Friday, March 13, 2026 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

'ലോകം മുഴുവന്‍ നേടിയാലും ആത്മാവ്‌ നഷ്‌ടപ്പെട്ടാല്‍ എന്തു നേട്ടം?'

കോട്ടയം: സി.പി.എമ്മുമായി ബന്ധം വിഛേദിച്ച ജി. സുധാകരനെ പിന്തുണച്ച്‌ യാക്കോബായ സഭയിലെ ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത. 'ഇടതുപക്ഷം ആത്മപരിശോധന നടത്തണം' എന്ന തലക്കെട്ടോടെ ഫെയ്‌സ്‌ ബുക്കില്‍ എഴുതിയ കുറിപ്പിലാണ്‌ ജി. സുധാകരനെ പിന്തുണയ്‌ക്കുകയും സി.പി.എമ്മിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്‌തിരിക്കുന്നത്‌. അറിയപ്പെടുന്ന ഇടതുസഹയാത്രികന്‍കൂടിയാണ്‌ ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌.
ഫെയ്‌സ്‌ ബുക്ക്‌ കുറിപ്പില്‍നിന്ന്‌: 'കേരളത്തില്‍ എനിക്ക്‌ ഏറ്റവും ബഹുമാനമുള്ള രാഷ്‌ട്രീയ നേതാക്കളില്‍ മുന്‍പന്തിയിലാണ്‌ ജി. സുധാകരന്റെ സ്‌ഥാനം. സമകാലികം മലയാളത്തില്‍ അദ്ദേഹത്തെക്കുറിച്ച്‌ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു ലേഖനവും ഞാന്‍ എഴുതിയിട്ടുണ്ട്‌.
ഉത്തമനായ കമ്യൂണിസ്‌റ്റ്‌, അഴിമതിക്കറ പുരളാത്ത പൊതുപ്രവര്‍ത്തകന്‍, മികച്ച മന്ത്രി, നല്ല വായനയും അറിവും പ്രത്യയശാസ്‌ത്ര പ്രതിബദ്ധതയും ഉള്ള നേതാവ്‌, ലാളിത്യം ഉള്‍പ്പെടെ ഇടതുപക്ഷ മൂല്യങ്ങള്‍ കെടാതെ സൂക്ഷിക്കുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാള്‍. ഈ കാര്യങ്ങളില്‍ ശത്രുക്കള്‍ പോലും മറിച്ച്‌ ഒരു അഭിപ്രായം പറയാത്ത ആള്‍! അദ്ദേഹവും തന്റെ 63 വര്‍ഷം നീണ്ട പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.
ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെ പ്രത്യാക്രമണം വഴിയും സൈബര്‍ ആക്രമണം വഴിയും പരിഹാസം വഴിയും നേരിടുന്ന സമീപനം ഇടതുപക്ഷത്തിന്‌ എത്രനാള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും? ഇടതുപക്ഷത്തുനിന്ന്‌ ഇടതുപക്ഷത്തിന്റെ അപചയത്തെ വിമര്‍ശിക്കുന്നവര്‍ക്കാണ്‌ അപചയം എന്ന രീതിയിലുള്ള പ്രതികരണങ്ങള്‍കൊണ്ട്‌ എത്ര നാള്‍ പിടിച്ചുനില്‍ക്കും? സാധിക്കില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ സുധാകരന്‍. ബാക്കി എല്ലാ വിഷയങ്ങളും അങ്ങനെ നില്‍ക്കട്ടെ - 60 വര്‍ഷം പ്രസ്‌ഥാനത്തെ സ്‌നേഹിച്ച, സേവിച്ച ഒരു നേതാവിനെ അദ്ദേഹത്തിന്റെ ജീവിത സായാഹ്‌നഹ്നത്തില്‍ ചേര്‍ത്തുനിര്‍ത്താനുള്ള മാനുഷിക മൂല്യങ്ങളില്ലാതെ പോയാല്‍ പിന്നെ എന്ത്‌ ഇടതുപക്ഷം? ലോകം മുഴുവന്‍ നേടിയാലും ആത്മാവ്‌ നഷ്‌ടപ്പെട്ടാല്‍ എന്തു നേട്ടം?'

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW