-->
എതിര്‍പാര്‍ട്ടികള്‍ ചെയ്യുന്നതിനെ വിമര്‍ശിക്കുന്ന തരത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുണ്ടാകുന്ന വാക്പോരുകള്‍ സര്‍വ്വസാധാരമാണ്. അതൊക്കെ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എയുടെ പ്രചാരണ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളസന്ദര്‍ശനം നടത്തി. അതിന്റെ ഭാഗമായി എസ്പിജി ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയിലുള്ള അതൃപ്തി മന്ത്രി എംബി രാജേഷ് ഇക്കഴിഞ്ഞ ദിവസം പരസ്യമാക്കിയിരുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ ഉണ്ടായ അനുഭവം മന്ത്രി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കുകയും ചെയ്തു. മന്ത്രിയാണെന്ന് അറിഞ്ഞിട്ടും വിഐപി പാസുണ്ടായിട്ടും ആധാര്‍ കാര്‍ഡ് ചോദിച്ചത് അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു എം.ബി. രാജേഷ് പറഞ്ഞത്.
ഇപ്പോഴിതാ എസ്പിജിയുടെ സുരക്ഷാ പരിശോധന സംബന്ധിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നരേന്ദ്ര മോദിയുടെ പരിപാടിയില്‍ ഇന്നലെ താനും പങ്കെടുത്തിരുന്നെന്നും നാല് സ്ഥലത്താണ് ആധാര്‍ കാര്‍ഡ് ചോദിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടെയുള്ളവര്‍ കേന്ദ്ര മന്ത്രിയാണിത് എന്ന് സൂചിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ലെന്നും അവര്‍ പരിശോധന നടത്തിയെന്നും ഇത്തരം പരിശോധന നേരത്തെയുള്ളതാണ് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘‘നാലു സ്ഥലത്താണ് ഇന്നലെ എന്നോട് ആധാര്‍ കാര്‍ഡ് ചോദിച്ചത്. എന്റെ കൂടെ നിന്നവര്‍ പറഞ്ഞു ‘എംഒഎസ്’ ആണെന്ന്. പക്ഷേ ‘പറ്റില്ല...ഞങ്ങള്‍ക്ക് പരിശോധിക്കണം...’ എന്നാണവര്‍ പറഞ്ഞത്. എന്നെ അവര്‍ക്കറിയാം, എന്നിട്ടും പരിശോധിച്ചു. എനിക്കിതു നേരത്തെ അറിയാവുന്നതു കൊണ്ട് ഇന്നലെ എനിക്ക് പേടിയായി. ഇനി ആധാര്‍ കാര്‍ഡ് പോരാ എന്നു പറഞ്ഞാല്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ എല്ലാം ഒറിജിനലും കരുതിയിരുന്നു. എല്ലാം അവരുടെ മുന്നില്‍ വച്ചു. അങ്ങനെയാണവരെ നമ്മള്‍ തോല്‍പ്പിക്കേണ്ടത്. അവര്‍ക്ക് തോല്‍ക്കാനോ നമുക്ക് ജയിക്കാനോ അല്ലിത്. നമുക്ക് ഓരോ കാറ്റഗറിയുണ്ട്. അതിന് അനുസരിച്ചുള്ള പരിശോധനകള്‍ നടക്കും.
ഇസഡ്, ഇസഡ് പ്ലസ്, വൈ തുടങ്ങി പല കാറ്റഗറികളുമുണ്ട്. വൈ കാറ്റഗറിയില്‍ തന്നെ വകഭേദങ്ങളുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് അത് പാലിച്ചേ മതിയാകൂ. അമിത് ഷായോടും നേരത്തെ പാസിന് പുറമെ ആധാര്‍ കാണിക്കാന്‍ പറഞ്ഞ സംഭവമുണ്ടായിട്ടുണ്ട്. അമിത് ഷായെ അവര്‍ക്ക് അറിയാം. എല്ലാവരോടും ചോദിക്കുമ്പോള്‍ അമിത് ഷായോടും ചോദിക്കും.
ഇന്നലെ തന്നെ ഒരു സ്ഥലത്ത് ദേഹപരിശോധന നടത്തിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? പ്രധാനമന്ത്രി വരുന്ന പെട്രോളിയത്തിന്റെ പരിപാടിയായിട്ടും എന്നെ പരിശോധിച്ചു. ഗവര്‍ണര്‍ക്ക് പരിരക്ഷ ഉള്ളതിനാല്‍ പരിശോധിച്ചില്ല. എന്നാല്‍ എന്നെ പരിശോധിച്ചു. അവര്‍ക്ക് സംശയം തോന്നിയപ്പോള്‍ ഷര്‍ട്ട് പൊക്കി ബെല്‍റ്റിന്റെ ബക്കിള്‍ ആണെന്ന് മറുപടി നല്‍കി. കേരള പോലീസ് ഈ സമയം കേന്ദ്രമന്ത്രിയാണിത് എന്ന് പറഞ്ഞെങ്കിലും അവര്‍ പരിശോധന നടത്തി. ഇത് പതിവ് പരിശോധനയാണെന്നായിരുന്നു മറുപടി... ബെല്‍റ്റിന്റെ ബക്കിള്‍ ആണെന്ന് പറഞ്ഞപ്പോള്‍ പൊയ്ക്കോളാന്‍ അവര് പറഞ്ഞു. ഇനിയിപ്പോള്‍ ഇതിന്റെ പേരില്‍ ഞാനവരെ തുണി പൊക്കി കാണിച്ചു എന്നു പറയുന്ന സംസ്കാരവും ഇവിടെയുണ്ട്.... ’’ സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസം ആധാര്‍ കാര്‍ഡ് ചോദിച്ചതിനെ തുടര്‍ന്ന് മന്ത്രി എംബി രാജേഷ് പരിപാടിയില്‍ പങ്കെടുക്കാതെ തിരിച്ചുപോകാന്‍ തീരുമാനിച്ചിരുന്നു. ഒടുവില്‍ പ്രോട്ടോകോള്‍ ഉദ്യോഗസ്ഥരും എസ്പിജിയും തമ്മില്‍ തര്‍ക്കമായി. അവസാനം എസ്പിജി ഉദ്യോഗസ്ഥര്‍ മന്ത്രിയെ പ്രവേശിക്കാന്‍ അനുമതി നല്‍കി എന്നാണ് എംബി രാജേഷ് വിശദീകരിച്ചത്. ഈ വിവാദം നിലനില്‍ക്കെയാണ് എസ്പിജിയുടെ സുരക്ഷാ പരിശോധന സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.