-->
എരുമപ്പെട്ടി (തൃശൂര്‍): കിടപ്പുരോഗിയായ വയോധികയെ വീടിനകത്തു കട തെരുവുനായ കടിച്ചുകൊന്നു. വീട്ടില്‍ ഇവര്‍ക്കൊപ്പം കഴിയുന്ന മാനസികാസ്വാസ്‌ഥ്യമുള്ള മകനും തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരുക്ക്. തൃശൂര്‍ കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് കൊല്ലംപടി കിഴക്കേ പുരയ്‌ക്കല്‍ വീട്ടില്‍ കാര്‍ത്ത്യായനി(84)യാണു മരിച്ചത്. മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്ന മകന്‍ ദേവദാസി (60)നാണ് ഗുരുതരമായി പരുക്കേറ്റത്. ദേവദാസിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം. രണ്ട് വര്‍ഷം മുമ്പ് വീഴ്‌ചയില്‍ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് കിടപ്പ് രോഗിയായി വീടിനകത്ത് കഴിയുകയായിരുന്നു കാര്‍ത്യായനി. മാനസികാസ്വസ്‌ഥ്യമുള്ള മകന്‍ ദേവദാസ് മാത്രമാണ് കൂട്ടിനുളളത്. സമീപത്ത് താമസിക്കുന്ന മറ്റൊരു മകന്‍ മണി അഞ്ചരയോടെ വീട്ടിലെത്തിയിരുന്നു. ഭക്ഷണം കൊണ്ടുവരാനായി പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് തെരുവുനായ അകത്ത് കയറി ആക്രമണം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. രക്‌തത്തില്‍ കുളിച്ച്, മുഖമടക്കം ശരീരമാസകലം വികൃതമായ നിലയില്‍ ചലനമറ്റ അമ്മയെയാണു മണി കണ്ടത്. അടുത്ത മുറിയിലേക്ക് കയറിയപ്പോഴാണ് തെരുവുനായ ദേവദാസിനെ ആക്രമിക്കുന്നത് കണ്ടതെന്ന് മണി പറയുന്നു.
മണിയെ കണ്ടതോടെ നായ ഇറങ്ങിയോടി രക്ഷപ്പെട്ടു. ഈ നായ തന്നെ പുറത്ത് വെച്ച് മറ്റൊരാളെ കടിച്ചതായും പറയുന്നു. നായയെ കണ്ടെത്താന്‍ രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.