നുള്ള ചിത്രം പങ്കിട്ട് റിഹാന്‍ കുറിച്ചത്.
ഈദ് ദിനത്തിലും വാപ്പച്ചിയുടെ ഓർമകൾ മകള്‍ പങ്കുവെച്ചിരിന്നു. ഭാര്യയെയും മക്കളെയും കൂട്ടി എന്നും പെരുന്നാളിന് ശേഷം നവാസ് ഒരു കടവില്‍ പോകാറുണ്ടത്രെ. കഴിഞ്ഞ പെരുന്നാളിന് പോയപ്പോള്‍ എടുത്ത വീഡിയോയും, ആ പെരുന്നാളിന് പാടിയ പാട്ടും ചേര്‍ത്തുവച്ചാണ് മകന്‍ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. കണ്ടു നില്‍ക്കുന്നവരെയും ഇമോഷണലാക്കുന്നതാണ് ഈ വീഡിയോ.
‘‘എല്ലാ പെരുന്നാളിനും പള്ളിയില്‍ നിന്നിറങ്ങി വാപ്പച്ചി ഞങ്ങളെ ഈ കടവില്‍ കൊണ്ടുവരും. ഇത് കഴിഞ്ഞ പെരുന്നാളിന് ഇവിടെ വന്നപ്പോള്‍ എടുത്ത വീഡിയോ ആണ്. വാപ്പച്ചി ഞങ്ങള്‍ക്ക് പറഞ്ഞു തന്ന എല്ലാ പാഠങ്ങള്‍ക്കും നന്ദി. വാപ്പച്ചി എന്നും ഞങ്ങള്‍ക്കൊപ്പമുണ്ട്...’’ എന്നാണ് വീഡിയോ പങ്കിട്ട് മക്കള്‍ കുറിച്ചത്. ചിരിച്ചു കൊണ്ട് ഭാര്യ രഹ്നയ്ക്കും മക്കളായ നഹരിനും, റിഹാനും, റിദ്വാനുമൊപ്പം നില്‍ക്കുന്ന നവാസിനെ വീഡിയോയില്‍ കാണാം.
മിക്രിയിലൂടെ വന്ന് സിനിമ അഭിനയ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് കലാഭവന്‍ നവാസ് . അഭിനേതാവ് എന്നതിനപ്പുറം മികച്ചൊരു ഗായകന്‍ കൂടെയായിരുന്നു നവാസ്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പും ഭാര്യ രഹ്നയ്ക്ക് താന്‍ പാടിയ പാട്ട് നവാസ് അയച്ചു കൊടുത്തിരുന്നു. അപ്പോഴും യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും നവാസിന് ഉണ്ടായിരുന്നില്ല എന്നതാണ് നവാസിന്റെ വിയോഗത്തില്‍ രഹ്നയെയും കുടുംബത്തെയും ഏറെ വേദനിപ്പിച്ച മറ്റൊരു കാരണം. വാപ്പച്ചി അവസാനം പാടിയ പാട്ടിന്റെ വീഡിയോയും മകന്‍ ഇതേ ഇന്‍സ്റ്റഗ്രാം പേജിലൂടെ മുന്‍പ് പങ്കുവച്ചിട്ടുണ്ട്.