-->
തിരുവനന്തപുരം: ബിജെപിയ്‌ക്കൊപ്പം ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗോദയില്‍ ഇറങ്ങുന്ന ട്വന്റി20 സെലിബ്രിട്ടികളെ വിന്യസിപ്പിച്ച് കളം പിടിക്കാന്‍ ഒരുങ്ങുന്നു. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്ന് സെലിബ്രിട്ടികളുടെ പേരാണ് പുറത്തുവന്നിരിക്കുന്നത്. ബിഗ്‌ബോസ് താരം അഖില്‍മാരാര്‍ തൃക്കാക്കരയിലും വീണാ നായര്‍ ഏറ്റുമാനൂരിലും പെരുമ്പാവൂരില്‍ നടി ലക്ഷ്മിപ്രിയയും മത്സരിക്കും.
നേരത്തേ കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന അഖില്‍ മാരാരെ ട്വന്റി20 വോട്ടുകള്‍ ഏറെയുള്ള തൃക്കാക്കരയിലാണ് സ്ഥാനാര്‍ത്ഥിയാക്കുന്നത്. വലിയ പ്രതീക്ഷയോടെ എന്‍ഡിഎ കളത്തിലിറക്കുന്ന അഖില്‍ മാരാര്‍ അമിത ആത്മവിശ്വാസം പുലര്‍ത്തുന്നില്ല. എന്നിരുന്നാലും വിജയപ്രതീക്ഷയിലാണ്. നിലവില്‍ അമ്മ വൈസ് പ്രസിഡന്റായ ലക്ഷ്മിപ്രിയ ട്വന്റി20 യുടെ ഭാഗമായി പെരുമ്പാവൂരിലാണ് മത്സരിക്കുന്നത്. ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ ബിജെപിയ്ക്ക് വേണ്ടി വോട്ട് ചെയ്യു എന്നും അഞ്ചാംക്ലാസ്സ് മുതല്‍ താന്‍ എബിവിപിക്കാരിയാണെന്നും ലക്ഷ്മി നേരത്തേ ഇട്ട പോസ്റ്റ് വൈറലായിരുന്നു.
മന്ത്രി വിഎന്‍ വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരില്‍ ശക്തമായ ആഘാതം ഉണ്ടാക്കുകയാണ് നടി വീണാ നായരെ ഇറക്കുന്നതിലൂടെ എന്‍ഡിഎ ഉദ്ദേശിക്കുന്നത്. വീണാനായരിലൂടെ മണ്ഡലം എന്‍ഡിഎയ്ക്ക് പിടിച്ചെടുക്കാമെന്നാണ് ട്വന്റി20 പ്രതീക്ഷിക്കുന്നത്. ഒമ്പതിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ട്വന്റി20 ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവമ്പാടിയില്‍ സണ്ണി തോമസും തൃക്കരിപ്പൂരില്‍ രവി കുളങ്ങരയുമാണ് സ്ഥാനാര്‍ഥികള്‍.
അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരന്‍ കുന്നത്തുനാട്ടില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മരുമകനായിരുന്ന വര്‍ഗീസ് ജോര്‍ജും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. എന്‍.ഡി.എയിലെ പ്രമുഖ ഘടക കക്ഷിയായ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി കൊടുങ്ങല്ലൂരില്‍ മത്സരിക്കുമെന്നാണ് വിവരം.