Wednesday, March 11, 2026 Last Updated 5 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.31 PM

ചരിത്രമാകാന്‍ ധീവരസഭ സുവര്‍ണ ജൂബിലി സമ്മേളനം

തീരദേശത്തിന്റെ ചരിത്രവും വര്‍ത്തമാനവും പുതിയൊരു വികസന അധ്യായത്തിലേക്ക്‌ ചുവടുവയ്‌ക്കുകയാണ്‌. കേരളത്തിലെ സാമൂഹിക പരിഷ്‌കരണ ചരിത്രത്തില്‍ സമാനതകളില്ലാത്ത പോരാട്ടം നയിച്ച ധീവരസമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട്‌ കൊച്ചിയില്‍ നടക്കുന്ന അഖില കേരള ധീവരസഭ സമ്മേളനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യുമ്പോള്‍, അത്‌ ഒരു ജനതയുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായി മാറുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അടിച്ചമര്‍ത്തപ്പെട്ടും വിസ്‌മരിക്കപ്പെട്ടും കഴിഞ്ഞിരുന്ന ഒരു ജനതയെ ആധുനികതയുടെ വെളിച്ചത്തിലേക്ക്‌ നയിച്ച ആത്മീയവും സാമൂഹികവുമായ ഉണര്‍വിന്റെ കഥയാണ്‌ ധീവരസഭയുടേത്‌.
ധീവരസഭയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ആദ്യം സ്‌മരിക്കേണ്ട പേര്‌ പണ്ഡിറ്റ്‌ കെ.പി. കറുപ്പന്റേതാണ്‌. 1912ല്‍ അദ്ദേഹം സ്‌ഥാപിച്ച 'അരയ വംശോദ്ധാരിണി സഭ' ആണ്‌ പില്‍ക്കാലത്ത്‌ ധീവരസഭയായി വളര്‍ന്നത്‌. കടലോരങ്ങളില്‍ അക്ഷരവെളിച്ചം എത്തിക്കാനും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്‌ വിദ്യാലയങ്ങളില്‍ പ്രവേശനം ഉറപ്പാക്കാനും അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്‌. അക്കാലത്ത്‌ സാമൂഹികമായി ഏറ്റവും താഴേക്കിടയിലായിരുന്ന ധീവര വിഭാഗത്തിന്‌ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള കരുത്ത്‌ നല്‍കിയതും പണ്ഡിറ്റ്‌ കെ. പി. കറുപ്പന്റെ 'ജാതിക്കുമ്മി' പോലുള്ള കൃതികളായിരുന്നു. പണ്ഡിറ്റ്‌ കറുപ്പനില്‍ ആരംഭിച്ച്‌ മാതാ അമൃതാനന്ദമയി വരെ എത്തിനില്‍ക്കുന്ന വ്യക്‌തിത്വങ്ങളുടെ നിര തന്നെ ഈ സമൂഹത്തിനുണ്ട്‌.
ധീവര സമൂഹത്തിന്‌ ശ്രേഷ്‌ഠമായ സാംസ്‌കാരിക പാരമ്പര്യമുണ്ട്‌. വേദവ്യാസന്റെ വംശാവലിയില്‍പ്പെട്ടവരാണ്‌ ധീവരസഭാംഗങ്ങളുടെ പിതാമഹന്മാര്‍. അതിനെ സാധൂകരിക്കുന്ന വിധത്തിലാണ്‌ അവരുടെ ജീവിതശൈലിയും കര്‍മ പദ്ധതികളും.
കേരളത്തില്‍ വൈദേശിക ആക്രമണങ്ങള്‍ക്കെതിരേ പൊരുതാനും ജാതി-വര്‍ണ വൈകൃതങ്ങളെ ഉന്മൂലനം ചെയ്യാനും ധീവരസഭ നേതാക്കന്മാര്‍ മുന്‍നിരയിലുണ്ടായിരുന്നു. കൊച്ചി രാജവംശത്തിന്റെയും തിരുവിതാകൂര്‍ രാജാവിന്റെയും നാവികസേന നായകരായിരുന്നത്‌ ധീവരന്മാരായിരുന്നു. അമ്പലപ്പുഴ കേന്ദ്രമാക്കി ഭരിച്ചിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ നാവികസേനയെ നയിച്ചിരുന്നത്‌ വിക്രമശാലിയായ പുറക്കാട്‌ അരയനായിരുന്നു. 1809-ല്‍ ബ്രിട്ടീഷ്‌ ഈസ്‌റ്റ്‌ ഇന്ത്യ കമ്പനിക്കെതിരേ വേലുത്തമ്പി ദളവ നടത്തിയ ഐതിഹാസിക പേരാട്ടത്തില്‍ നാവിക സേനയ്‌ക്ക്‌ നേതൃത്വം കൊടുത്ത യോദ്ധാവായിരുന്നു ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയന്‍.
ഒരു പതിറ്റാണ്ടായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഓരോ പദ്ധതിയും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാണ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. ധീവരസഭയുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി എത്തുന്നത്‌ ആ ജനതയോടുള്ള കേന്ദ്രത്തിന്റെ കരുതലിന്റെ തെളിവാണ്‌. സ്വാതന്ത്ര്യലബ്‌ദിക്ക്‌ ശേഷം ആദ്യമായി മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചത്‌ നരേന്ദ്ര മോദി സര്‍ക്കാരാണ്‌. 2019-ല്‍ രൂപീകരിച്ച 'ഫിഷറീസ്‌, ആനിമല്‍ ഹസ്‌ബന്‍ഡറി ആന്‍ഡ്‌ ഡയറി' മന്ത്രാലയം ഈ മേഖലയിലെ വലിയ മാറ്റങ്ങള്‍ക്ക്‌ തുടക്കമായി.
