-->
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു പറവൂര്‍ മണ്ഡലത്തില്‍ കടുത്ത മത്സരം നല്‍കാനൊരുങ്ങി സി.പി.ഐ. നിലവില്‍ കൈപ്പമംഗലം എം.എല്‍.എയായ ഇ.ടി. ടൈസന്‍ പറവൂരില്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥിയാകും.
രണ്ടുവട്ടം എം.എല്‍.എയായവര്‍ മത്സരിക്കേണ്ടെന്ന പാര്‍ട്ടി മാനദണ്ഡത്തില്‍ ഇളവുനല്‍കിക്കൊണ്ടാണ് ടൈസനെ മൂന്നാം തവണയും മത്സരത്തിനിറക്കുന്നത്. ജില്ലാ ഘടകത്തെ മറികടന്ന് സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് സ്‌ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. മൂവാറ്റുപുഴയില്‍ പ്രതീക്ഷിച്ചതുപോലെ സി.പി.ഐ. എറണാകുളം ജില്ലാ സെക്രട്ടറി എന്‍. അരുണിനാണ് പാര്‍ട്ടി സീറ്റ് നല്‍കിയത്.പറവൂരിന്റെ തൊട്ടടുത്ത മണ്ഡലമാണ് തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം. ലത്തീന്‍ സമുദായാംഗമായ ടൈസണ്‍ സഭാ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. സഭയുടെ സമ്മര്‍ദ്ദവും സ്‌ഥാനാര്‍ത്ഥിത്വത്തിന് പിന്നിലുണ്ട്.
കഴിഞ്ഞദിവസം ജില്ലാ കമ്മിറ്റി അയച്ച പട്ടികയില്‍ 61 കാരനായ ടൈസന്റെ പേരില്ലായിരുന്നു. എന്നാല്‍, സി.പി.ഐ. സംസ്‌ഥാന എക്‌സിക്യൂട്ടീവ്, പറവൂരില്‍ ടൈസന്റെ പേര് നിര്‍ദ്ദേശിച്ചുകൊണ്ട് ജില്ലാ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു.
തൃശ്ശൂര്‍ എടവിലങ്ങ് സ്വദേശിയായ ടൈസണ്‍ സി.പി.ഐ. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം, കൈപ്പമംഗലം മണ്ഡലം സെക്രട്ടറി, എടവിലങ്ങ് ഗ്രാമപഞ്ചായത്ത്, കൊടുങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാനവ കാരുണ്യസംഘം, ബഹദൂര്‍ സ്‌മൃതി കേന്ദ്രം, ദയാ സാധുജന സംരക്ഷണ സമിതി എന്നിവയുടെ നേതൃസ്‌ഥാനത്തും പ്രവര്‍ത്തിക്കുന്നു.
പറവൂരില്‍ സി.പി.ഐയില്‍ വിഭാഗീയത ശക്‌തമായതോടെ നിരന്തരം ഇടതുമുന്നണി തോല്‍ക്കുന്ന ആ മണ്ഡലം സി.പി.എം. ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു.എന്നാല്‍ സീറ്റ് വിട്ടു നല്‍കാന്‍ സി.പി.ഐ. നേതൃത്വം തയാറായില്ല. പറവൂരില്‍ സി.പി.ഐ. മുന്‍ ജില്ലാ സെക്രട്ടറി കെ.എം ദിനകരന്‍, സംസ്‌ഥാന കൗണ്‍സില്‍ അംഗം കമലാ സദാനന്ദന്‍, ജില്ലാ കൗണ്‍സില്‍ അംഗം കെ.ബി അറുമുഖന്‍ എന്നിവരുടെ പേരുകളാണ് ജില്ല കൗണ്‍സില്‍ സംസ്‌ഥാന നേതൃത്വത്തിന് കൈമാറിയിരുന്നത്.