Friday, March 13, 2026 Last Updated 13 Min 7 Sec ago English Edition
Todays E paper
Ads by Google
 ജിനേഷ്‌ പൂനത്ത്‌
ജിനേഷ്‌ പൂനത്ത്‌
Monday 09 Mar 2026 11.33 PM

സി.പി.ഐ. ദളിത്‌ നേതാവ് സി.സി. മുകുന്ദനെ ഒഴിവാക്കിയത് തിരിച്ചടിയാകുമെന്ന്‌ ആശങ്ക, കെ.രാജനു ടേം വ്യവസ്‌ഥ തെറ്റിച്ച്‌ മൂന്നാമൂഴം, മുകുന്ദന്‌ രണ്ടാംതവണ സീറ്റില്ല

ഏറെ കടബാധ്യതകളുള്ള മുകുന്ദന്‌ എം.എല്‍.എ. പദവി നിലനില്‍പ്പിന്റെ വിഷയമാണ്‌. അതുകൊണ്ട്‌ തന്നെ വീണ്ടും മത്സരിക്കാന്‍ തന്നെയാണ്‌ തീരുമാനം. മുകുന്ദന്‍ ഇതിനകം തന്നെ പിന്തുണയ്‌ക്കായി കോണ്‍ഗ്രസ്‌ നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ട്‌
uploads/news/2026/03/829283/c.c.-Mukundan.jpg

തൃശൂര്‍: സി.പി.ഐയിലെ ദളിത്‌ നേതാവും നാട്ടിക സിറ്റിങ്‌ എം.എല്‍.എയുമായ സി.സി. മുകുന്ദനെ ജില്ലാ കൗണ്‍സിലില്‍നിന്ന്‌ വെട്ടിയതിന്‌ പിന്നാലെ സ്‌ഥാനാത്ഥി പട്ടികയില്‍നിന്നു സംസ്‌ഥാന നേതൃത്വം ഒഴിവാക്കിയത്‌ തിരിച്ചടിയാകുമെന്ന്‌ ആശങ്ക.

സി.പി.ഐയില്‍ ദളിത്‌ വിഭാഗ നേതാക്കളും പ്രവര്‍ത്തകരും നിരന്തരം അവഗണിക്കപ്പെടുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി മുന്‍ വൈക്കം എം.എല്‍.എയും സി.പി.ഐ. കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗവുമായിരുന്ന കെ.അജിത്‌ ബി.ജെ.പി.യില്‍ ചേര്‍ന്നത്‌ ഈയിടെയാണ്‌. ഇതിനിടെയാണ്‌ മുകുന്ദനെ മാറ്റിനിര്‍ത്താനുള്ള തീരുമാനവും ഉണ്ടായത്‌.

അതേസമയം ജില്ലയിലെ മറ്റൊരു എം.എല്‍.എയായ കെ.രാജനു ടേം വ്യവസ്‌ഥ തെറ്റിച്ച്‌ മൂന്നാമൂഴവും നല്‍കി. സി.സി. മുകുന്ദന്‍ എം.എല്‍.എ, സി.പി.ഐ. നേതൃത്വവുമായി കുറച്ചുകാലമായി അകല്‍ച്ചയിലാണ്‌. നേരത്തെ സി.പി.ഐ. ജില്ലാ കൗണ്‍സിലില്‍നിന്ന്‌ മുകുന്ദനെ ഒഴിവാക്കിയിരുന്നു. എം.എല്‍.എ. എന്ന നിലയില്‍ പാര്‍ട്ടി നിയോഗിച്ച സെക്രട്ടറി താന്‍ അറിയാതെ ലെറ്റര്‍ പാഡുകളും ഒപ്പും ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയോടെയാണ്‌ മുകുന്ദന്‍ സി.പി.ഐ. ജില്ലാനേതൃത്വത്തിന്‌ അനഭിമതനായത്‌.

സെക്രട്ടറിയെ മാറ്റുന്നതുവരെ മുകുന്ദന്‍ പാര്‍ട്ടി നേതൃത്വവുമായി അകന്നുനിന്നു. നേതൃത്വത്തോടുള്ള അതൃപ്‌തി പൊതുയിടങ്ങളിലും പരസ്യമായി പ്രകടിപ്പിക്കുകയും പറയുകയും ചെയ്‌തു. അതോടെ, ജില്ലയിലെ ഒരു വിഭാഗം മുകുന്ദന്‌ എതിരായി.

