Friday, March 13, 2026 Last Updated 36 Min 50 Sec ago English Edition
Todays E paper
Ads by Google

അന്തര്‍ധാര

രാമചന്ദ്രന്‍
രാമചന്ദ്രന്‍
Monday 09 Mar 2026 11.31 PM

പിണറായി കാണുന്ന കൊട്ടാര വിപ്ലവം

വി.എസ്‌. കൂടി വിചാരിച്ചിട്ടാണ്‌ വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയത്‌; പിന്നെ വിജയന്‍ വി.എസിനെ വെട്ടി നിരത്തി. വിജയന്‍ വിചാരിച്ചിട്ടാണ്‌ ഗോവിന്ദന്‍ വന്നത്‌; ഇപ്പോള്‍ ഗോവിന്ദന്റെ ഊഴമാണ്‌.
uploads/news/2026/03/829269/lk11.jpg

കാന്തപുരം മുസലിയാരുടെ യുനാനി കോളജിന്‌ എയ്‌ഡഡ്‌ പദവി കൊടുത്ത ശേഷം പിണറായി വിജയന്‍ അദ്ദേഹത്തെ മര്‍കസില്‍ പോയി കണ്ടത്‌ പല സ്‌മരണകള്‍ ഉണര്‍ത്തി. നാല്‌ ദശകം ജമാ അത്തെ ഇസ്ലാമിയെ കൂടെ കൊണ്ടു നടന്ന സി.പി.എം, ആ സംഘടന സതീശനൊപ്പം പോയ ശേഷവും, മുസ്ലിം വോട്ടുകളില്‍ പ്രതീക്ഷ വയ്‌ക്കുന്നു. മോദിയുടെ ഇന്ത്യയില്‍ മുസ്ലിംകള്‍ സുരക്ഷിതര്‍ എന്ന്‌ ഉസ്‌താദ്‌ പറഞ്ഞിരുന്നു എന്നോര്‍ക്കണം. മോദിയെയും വിജയനെയും ഒരുപോലെ സുഖിപ്പിക്കാന്‍ വെള്ളാപ്പള്ളിയുടെ സിലബസ്‌ കാന്തപുരം വായ്‌പ വാങ്ങിയിരിക്കാം.

മര്‍കസ്‌ യാത്രയില്‍ വിജയന്‍, ഗോവിന്ദനെ ഒപ്പം കൂട്ടിയില്ല എന്നത്‌ രാഷ്‌ട്രീയമായി പ്രധാനമാണ്‌. തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ ഇതുപോലെ സി.പി.എമ്മില്‍ അസ്വാരസ്യങ്ങള്‍ പുകഞ്ഞത്‌ മുന്‍പ്‌ വി.എസിന്‌ സ്‌ഥാനാര്‍ത്ഥിത്വം നിഷേധിച്ചപ്പോള്‍ മാത്രമാണ്‌. ഒരു കേഡര്‍ പാര്‍ട്ടി അസ്വസ്‌ഥമാകുന്നത്‌ കണ്ട്‌ അന്ന്‌ കേരളം ഞെട്ടി. ഇന്ന്‌ കണ്ണൂരും പാലക്കാട്ടും ആലപ്പുഴയിലും പത്തനംതിട്ടയിലും പാര്‍ട്ടി പുകയുന്നത്‌ അത്‌ അങ്ങനെ വേണമെന്ന്‌ പാര്‍ട്ടിയിലെ പിണറായി വിരുദ്ധ ചേരി കാണുന്നത്‌ കൊണ്ടാണ്‌.

പാര്‍ട്ടി ഇങ്ങനെ ആയിരുന്നില്ല. ഒരു സഖാവിന്‌ മനഃപ്രയാസം ഉണ്ടായാല്‍ കണ്ടു സംസാരിച്ച്‌ പാര്‍ട്ടിയില്‍ നിലനിര്‍ത്തുക എന്നതാണ്‌ സി.എച്ച്‌. കണാരനും എ.കെ.ജിയുമൊക്കെ ചെയ്‌തു പോന്നത്‌. നക്‌സലിസത്തിലേക്ക്‌ ചാഞ്ഞ വിജയനെ തന്നെ അങ്ങനെ മടക്കിക്കൊണ്ടു വന്നതാണ്‌. നക്‌സലായ ഗോവിന്ദന്‍ പിന്നെ "എനിക്കൊരു ജോലി വേണം, വീട്‌ വേണം" എന്നൊക്കെ പറഞ്ഞ്‌ തീവ്രവിപ്ലവം വിടുകയായിരുന്നു.
എന്നാല്‍, ജി. സുധാകരനും കുഞ്ഞിക്കണ്ണനുമൊക്കെ ഇടഞ്ഞപ്പോള്‍ അതങ്ങനെ നീറട്ടെ എന്ന്‌ ഗോവിന്ദന്‍ കരുതി. ഗോവിന്ദന്‍ പുച്‌ഛിച്ചു ചിരിച്ചപ്പോള്‍ സുധാകരന്‍ യുദ്ധത്തിനിറങ്ങി. പണ്ട്‌ പാഞ്ചാലി ആക്കി ചിരിച്ചപ്പോള്‍, മഹാഭാരത യുദ്ധമുണ്ടായി.

വിജയന്‌ മാത്രമല്ല, സുധാകരനും പഴയ ഹിന്ദുത്വ ഓര്‍ക്കാനുണ്ട്‌. ഇരുവര്‍ അഭിമുഖത്തില്‍ വിജയന്‍ വീട്ടില്‍ ഭാഗവതവും രാമായണവുമൊക്കെ വായിച്ചിരുന്നത്‌ ഓര്‍ത്തു; ഒരു സന്യാസി ഉള്ളിലുള്ളതിനാല്‍ ഒന്നിനോടും, പ്രത്യേകിച്ച്‌ അധികാരത്തോട്‌ മമതയില്ല എന്ന്‌ ഉദ്‌ഘോഷിച്ചു. അതുകൊണ്ടാണ്‌ മൂന്നാമൂഴത്തിന്‌ വേണ്ടി പരിശ്രമിക്കുന്നത്‌ എന്ന്‌ ജനത്തിനറിയുകയും ചെയ്യാം. പി. ഗോവിന്ദപ്പിള്ള, എം.എന്‍. വിജയന്‍, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയവര്‍ ആലുവയില്‍ സ്വാമി ആഗമാനന്ദന്റെ ശിഷ്യരായിരുന്ന പുഷ്‌കല കാലം വിജയന്‌ അറിയാമായിരിക്കാം.
വിജയന്‍ ഉണ്ടായിരുന്നതിനാല്‍ മലപ്പുറത്ത്‌ പ്രശ്‌നമില്ലാതെ കുംഭമേള നടത്താന്‍ പറ്റി; ഇന്ത്യയില്‍ ഗോശാലയുള്ള മുഖ്യമന്ത്രിമാര്‍ രണ്ടു പേരാണ്‌ -യോഗി ആദിത്യനാഥും വിജയനും. ആഗോള അയ്യപ്പ സംഗമത്തില്‍ വായിച്ച ആശംസാ സന്ദേശം യോഗിയുടേത്‌ മാത്രമാണ്‌. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം.

ഇത്തരത്തില്‍ സനാതനിയായ വിജയനെ വെല്ലും വിധം ഹിന്ദുത്വ ഭൂതകാലം സുധാകരനുണ്ട്‌. അച്‌ഛന്‍ പി. ഗോപാലക്കുറുപ്പ്‌ ക്ഷേത്രങ്ങളില്‍ പുരാണ പ്രഭാഷകന്‍ ആയിരുന്നു. രാമായണവും ഭാരതവുമൊക്കെ സുധാകരനും വായിച്ചിട്ടുണ്ട്‌. ജൂബിലി നവപ്രഭയെക്കൊണ്ട്‌ സുധാകരനെ വിവാഹം ചെയ്യിച്ച കെ.ആര്‍. ഗൗരിയമ്മ ആവശ്യപ്പെട്ട പ്രകാരം, കെ. പ്രകാശം പരിഭാഷ ചെയ്‌ത മഹാഭാരതം അവര്‍ക്ക്‌ ഞാന്‍ എത്തിക്കുകയുണ്ടായി.
ഒ.എന്‍.വിയെപ്പോലെ അല്ലെങ്കിലും, കവിയാണ്‌ സുധാകരനും. ജി. ശങ്കരക്കുറുപ്പിനെപ്പോലെ ആകണം എന്നതായിരുന്നു ഒ.എന്‍.വിയുടെ അഭിലാഷം. കവിത എഴുതണമെന്ന്‌ മാത്രമല്ല, ജ്‌ഞാനപീഠം കിട്ടണമെന്നും ആശിച്ചു. അതിനാലാണ്‌ ഒ.എന്‍.വി. കുറുപ്പ്‌ എന്ന പേര്‌ തന്നെ സ്വീകരിച്ചത്‌. സുധാകരനും ആ രീതിയില്‍ സുധാകര കുറുപ്പ്‌ എന്ന പേര്‌ സ്വീകരിക്കാമായിരുന്നു. സുധാകരന്‌ ആകെയുള്ള ദോഷം കവിതയെഴുതുന്നു എന്നത്‌ മാത്രമാണ്‌. അമ്പലപ്പുഴയില്‍ കവികളും കവിതാസ്വാദകരും മാത്രമേ അദ്ദേഹത്തിനെതിരേ വോട്ട്‌ ചെയ്യൂ.

ധര്‍മടം, ധര്‍മസങ്കടം

വിജയനില്‍നിന്ന്‌ സുധാകരനില്‍ ഹിന്ദുത്വ എത്തുമ്പോള്‍ ചെറിയ വ്യത്യാസമുണ്ട്‌. വിജയനെപ്പോലെ ആര്‍.എസ്‌.എസ്‌. ബന്ധം രഹസ്യമല്ല. "കാപട്യമില്ലാത്ത മതേതരത്വം ഉള്ളത്‌ ആര്‍.എസ്‌.എസിനാണ്‌" എന്ന്‌ സുധാകരന്‍ പരസ്യമായി സര്‍ട്ടിഫിക്കറ്റ്‌ കൊടുത്തിരിക്കുന്നു. അമ്പലപ്പുഴയില്‍ ബി.ജെ.പിക്ക്‌ 25000 വോട്ടുണ്ട്‌. സലാമിനെ തോല്‍പിക്കാന്‍ അത്‌ സുധാകരന്‌ വേണം. ധര്‍മടത്ത്‌ ബി.ജെ.പി. വിജയന്‌ കുത്തുന്നതായി തെരഞ്ഞെടുപ്പ്‌ കണക്ക്‌ നോക്കുമ്പോള്‍ പിടി കിട്ടും. അവിടെ കോണ്‍ഗ്രസ്‌ വോട്ട്‌, വിജയന്‍ നിന്ന രണ്ടു തെരഞ്ഞെടുപ്പുകളിലായി 14% കുറഞ്ഞത്‌ ക്രോസ്‌ വോട്ടിങ്‌ തന്നെ.

അമ്പലപ്പുഴയില്‍ സുധാകരന്‍, പയ്യന്നൂരില്‍ കുഞ്ഞികൃഷ്‌ണന്‍, ഒറ്റപ്പാലത്ത്‌ പി.കെ. ശശി തുടങ്ങിയവര്‍ നില്‍ക്കുമ്പോള്‍ ആ മണ്ഡലങ്ങള്‍ മാത്രമല്ല, ജില്ലയിലെ പാര്‍ട്ടി തന്നെയും നീറും. ഇറാനെ ട്രംപ്‌ ആക്രമിക്കുമ്പോള്‍ പാകിസ്‌താനെ അഫ്‌ഗാനിസ്‌ഥാന്‍ വിരട്ടും പോലെ ആണത്‌. പാലക്കാട്‌ നിന്ന്‌ നിരന്തരം വിജയനു വേണ്ടി ശബ്‌ദിച്ചിരുന്ന എ.കെ. ബാലനെ ഗോവിന്ദന്‍ പുച്‌ഛിച്ച്‌ നിശബ്‌ദനാക്കി. പയ്യന്നൂരില്‍ കുഞ്ഞിക്കണ്ണനെ താറടിച്ച്‌ മധുസൂദനനെ തുണച്ചു. സുധാകരനെ ഗോവിന്ദന്‍ പടക്കിറക്കി.

വിജയന്‍ എന്ന വാക്കിന്‌ അര്‍ജുനന്‍ എന്നാണ്‌ അര്‍ത്ഥമെന്ന്‌ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണ്‍ പറഞ്ഞിട്ടുണ്ട്‌. ആ സഖാവ്‌ വൈതാളിക സംഘത്തില്‍ ഉണ്ടായിരുന്നപ്പോഴാണ്‌ അത്‌. വിജയനെ മൂന്നാമൂഴത്തില്‍ എത്തിക്കാന്‍ അത്തരമൊരു ചാവേര്‍ സംഘം കുരുക്ഷേത്രത്തില്‍ ഉണ്ട്‌.

അങ്ങനെ വന്നാല്‍, പിടിച്ചാല്‍ കിട്ടാത്തവണ്ണം പാര്‍ട്ടി വിജയന്റെ പിടിയില്‍ ഒതുങ്ങുമെന്ന്‌ പാര്‍ട്ടിക്കകത്ത്‌ ഗോവിന്ദന്‍ നയിക്കുന്ന കുറുമുന്നണി കരുതുന്നു. അതിനാല്‍, കണ്ണൂരിലെ സ്‌ഥാനാര്‍ഥി നിര്‍ണയം വിജയനെ അട്ടിമറിച്ചു കൊണ്ടുള്ളതാണ്‌. ഒരു സ്‌ഥാനാര്‍ത്ഥിയും വിജയന്‌ കീ ജയ്‌ പാടുന്നവരല്ല. വിജയന്‌ പ്രിയപ്പെട്ട പി. ശശി സ്‌ഥാനാര്‍ഥി അല്ല. ഗോവിന്ദന്‌ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ ഭീഷണിയാകുന്ന കെ.കെ. ശൈലജയെ പേരാവൂരില്‍ ഒതുക്കി. സ്വന്തം ഭാര്യ ശ്യാമളയ്‌ക്ക്‌ ഉറച്ച മണ്ഡലം കൊടുത്തു. ജയരാജന്മാരെ പൂട്ടി. ഷംസീറിനെ ബേജാറിലാക്കി.

ശ്യാമളയുടെ സ്‌ഥാനാര്‍ഥിത്വം ജില്ലാ കമ്മിറ്റിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഗോവിന്ദന്‍ ന്യായീകരിച്ചത്‌, എ. വിജയരാഘവന്‍, ആര്‍. ബിന്ദു എന്നിവരുടെ ഉദാഹരണം നിരത്തിയാണ്‌. വിജയരാഘവന്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുടുംബം കഴിഞ്ഞത്‌ ബിന്ദുവിന്റെ ശമ്പളം കൊണ്ടാണ്‌. ഗോവിന്ദന്‍ സംഘടനാ രംഗത്തുള്ളപ്പോള്‍ ശ്യാമളയ്‌ക്ക്‌ ശമ്പളം കിട്ടുന്ന പദവി അനിവാര്യം!

കണ്ണൂരിലാണ്‌ വീണാ ജോര്‍ജിനെ ചാടിച്ചത്‌ എന്നത്‌ യാദൃച്‌ഛികമല്ല. സ്‌ഥാനങ്ങള്‍ പോകുന്ന ദുഃഖത്തില്‍ ഷംസീര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ട വീണയ്‌ക്ക്‌ പഴയ എസ്‌.എഫ്‌.ഐ. ബുദ്ധി ഉപദേശിച്ചാണ്‌ എടങ്ങേറിലാക്കിയത്‌. ഇല്ലാത്ത മുറിവുമായി വീട്ടിലെത്തിയ വീണയെ സ്‌ഥാനാര്‍ഥി ആക്കരുതെന്ന്‌ ഭര്‍ത്താവും സഭാ തന്ത്രജ്‌ഞനുമായ ജോര്‍ജ്‌ ജോസഫ്‌ പാര്‍ട്ടിയോട്‌ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിക്ക്‌ വേണ്ടാത്ത വീണയെ ആറന്മുളയില്‍ പാര്‍ട്ടിക്കാര്‍ വട്ട്‌ തട്ടുമെന്ന്‌ ഉറപ്പാണ്‌. അത്‌ വിജയന്റെ കൂടി തോല്‍വി ആയിരിക്കും.

വി.എസ്‌. കൂടി വിചാരിച്ചിട്ടാണ്‌ വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയത്‌; പിന്നെ വിജയന്‍ വി.എസിനെ വെട്ടി നിരത്തി. വിജയന്‍ വിചാരിച്ചിട്ടാണ്‌ ഗോവിന്ദന്‍ വന്നത്‌; ഇപ്പോള്‍ ഗോവിന്ദന്റെ ഊഴമാണ്‌. സ്‌റ്റാലിന്‍ മുന്‍കൈ എടുത്താണ്‌ ക്രൂഷ്‌ചേവിനെ കൊണ്ടു വന്നത്‌. ക്രൂഷ്‌ചേവാണ്‌ അവിടെ സ്‌റ്റാലിന്‌ വേണ്ടിയുള്ള തിരുവാതിരപ്പാട്ട്‌ അശ്ലീലമാണെന്ന്‌ പ്രഖ്യാപിച്ചത്‌. ഇതൊക്കെയാണ്‌, അധികാരത്തോടുള്ള മാര്‍ക്‌സിസ്‌റ്റ്‌ നിര്‍മമത്വം.
വിജയന്‍ ജയിക്കരുതെന്ന്‌ വി.ഡി. സതീശന്‍ മാത്രമല്ല, ഗോവിന്ദനും കരുതുന്നു. അതിനാല്‍, ധര്‍മടത്ത്‌ സതീശന്‍, വിജയനെതിരേ ഗോവിന്ദന്‍ നിര്‍ദേശിക്കുന്ന സ്‌ഥാനാര്‍ഥിയെ ഇട്ടു കൊടുക്കണം. ഷാഫിയെങ്കില്‍ ഷാഫി. ഓര്‍ക്കുക, എം.എന്‍. വിജയന്‍ എഴുതിയ ഒരു ലേഖനത്തിന്റെ ശീര്‍ഷകമാണ്‌, "ധര്‍മടം, ധര്‍മസങ്കടം."

Ads by Google

അന്തര്‍ധാര

രാമചന്ദ്രന്‍
രാമചന്ദ്രന്‍
Monday 09 Mar 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW