-->
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ സിപിഐഎം നേരിടുന്നത് സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത വന്‍പ്രതിസന്ധി. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിവിട്ടുപോകുകയും മുമ്പ് പാര്‍ട്ടിയുടെ മുഖമായിരുന്നവര്‍ എതിര്‍പാളയത്ത് ചേക്കേറി അവരുടെ പിന്തുണ തേടി മുഖംമാറി വരുന്നതും ഇത്തവണ സിപിഐഎം നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
ഭരണതുടര്‍ച്ചതേടി ജനങ്ങളെ സമീപിക്കാനൊരുങ്ങുമ്പോള്‍ വലിയ അച്ചടക്കമുള്ള പാര്‍ട്ടികോട്ടകളില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുകയും വിമതശബ്ദങ്ങള്‍ ഉയര്‍ന്ന നിലയില്‍ കേള്‍ക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് പാര്‍ട്ടി സെക്രട്ടറിയുടെ സ്വജനപക്ഷപാതവും മുഖ്യമന്ത്രിയുടെ മൗനവുമാണ്. കൊട്ടാരക്കര എംഎല്‍എ ആയിരുന്ന അയിഷാ പോറ്റിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി ആദ്യം കലാപക്കൊടി ഉയര്‍ത്തിയത്. മുമ്പ് ജയിച്ചുകയറിയ അതേ മണ്ഡലത്തില്‍ എതിര്‍പാളയത്തിലെ സ്ഥാനാര്‍ത്ഥിയായിട്ടാണ് അയിഷാപോറ്റി എത്തുന്നത്.
മുമ്പ് സിപിഐഎമ്മിനൊപ്പം വളര്‍ന്നുകയറിയ അയിഷാപോറ്റി മാസങ്ങള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസില്‍ എത്തിയത്. സിറ്റിങ് എംഎല്‍എയും ധനമന്ത്രിയുമായ കെ.എന്‍. ബാലഗോപാലിനെതിരേ അയിഷാപോറ്റിയുടെ സ്ഥാനാര്‍ത്ഥിത്വം കൊട്ടാരക്കരയില്‍ പാര്‍ട്ടിക്ക് കീറാമുട്ടിയായേക്കുമെന്ന് ഉറപ്പാണ്. പാലക്കാട്ടെ് പാര്‍ട്ടിയുടെ മുഖമായിരുന്ന ഷെര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയേയും ഇത്തവണ പാര്‍ട്ടിക്ക് നേരിടേണ്ടി വന്നേക്കം. യുഡിഎഫ് കൈകൊടുത്താല്‍ നേര്‍ക്കുനേര്‍ എത്തുന്ന പ്രമുഖരില്‍ ഒരാള്‍ പി.കെ. ശശിയായിരിക്കുമെന്ന് ഉറപ്പായി.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് പാലക്കാട്ട് പി.കെ. ശശി എത്തിയത്്. സിപിഎമ്മിന് എക്കാലവും വിഭാഗീയതയുടെ വലിയ തലവേദന സൃഷ്ടിച്ച ആലപ്പുഴയില്‍ ഇപ്പോള്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത് മുതിര്‍ന്ന നേതാവായ ജി. സുധാകരനാണ്. പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്ന സുധാകരന്‍, അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയില്‍ മത്സരിക്കാനൊരുങ്ങുകയാണ്.
പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരില്‍ രണ്ടുതവണയാണ് തെരഞ്ഞെടുപ്പിനോട് അടുത്ത കാലത്ത് പാര്‍ട്ടിക്ക് വിമതശല്യം ഉണ്ടായത്. ആദ്യത്തേത് പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്‌ന്റെ വകയായിരുന്നു. രണ്ടാമത്തേത് തളിപ്പറമ്പില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദന്റേതായിരുന്നു. പയ്യന്നൂരില്‍ സ്ഥലം എംഎല്‍എ ടി.ഐ മധുസുദനെതിരേ രക്തസാക്ഷിഫണ്ടില്‍ ക്രമക്കേടുണ്ടെന്ന് ആരോപണമുന്നയിച്ചത് ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന്‍ ആയിരുന്നു.
തളിപ്പറമ്പിലേത് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ കുടുംബാധിപത്യ ആരോപണമാണ്. ആരോപണത്തിന് പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കി. തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വം ഭാര്യ പി.കെ. ശ്യാമളയ്ക്ക് ലഭിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കൂടിയായ എം.വി. ഗോവിന്ദന്‍ ആസൂത്രിത നീക്കം നടത്തിയെന്ന ആരോപണമാണ് മുതിര്‍ന്ന ടി.കെ. ഗോവിന്ദന്‍ ഉന്നയിച്ചത്. സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു.
ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയ്‌ക്കൊപ്പം പാര്‍ട്ടിക്കെതിരേ മത്സരിക്കാനൊരുങ്ങുകയാണ്. എം.എം. മണിയുടെ ജില്ലയിലെ മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു രാജേന്ദ്രന്‍. മൂന്നാറിലെയും മറ്റും തോട്ടം തൊഴിലാളികള്‍ക്കുമിടയിലെ രാജേന്ദ്രന്റെ സ്വാധീനം വോട്ടായി മാറുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പാര്‍ട്ടിക്കുള്ളില്‍ പുതിയതായി ഉണ്ടായിരിക്കുന്ന പ്രകമ്പനങ്ങളെ മുതലാക്കാനാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നീക്കം. വിമര്‍ശിക്കപ്പെടുന്ന പാര്‍ട്ടി നേതൃത്വം കോടിയേരി ബാലകൃഷ്ണനെപ്പോലെ പാര്‍ട്ടിയെ കൂട്ടിപ്പിടിച്ചുനിര്‍ത്താന്‍ എം.വി. ഗോവിന്ദന് സാധിക്കുന്നില്ലെന്ന വിമര്‍ശനം ഒളിഞ്ഞും തെളിഞ്ഞും ഉയരാന്‍ തുടങ്ങിയിട്ട് കാലംകുറച്ചായി.
സിപിഎമ്മിനുള്ളിലെ കലാപക്കൊടികളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇവരെ തന്നെ അതാത് മണ്ഡലങ്ങളില്‍ പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. അമ്പലപ്പുഴയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സുധാകരനെ പിന്തുണയക്കാന്‍ നീക്കം നടത്തുന്ന കോണ്‍ഗ്രസ് തളിപ്പറമ്പില്‍ പി.കെ. ശ്യാമളയ്ക്കെതിരേ മത്സരിക്കാനൊരുങ്ങുന്ന ടി.കെ. ഗോവിന്ദനെയും പിന്തുണച്ചേക്കും. പയ്യന്നൂരില്‍ ടി.ഐ. മധുസൂദനനെതിരേ സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍ മത്സരിച്ചാലും കോണ്‍ഗ്രസ് പിന്തുണയ്ക്കും.