-->
തൃശൂര്‍; സ്‌ഥാനാര്‍ഥിനിര്‍ണയത്തില്‍ കലാപക്കൊടി ഉയര്‍ത്തി സി.പി.ഐയില്‍നിന്നു പുറത്തുവന്ന നാട്ടിക എം.എല്‍.എ: സി.സി. മുകുന്ദന്‍ ബി.ജെ.പിയില്‍. മുകുന്ദനെ ഒപ്പംകൂട്ടേണ്ടതില്ലെന്ന കോണ്‍ഗ്രസ് നിലപാട് പരസ്യമായതോടെ ബി.ജെ.പി. നടത്തിയ അതിവേഗകരുനീക്കമാണു ഫലം കണ്ടത്. ജില്ലയിലെ ദലിത് മുഖത്തെ പാര്‍ട്ടിയിലെത്തിക്കാന്‍ കഴിഞ്ഞത് ബി.ജെ.പിയുടെ നേട്ടമായപ്പോള്‍ സിറ്റിങ് എം.എല്‍.എയുടെ ചേരിമാറല്‍ സി.പി.ഐക്ക് ക്ഷീണമായി.
മുകുന്ദന്‍ പാര്‍ട്ടിയിലേക്ക് എത്തിയാല്‍ സ്വീകരിക്കുമെന്ന നിലപാടാണ് ആദ്യം മുതല്‍ ബി.ജെ.പി. സ്വീകരിച്ചിരുന്നത്. മുകുന്ദനെ കോണ്‍ഗ്രസ് തഴഞ്ഞതോടെ ബി.ജെ.പി. അതിവേഗം കാര്യങ്ങള്‍ നീക്കി. ഇന്നലെ ഒന്നോടെ മുകുന്ദന്‍ ബി.ജെ.പി. തൃശൂര്‍ ജില്ലാ കമ്മിറ്റി ആസ്‌ഥാനമായ നമോഭവനില്‍ എത്തി. എന്‍.ഡി.എ. ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്‌ണന്‍ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു.
നാട്ടികയില്‍ മുകുന്ദന്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയാകുമെന്നതില്‍ ധാരണയായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥി സുരേഷ് ഗോപി മുന്നിലെത്തിയ മണ്ഡലമാണ് നാട്ടിക. മുകുന്ദനിലൂടെ നാട്ടിക പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. നേതൃത്വം.
സി.പി.ഐ. ജില്ലാ നേതൃത്വവുമായി അകല്‍ച്ചയിലായ മുകുന്ദന് നാട്ടികയില്‍ രണ്ടാം ടേം നല്‍കേണ്ടതില്ലെന്ന തീരുമാനമാണ് പുറത്തേക്കുള്ള വഴി തുറന്നത്. ചില നേതാക്കള്‍ അനുനയം വേണമെന്ന നിലപാട് സ്വീകരിച്ചെങ്കിലും നേതൃത്വം കാര്യമായ താല്‍പ്പര്യം കാണിച്ചില്ല. ഇതിനു പിന്നാലെ മുകുന്ദന്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റിയില്‍നിന്ന് രാജിവച്ചു. തുടര്‍ന്ന് പാര്‍ട്ടിയും പുറത്താക്കുകയായിരുന്നു.