Wednesday, March 18, 2026 Last Updated 37 Min 38 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 16 Mar 2026 11.36 PM

അയോഗ്യനാക്കിയ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കി വെള്ളാപ്പള്ളി

uploads/news/2026/03/830556/k7.jpg

കൊച്ചി: എസ്‌.എന്‍.ഡി.പി. യോഗം ഡയറക്‌ടര്‍ ബോര്‍ഡില്‍ നിന്ന്‌ അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിള്‍ബെഞ്ച്‌ ഉത്തരവിനെതിരേ ജനറല്‍ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളി നടേശന്‍ അപ്പീല്‍ ഹര്‍ജി നല്‍കി. വൈസ്‌ പ്രസിഡന്റായിരുന്ന മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ചേര്‍ന്നാണ്‌ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്‌.
സിംഗിള്‍ ബെഞ്ച്‌ ഉത്തരവ്‌ അധികാരപരിധി മറികടന്നാണെന്നും കമ്പനികളുടെ ആഭ്യന്തര കാര്യങ്ങളിലും ഡയറക്‌ടര്‍മാരുടെ അയോഗ്യത സംബന്ധിച്ച തര്‍ക്കങ്ങളിലും ഇടപെടാന്‍ ഹൈക്കോടതിക്ക്‌ അധികാരമില്ലെന്നുമാണു വാദം. ഇത്തരം വിഷയങ്ങള്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലാണ്‌ പരിഗണിക്കേണ്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന്‌ ചീഫ്‌ ജസ്‌റ്റിസിന്റെ ബെഞ്ചില്‍ പരിഗണനക്കെത്തിയേക്കും.
കമ്പനി നിയമപ്രകാരം നല്‍കേണ്ട വാര്‍ഷിക റിട്ടേണ്‍ നല്‍കുന്നതിലടക്കം വീഴ്‌ച വരുത്തിയെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സിംഗിള്‍ബെഞ്ച്‌ വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ഉത്തരവിട്ടത്‌. കേരള കമ്പനി നിയമപ്രകാരം ഉണ്ടാകേണ്ട ഡയറക്‌ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ഡി.ഐ.എന്‍) വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്ക്‌ ഇല്ലെന്നും കോടതി കണ്ടെത്തിയിരുന്നു. എസ്‌.എന്‍.ഡി.പി. യോഗം ഒരു സ്വകാര്യ കമ്പനിയാണെന്നും അതിന്റെ ആഭ്യന്തര വിഷയങ്ങളില്‍ റിട്ട്‌ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും നേരത്തെ ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടിരുന്നു. എന്നാല്‍, സുപ്രീം കോടതി സ്‌റ്റേ ചെയ്‌ത മറ്റൊരു കേസിലെ നിരീക്ഷണങ്ങള്‍ ആധാരമാക്കിയാണ്‌ സിംഗിള്‍ ബെഞ്ച്‌ ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്‌.
ഇത്‌ നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
മുമ്പ്‌ കമ്പനി രജിസ്‌ട്രാര്‍ക്കു നല്‍കിയിരുന്ന വാര്‍ഷിക റിട്ടേണുകള്‍, 2005 ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം സംസ്‌ഥാന രജിസ്‌ട്രാര്‍ ജനറലിന്‌ നല്‍കിത്തുടങ്ങിയിരുന്നു. രേഖകള്‍ വര്‍ഷങ്ങളോളം ഹൈക്കോടതിയുടെ കസ്‌റ്റഡിയിലായിരുന്നതിനാല്‍ ചില സാങ്കേതിക തടസങ്ങള്‍ നേരിട്ടുവെന്നത്‌ മാത്രമാണ്‌ വസ്‌തുത. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സാധുവായ ഡയറക്‌ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പറുകള്‍ (ഡി.ഐ.എന്‍) ഹാജരാക്കിയിട്ടും സിംഗിള്‍ ബെഞ്ച്‌ അതു പരിഗണിച്ചില്ല.
സംസ്‌ഥാന സര്‍ക്കാര്‍ ഇത്തരമൊരു നമ്പര്‍ നല്‍കാന്‍ ചട്ടങ്ങള്‍ പോലും രൂപീകരിച്ചിട്ടില്ലെന്ന്‌ കോടതി തന്നെ സമ്മതിക്കുന്നുമുണ്ട്‌. എന്നാല്‍, ഈ വൈരുധ്യങ്ങള്‍ കോടതി പരിഗണിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സിംഗിള്‍ബെഞ്ച്‌ ഉത്തരവിലൂടെ അയോഗ്യത നേരിട്ട ഡോ.എം.എന്‍. സോമന്‍, അരയാക്കണ്ടി സന്തോഷ്‌ തുടങ്ങിയവരും അപ്പീലില്‍ കക്ഷികളാണ്‌.

Ads by Google
Ads by Google
TRENDING NOW