-->
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ കുറുമ സമുദായംഗത്തിന് കോണ്‍ഗ്രസ് സീറ്റ് നല്‍കണമെന്ന ആവശ്യവുമായി കുടി കാരണവന്‍മാരും ഊരു മൂപ്പന്‍മാരും രംഗത്ത്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ മാനന്തവാടി, ബത്തേരി മണ്ഡലങ്ങളില്‍ കുറിച്യ സമുദായംഗങ്ങള്‍ക്കാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. ബത്തേരിയില്‍ കുറിച്യ സമുദായത്തില്‍പ്പെട്ട ഐ.സി. ബാലകൃഷ്‌ണനെ വീണ്ടും മത്സരപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ച സാഹചര്യത്തിലാണ് കുറുമ വിഭാഗം ഈ ആവശ്യവുമായി രംഗത്തുവന്നത്.
കുറുമ വിഭാഗത്തില്‍പ്പെട്ട കാല്‍ ലക്ഷത്തില്‍പരം വോട്ടര്‍മാരുള്ള മണ്ഡലമാണ് ബത്തേരി. ഇതു കണക്കിലെടുത്ത് കുറുമ സമുദായത്തില്‍പ്പെട്ടയാളെ ഇവിടെ സ്‌ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്ന് കുടി കാരണവന്‍മാരായ വേലായുധന്‍ നേടിയന്‍ചേരി, ശിവരാമന്‍ നാഗത്താന്‍കോട്ട, അച്യുതന്‍ തുടിവെട്ടി, കുഞ്ചു കാപ്പക്കുന്ന്, ചെറിയമല ഊരു മൂപ്പന്‍ സി.കെ. ബിനു എന്നിവര്‍ ആവശ്യപ്പെട്ടു. അതിനിടെ, മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ താത്‌പര്യം അറിയിച്ച് പുല്‍പ്പള്ളി സ്വദേശിയായ ആദിവാസി കോണ്‍ഗ്രസ് മുന്‍ അഖ്യലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ ഇ.എ. ശങ്കരന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്ക് കത്ത് നല്‍കി. കുറുമ സമുദായാംഗമാണ് ശങ്കരന്‍. മൂന്നു തെരഞ്ഞെടുപ്പുകളിലും ബത്തേരിയില്‍ വിജയിച്ച ഐ.സി. ബാലകൃഷ്‌ണനെതിരേ വിജിലന്‍സ്, പോലീസ് കേസുകളുണ്ട്. ബാലകൃഷ്‌ണന്‍ വീണ്ടും മത്സരിക്കുന്നത് മണ്ഡലം യു.ഡി.എഫിന് നഷ്‌ടപ്പെടാന്‍ കാരണമാകും. സീറ്റ് നിലനിര്‍ത്തുന്നതിന് ഉതകുന്ന സാഹചര്യം സൃഷ്‌ടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണം. ബത്തേരിയില്‍ ജയസാധ്യതയുള്ള സ്‌ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുമ്പില്‍ ഇനിയും സമയമുണ്ടെന്നും കുറുമ സമുദായനേതാക്കള്‍ പറഞ്ഞു.