-->
തൃശൂര്‍: ചിമ്മിനി ഉള്‍ക്കാട്ടില്‍ ഫോറസ്‌റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാര്‍ (42 ) ആണു മരിച്ചത്. മംഗലം ഡാമിന്റെയും ചിമ്മിനി ഡാമിന്റെയും അതിര്‍ത്തിപ്രദേശമായ ഒളകരകവയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഫയര്‍ലൈന്‍ ജോലിക്കായി പോയ ആറംഗ സംഘത്തിനു നേരെയാണ് പിടിയാനയുടെ ആക്രമണമുണ്ടായത്.
ആനയുടെ മുന്നിലകപ്പെട്ട സംഘം പലവഴിക്കായി ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിനുശേഷം ഇവര്‍ തിരിച്ചെത്തിയപ്പോള്‍ കാട്ടാന ആക്രമിച്ച നിലയില്‍ കുമാറിനെ കാണുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ബീറ്റ് ഫോറസ്‌റ്റ് ഓഫീസര്‍മാരായ ബിന്നി, ശ്രീജിത്ത്, വാച്ചര്‍മാരായ ഫാരിസ്, വിബിന്‍, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് കുമാറിനെ കാടിനു പുറത്തെത്തിച്ചത്. തുടര്‍ന്ന് വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിക്കും. കുമാറിന്റെ പിതാവ്: ബാലന്‍, മാതാവ്: അമ്മാളു.