-->
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് ജി. സുധാകരനു പിന്തുണ നല്‍കുന്ന കാര്യത്തില്‍ യു.ഡി.എഫ്. നേതാക്കള്‍ക്കിടയില്‍ ഭിന്നത. ഔദ്യോഗിക പിന്തുണ നല്‍കിയാല്‍ രാഷ്‌ട്രീയസന്ദേശം തെറ്റായിപ്പോകുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. സി.പി.എമ്മില്‍നിന്നു പുറത്തുവന്ന നേതാവിനെ പിന്തുണയ്‌ക്കുന്നതു രാഷ്‌ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്. അമ്പലപ്പുഴയിലെ രാഷ്‌ട്രീയ സാഹചര്യം കണക്കിലെടുത്തു സുധാകരന് അനുകൂലമായ നിലപാടു സ്വീകരിക്കണമെന്ന നിലപാടുള്ളവരും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ട്. പ്രാദേശിക തലത്തില്‍ അദ്ദേഹത്തിനു ശക്‌തമായ സ്വാധീനമുണ്ടെന്നും അത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.