ആ വിഭാഗമാണു മുകുന്ദന്‌ രണ്ടാംതവണ സീറ്റ്‌ നല്‍കുന്നതിന്‌ എതിരുനിന്നതെന്നാണ്‌ ആക്ഷേപം. മുകുന്ദന്‌ പകരക്കാരിയായി എത്തുന്ന ഗീതാ ഗോപി, നേരത്തെ രണ്ട്‌ തവണ നാട്ടികയില്‍നിന്ന്‌ വിജയിച്ചതിനെ തുടര്‍ന്ന്‌ ടേം വ്യവസ്‌ഥ പ്രകാരം മാറ്റി നിര്‍ത്തപ്പെട്ട നേതാവാണ്‌.
ഗുരുവായൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍, ദേവസ്വം ബോര്‍ഡ്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മകളുടെ ആര്‍ഭാട വിവാഹവുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

ഗീതാ ഗോപി പണം നല്‍കി നേടിയതാണ്‌ സീറ്റെന്ന ആരോപണമാണ്‌ മുകുന്ദന്‍ ഉന്നയിച്ചത്‌. തനിക്ക്‌ സീറ്റ്‌ നിഷേധിച്ചതിന്‌ പിന്നില്‍ സാമ്പത്തിക താല്‍പ്പര്യങ്ങളുണ്ടെന്നാണ്‌ സി.സി. മുകുന്ദന്റെ ആരോപണം.

പാര്‍ട്ടിക്ക്‌ പണം പിരിച്ചു നല്‍കാന്‍ ഗീത ഗോപിക്ക്‌ പ്രത്യേക കഴിവുണ്ടെന്നും, എന്നാല്‍ മുന്‍പ്‌ എം.എല്‍.എ. ആയിരുന്നപ്പോള്‍ അവര്‍ ഏറ്റവും മോശം പ്രകടനമാണ്‌ കാഴ്‌ചവച്ചതെന്നും മുകുന്ദന്‍ തുറന്നടിച്ചു. ഇത്തരം ഒരാളെ വീണ്ടും ജനപ്രതിനിധിയായി കെട്ടിയിറക്കുന്നത്‌ ശരിയല്ല.
പാര്‍ട്ടി ഔദ്യോഗികമായി സീറ്റ്‌ നല്‍കിയില്ലെങ്കിലും നാട്ടികയില്‍ താന്‍ മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ്‌ അദ്ദേഹം.
ഏറെ കടബാധ്യതകളുള്ള മുകുന്ദന്‌ എം.എല്‍.എ. പദവി നിലനില്‍പ്പിന്റെ വിഷയമാണ്‌. അതുകൊണ്ട്‌ തന്നെ വീണ്ടും മത്സരിക്കാന്‍ തന്നെയാണ്‌ തീരുമാനം. മുകുന്ദന്‍ ഇതിനകം തന്നെ പിന്തുണയ്‌ക്കായി കോണ്‍ഗ്രസ്‌ നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. ബി.ജെ.പി.നേതൃത്വവും മുകുന്ദന്റെ നീക്കം നിരീക്ഷിക്കുന്നുണ്ട്‌.
സംവരണ മണ്‌ഡലമായശേഷം ഇതുവരെ കോണ്‍ഗ്രസിന്‌ നാട്ടികയില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ല. ബി.ജെ.പി.യ്‌ക്കും ഈ മേഖലയില്‍ ശക്‌തരായ ദളിത്‌ നേതാക്കളില്ല. നിര്‍ധന ദളിത്‌ കുടുംബത്തില്‍ ജനിച്ച മുകുന്ദന്‍, തൊഴിലാളികളെ സംഘടിപ്പിച്ചാണ്‌ മേഖലയില്‍ സി.പി.ഐ. പ്രസ്‌ഥാനത്തിനു വേരോട്ടമുണ്ടാക്കിയത്‌.

ചെത്തു തൊഴിലാളി സഹകരണ സൊ സൈറ്റിയിലെ ജോലിയായിരുന്നു ഉപജീവനമാര്‍ഗം. പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ജോലി ചെയ്‌ത കാലയളവ്‌ കുറവും അവധി കൂടുതലുമായി. മകളുടെ കല്യാണത്തീയതി നിശ്‌ചയിച്ചതോടെ പണത്തിനു നെട്ടോട്ടമായി.
ഹാജര്‍ ഇല്ലാത്തതിനാല്‍ സൊസൈറ്റിയില്‍നിന്ന്‌ കാര്യമായൊന്നും കിട്ടാനില്ലായിരുന്നു. അന്തിക്കാട്ടെ അഞ്ചു സെന്റിലെ തറവാട്‌ സഹോദരങ്ങള്‍ മുകുന്ദനു വിട്ടുകൊടുത്തു. ഓടിട്ട ചെറുവീടിന്റെ ഉമ്മറത്തേക്ക്‌ മേല്‍ക്കൂര കോണ്‍ക്രീറ്റ്‌ ചെയ്‌ത്‌ നീട്ടിയെടുക്കാന്‍ മാത്ര മാണ്‌ മുകുന്ദനു ചെയ്യാനായത്‌. കാലം പോകെ കോണ്‍ക്രീറ്റിന്റെ വിടവും അകത്തെ ഓടും ഒരുപോലെ ചോരാന്‍ തുടങ്ങി. കഴിഞ്ഞ മഴക്കാലത്ത്‌ മേല്‍ക്കുരചോര്‍ന്ന്‌ ഉമ്മറത്ത്‌ തളംകെട്ടിയ വെള്ളത്തില്‍ തെന്നിവീണ്‌ മുകുന്ദന്റെ കാലിനു പരുക്കേറ്റിരുന്നു.

