-->
കൊച്ചി: എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന കാമ്പയിന്റെ ഔപചാരിക സമ്മേളനം കലൂര്‍ സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്‌ഘാടനം ചെയ്യും. പന്ത്രണ്ടു ഘടകകക്ഷികളില്‍നിന്നായി അരലക്ഷത്തോളം എന്‍.ഡി.എ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. മാറ്റം തുടങ്ങാം, വികസിത കേരളം മോദിക്കൊപ്പം എന്നതാണു സമ്മേളനത്തിന്റെ മുദ്രാവാക്യം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മാറാത്തത് ഇനി മാറും, കേരളം വളരും എന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നോട്ടുവയ്‌ക്കുന്ന മുദ്രാവാക്യം.
ബി.ജെ.പി, ബി.ഡി.ജെ.എസ്, ട്വന്റി 20, ജെ.എസ്.എസ്, നാഷണലിസ്‌റ്റ് കേരളാ കോണ്‍ഗ്രസ്, സോഷ്യലിസ്‌റ്റ് ജനതാദള്‍, ശിവസേന, കാമരാജ് കോണ്‍ഗ്രസ്, ലോക് ജനശക്‌തി പാര്‍ട്ടി, നാഷണലിസ്‌റ്റ് പീപ്പിള്‍സ് പാര്‍ട്ടി, നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി, ജെ.ആര്‍.എസ് എന്നിവയടക്കം 12 ഘടകകക്ഷികളുടെ എറണാകുളം, തൃശൂര്‍ റവന്യൂ ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകരായിരിക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കുകയെന്ന് എന്‍.ഡി.എ. സംസ്‌ഥാന കണ്‍വീനര്‍ എ.എന്‍. രാധാകൃഷ്‌ണന്‍ പറഞ്ഞു. ഈ സമ്മേളനത്തോടെ പല പാര്‍ട്ടികളില്‍നിന്ന് പല നേതാക്കളും അണികള്‍ക്കൊപ്പം എന്‍.ഡി.എയുടെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മതിയായി, എം.എല്‍.എ മാറ്റം തുടങ്ങാം' എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിലെ നിയമസഭാംഗങ്ങള്‍ക്കെതിരേ 140 നിയോജക മണ്ഡലങ്ങളിലും എന്‍.ഡി.എ കാമ്പയിന്‍ നടത്തുന്നുണ്ട്. നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ചര്‍ച്ചചെയ്‌ത് എം.എല്‍.എമാര്‍ക്കെതിരേ കുറ്റപത്രം തയാറാക്കി ഒപ്പുശേഖരിക്കുന്നു. പല മണ്ഡലങ്ങളിലും അരലക്ഷത്തോളം ഒപ്പുകള്‍ ശേഖരിക്കുന്നതായും തേതാക്കള്‍ പറഞ്ഞു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ബി.ജെ.പി സംസ്‌ഥാന ജോയിന്റ് ട്രഷറര്‍ എ. അനൂപ്, കെ.വി.എസ്. ഹരിദാസ്, ട്വന്റി ട്വന്റി വൈസ് ചെയര്‍മാന്‍ ഗോപകുമാര്‍, ബി.ഡി.ജെ.എസ്. സംസ്‌ഥാന സെക്രട്ടറി എ.ബി. ജയപ്രകാശ്, ടി.പി. സിന്ധുമോള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.