-->
കണ്ണൂര്‍: സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ ധര്‍മ്മടത്തെ അദാലത്തില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ കൂടുതലും ന്യൂനപക്ഷ മുസ്‌ളീം വിഭാഗത്തില്‍ പെടുന്നവരെന്ന് ബിജെപി നേതാക്കള്‍. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് നടത്തിയ പരിപാടിയില്‍ കണ്ണൂര്‍ സിപിഎമ്മിന്റെ കോട്ടയാണെന്ന പ്രചരണത്തെ മറികടന്നാണ് ആളുകള്‍ എത്തിയതെന്നും ഇതൊരു പ്രതീകമാണെന്നും പറഞ്ഞു.
മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂരിലെ ധര്‍മ്മടത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ശോഭാ കരന്ദലജെയും ആയിരുന്നു പരിപാടിയില്‍ എത്തിയത്. അദാലത്തില്‍ വലിയ ജനകീയ പങ്കാളിത്തം ഉണ്ടാകുകയും ഇതൊന്നും ബിജെപിക്കാര്‍ അല്ലെന്നും ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളാണെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയുമൊക്കെ ആവശ്യങ്ങളുമായി വന്നപ്പോള്‍ ആട്ടിപ്പായിച്ചവരുടെ കൂട്ടമാണ് അവിടെ വന്നതെന്നുമാണ് പ്രതികരണം.
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ഇത്രയും വികസന മുരടിപ്പോ എന്നുള്ള ചോദ്യമാണ് ഈ ജനക്കൂട്ടം ഉയര്‍ത്തിവിട്ടിരിക്കുന്നത്. വീടുകള്‍ ഇല്ലാത്ത ആയിരത്തില്‍ അധികം അപേക്ഷകളാണ് കിട്ടിയതെന്നാണ് സംഘാടകര്‍ പറയുന്നത്. കുടിവെള്ള പ്രശ്‌നം നേരിടുന്നവര്‍, നല്ല റോഡുകള്‍ ഇല്ലാത്തവര്‍, ഉള്‍പ്രദേശങ്ങളിലേക്കുള്ള ഗതാഗതപ്രശ്‌നങ്ങള്‍, ടാര്‍ ചെയ്യാത്ത ഉള്‍നാടന്‍ പാതകള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങള്‍ അതിലുണ്ടായിരുന്നെന്നും ബിജെപിയെ അധികാരത്തില്‍ എത്തിച്ചാല്‍ അത് പരിഹരിക്കപ്പെടുക തന്നെ ചെയ്യുമെന്നും പറഞ്ഞു.
പത്തുമണിക്ക് തുടങ്ങാനിരുന്ന പരിപാടിക്കായി എട്ടു മണി മുതല്‍ തന്നെ ആള്‍ക്കാര്‍ റജിസ്‌ട്രേഷനായി എത്തി. ബിജെപിയെ അകറ്റി നിര്‍ത്തണമെന്ന് സിപിഎം ദുഷ്പ്രചരണം അഴിച്ചുവിടുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും അനേകരാണ് പരിപാടിക്ക് എത്തിയത്. അവര്‍ക്ക് വേണ്ടത് രാഷ്ട്രീയം ആയിരുന്നില്ലെന്നും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കലുകള്‍ ആയിരുന്നെന്നും ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു. ഇതൊരു പ്രതീകം ആണെന്നും എല്‍ഡിഎഫും യുഡിഎഫും തള്ളിക്കളഞ്ഞവര്‍ വികസിത കേരളത്തിനൊപ്പവും ബിജെപിയ്ക്കും ഒപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും നേതാക്കള്‍ പറയുന്നു. വികസനം ആഗ്രഹിക്കുന്നവര്‍ ബിജെപി വരണമെന്നും ആഗ്രഹിക്കുന്നു.
കണ്ണൂര്‍ എന്നാല്‍ സിപിഐഎം കോട്ടയാണെന്നാണ് പറച്ചിലുകള്‍. എന്നാല്‍ ആ പ്രചരണത്തെ മറികടന്നാണ് ജനങ്ങള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നടത്തിയ പരിപാടിക്ക് എത്തിയത്. സ്വന്തം നാട്ടിലെ മനുഷ്യരുടെ പ്രശ്്‌നം പരിഹരിക്കാനാകാത്തവര്‍ എങ്ങിനെയാണ് സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കേന്ദ്രപദ്ധതികള്‍ പലതും രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കേരളത്തില്‍ നടപ്പാക്കുന്നില്ലെന്നും പറഞ്ഞു.