മകളുടെ വിവാഹ ആവശ്യത്തിനാണ്‌ കാരമുക്ക്‌ സര്‍വീസ്‌ സഹകരണ ബാങ്കില്‍നിന്ന്‌ ആറു ലക്ഷം രൂപ വായ്‌പയെടുത്തത്‌. പലിശയും മുതലും കുടി കുടിശിക ഇപ്പോള്‍ 18.75 ലക്ഷം. ബന്ധുവിന്റെ പേരിലാണു വായ്‌പയെടുത്തത്‌.
ബാങ്കുകാരുടെ സമ്മര്‍ദത്തില്‍ വീട്ടിലെത്തി ബന്ധു സങ്കടം പറയും. എം.എല്‍.എ. ആയതോടെ മണ്‌ഡലത്തില്‍ സഞ്ചരിക്കാന്‍ വാങ്ങിയ കാറിന്റെ വായ്‌പ തിരിച്ചടവും ഇതിനൊപ്പം അലവന്‍സില്‍നിന്നു കണ്ടെത്തേണ്ട സാഹചര്യം. നിയമസഭാംഗത്തിന്റെ കാലാവധി അവസാനിക്കുകയും വീണ്ടും അവസരം ലഭിക്കാതിരിക്കുകയും ചെയ്യുന്നതോടെ കട ബാധ്യതകള്‍ വീട്ടാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്ത അവസ്‌ഥയാകുമെന്നാണ്‌ മുകുന്ദന്റെ ആശങ്ക.
ജില്ലാതല പദവിയില്‍നിന്ന്‌ ഒഴിവാക്കിയതിന്‌ പിന്നാലെ ഒറ്റ ടേമില്‍ തന്നെ മത്സര രംഗത്ത്‌ നിന്നും ഒഴിവാക്കിയത്‌ നേതൃത്വത്തിന്റെ പ്രതികാര നടപടിയായാണ്‌ മുകുന്ദന്‍ വിലയിരുത്തുന്നത്‌.
താഴെക്കിടയില്‍നിന്ന്‌ സ്വപ്രയത്‌നത്താല്‍ വളര്‍ന്ന ദളിത്‌ നേതാവായ മുകുന്ദനെ അംഗീകരിക്കാനുള്ള സി.പി.ഐ. തൃശൂര്‍ ജില്ലാ നേതൃത്വത്തിലെ ചിലരുടെ വിമുഖതയാണ്‌ പാര്‍ട്ടി ഘടകങ്ങളില്‍നിന്ന്‌ ഒഴിവാക്കാന്‍ കാരണമെന്നാണ്‌ പ്രവര്‍ത്തകര്‍ പറയുന്നത്‌.
ജില്ലാ കമ്മിറ്റിയില്‍നിന്ന്‌ ഒഴിവാക്കിയപ്പോഴും മുകുന്ദനെ ഒപ്പംകുട്ടാന്‍ ഇതരപാര്‍ട്ടിക്കാര്‍ ചര്‍ച്ചയെ്‌ക്കത്തിയിരുന്നു. കറകളഞ്ഞ കമ്യൂണിസ്‌റ്റായ തനിക്ക്‌ സി.പി.ഐ. വിട്ട്‌ പോകാനാവില്ലെന്നായിരുന്നു അന്നൊക്കെ മുകുന്ദന്റെ പ്രതികരണം.
'കോടികളുടെ പദ്ധതികളാണ്‌ മണ്‌ഡ ലത്തില്‍ നടപ്പാക്കിയത്‌. ഇതില്‍നിന്ന്‌ ലക്ഷങ്ങളുടെ കമ്മിഷന്‍ പറ്റുന്നതാണ്‌ നാട്ടുനടപ്പെന്ന്‌ പലരും ഉപദേശിച്ചത്‌.
അങ്ങിനെയൊരു സമ്പാദ്യം വേണ്ടെന്ന തീരുമാനത്തിലാണ്‌ പതിറ്റാണ്ടുകള്‍ക്കുമുമ്പേ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്‌. അതിനാല്‍ ഇന്നു സമ്പാദ്യമായുള്ളത്‌ 20 ലക്ഷത്തിന്റെ ബാങ്ക്‌ കുടിശികയാണ്‌' വേദനയിലും മുകുന്ദന്റെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെ തിളക്കം.

ജിനേഷ്‌ പൂനത്ത്‌

Ads by Google
 ജിനേഷ്‌ പൂനത്ത്‌
ജിനേഷ്‌ പൂനത്ത്‌
Monday 09 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW