-->
കോഴിക്കോട്; ലീഗിലെ തീപ്പൊരി പ്രാസംഗികന്‍ കെ.എം ഷാജിയുടെ സീറ്റ് നിര്‍ണയിക്കുകയെന്നത് ലീഗ് സംസ്‌ഥാന നേതൃത്വത്തിന് പൊല്ലാപ്പായി. ഇതിന് മുമ്പ് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സീറ്റില്‍ നിന്ന് എം.വി. നികേഷ് കുമാറിനെ തോല്‍പിച്ച് നിയമസഭയിലെത്തിയ നേതാവാണ് ഷാജി. ഇത്തവണ അഴീക്കോട്ട് ആദ്യം തന്നെ ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്‌ദുല്‍ കരീം രംഗത്തിറങ്ങിയിരുന്നു.
മാത്രമല്ല, ഷാജി മത്സരിക്കാനെത്തുന്നതിനോട് താല്‍പര്യമില്ലെന്നാണു പാര്‍ട്ടി ജില്ലാ കമ്മിറ്റി സംസ്‌ഥാന നേതൃത്വത്തെ അറിയിച്ചത്. തുടര്‍ന്ന് ഷാജിയുടെ നോട്ടം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയായിരുന്നു. കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം എതിര്‍പ്പ് അറിയിച്ചതോടെ അടുത്ത ശ്രമം കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് മണ്ഡലമായി. എന്നാല്‍, ഷാജി കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായതോടെ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തി. 'ഞങ്ങള്‍ ലീഗുകാര്‍' എന്ന പേരില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷാജിക്കെതിരെ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കാസര്‍ഗോഡിന് പുറത്തുനിന്നുള്ള ഇറക്കുമതി സ്‌ഥാനാര്‍ത്ഥികളെ വേണ്ടെന്നും ജില്ലയ്‌ക്ക് സ്വന്തം സ്‌ഥാനാര്‍ത്ഥിയെയാണ് ആവശ്യമെന്നുമാണ് പോസ്‌റ്ററിലെ പ്രധാന ആവശ്യം. നിലവില്‍ എന്‍.എ. നെല്ലിക്കുന്ന് പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയാണ് കാസര്‍ഗോഡ്. ഇത്തവണ ഷാജി ഇവിടെ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും മണ്ഡലത്തില്‍ സജീവമാകുകയും ചെയ്‌തതോടെയാണ് പ്രാദേശിക തലത്തില്‍ എതിര്‍പ്പുകള്‍ ശക്‌തമായത്.
1957-ല്‍ രൂപീകൃതമായ കാസര്‍ഗോഡ് മണ്ഡലം കാലങ്ങളായി മുസ്‌ലിം ലീഗിനെയാണ് തുണയ്‌ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്‌ഥാനാര്‍ത്ഥി പട്ടികയില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ വരുന്നതായി സൂചനയുണ്ട്. ലീഗിന്റെ പ്രമുഖ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ മലപ്പുറം മണ്ഡലത്തിലേക്ക് മാറും. കുഞ്ഞാലിക്കുട്ടിയുടെ സിറ്റിങ് സീറ്റായ വേങ്ങരയില്‍ കെ.എം. ഷാജിയെ മത്സരിപ്പിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.
ഷാജിക്ക് ഉറച്ച സീറ്റ് നല്‍കണമെന്ന പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ നിലപാടാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകം. താന്‍ മത്സരത്തിനില്ലെന്നും സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായി സംഘടനാരംഗത്ത് തുടരാനാണ് താല്‍പര്യമെന്നും പി.എം.എ. സലാം നേതൃത്വത്തെ അറിയിച്ചു.
മലപ്പുറത്ത് ചേരുന്ന ലീഗ് നേതൃയോഗത്തില്‍ സ്‌ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി. ഓരോ നേതാക്കളുമായും സാദിഖ് അലി തങ്ങള്‍ വ്യക്‌തിപരമായി സംസാരിച്ച് അഭിപ്രായം തേടുന്നുണ്ട്. ഇന്നോ നാളെയോ പാണക്കാട് വച്ച് തങ്ങള്‍ സ്‌ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
സി.ഒ.ടി അസീസ്