പി.എം. മത്സ്യസമ്പദ യോജന : ഇന്ത്യയിലെ മത്സ്യബന്ധന മേഖലയെ ആധുനികവല്‍ക്കരിക്കാന്‍ 20,050 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു. ഇതിലൂടെ ബോട്ടുകളുടെ നവീകരണം, ഐസ്‌ പ്ലാന്റുകള്‍, ആഴക്കടല്‍ മത്സ്യബന്ധന സാങ്കേതിക വിദ്യകള്‍ എന്നിവ ലഭ്യമാക്കി. കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ : മുമ്പ്‌ കര്‍ഷകര്‍ക്ക്‌ മാത്രമായിരുന്ന ഈ സൗകര്യം മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കി.
സാഗര്‍ പരിക്രമ: തീരദേശ പ്രശ്‌നങ്ങള്‍ നേരിട്ട്‌ മനസ്സിലാക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ നേരിട്ട്‌ തീരങ്ങളിലെത്തുന്ന ഈ പരിപാടി സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറച്ചു.
പി.എം. വിശ്വകര്‍മ പദ്ധതി: പാരമ്പര്യമായി കൈത്തൊഴില്‍ ചെയ്യുന്ന പിന്നാക്ക വിഭാഗങ്ങളെ സാമ്പത്തികമായും സാങ്കേതികമായും ഉയര്‍ത്തുന്നതിനായി 13,000 കോടി രൂപയുടെ പദ്ധതിയാണ്‌.
ഒ.ബി.സി കമ്മീഷന്‌ ഭരണഘടനാ പദവി: പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‌ ഭരണഘടനാ പദവി നല്‍കിയത്‌ മോദി സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനമാണ്‌.
സാമൂഹിക നീതി: കേന്ദ്രമന്ത്രിസഭയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ ലഭിച്ച റെക്കോഡ്‌ പ്രാതിനിധ്യം, ഈ ജനതയുടെ രാഷ്ര്‌ടീയമായ ശക്‌തീകരണത്തിന്‌ തെളിവാണ്‌
കടലില്‍ പണിയെടുക്കുന്നവര്‍ക്ക്‌ കടലില്‍ തന്നെ അധികാരം ഉറപ്പാക്കുന്ന രീതിയിലാണ്‌ കേന്ദ്ര പദ്ധതികള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌. ആധുനിക മത്സ്യ മാര്‍ക്കറ്റുകള്‍, കോള്‍ഡ്‌ സ്‌റ്റോറേജ്‌ സൗകര്യങ്ങള്‍ എന്നിവ വഴി മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഉല്‍പന്നങ്ങള്‍ക്ക്‌ മികച്ച വില ഉറപ്പാക്കാന്‍ സാധിക്കുന്നു.
പണ്ഡിറ്റ്‌ കറുപ്പന്‍ വിതച്ച സാമൂഹിക പരിഷ്‌കരണത്തിന്റെ വിത്തുകള്‍ ഇന്ന്‌ വികസനത്തിന്റെ മഹാവൃക്ഷമായി വളര്‍ന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്‌ദ്‌മാകാന്‍ ഒരു ഭരണകൂടം കൂടെയുണ്ടെന്ന ബോധ്യം ധീവരസമൂഹത്തിന്‌ പുതിയ ആത്മവിശ്വാസം നല്‍കുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേരളത്തിന്റെ തീരദേശ ഭൂപടത്തില്‍ വലിയ മാറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കും. വികസനത്തിന്റെ മുഖ്യധാരയില്‍ നിന്നും ആരും മാറ്റിനിര്‍ത്തപ്പെട്ടരുത്‌ എന്ന നരേന്ദ്ര മോദിയുടെ ദൃഢനിശ്‌ചയം ധീവരസഭ സമ്മേളനത്തിന്‌ പുതിയൊരു ഊര്‍ജം പകരുന്നു. ഇത്‌ ഒരു സമ്മേളനം മാത്രമല്ല, നവഭാരത നിര്‍മ്മിതിയില്‍ തോളോട്‌ തോള്‍ ചേര്‍ന്ന്‌ നില്‍ക്കാന്‍ തയാറെടുക്കുന്ന ഒരു സമൂഹത്തിന്റെ പ്രഖ്യാപനമാണ്‌.
(അഖില കേരള ധീവര സഭ സംസ്‌ഥാന സീനിയര്‍ വൈസ്‌ പ്രസിഡന്റും ബി.ജെ.പി. സംസ്‌ഥാന സെക്രട്ടറിയുമാണ്‌ ലേഖകന്‍.)

പൂന്തുറ ശ്രീകുമാര്‍

Ads by Google
Monday 09 Mar 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW