-->
കോട്ടയം: ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിനു നേരേയുണ്ടായ കല്ലേറില്‍ യാത്രക്കാരിക്കു പരുക്കേറ്റ സംഭവത്തില്‍ ഇതര സംസ്‌ഥാന തൊഴിലാളി അറസ്‌റ്റില്‍.
പശ്‌ചിമ ബംഗാള്‍ നദിയ നഗറുഖ ഹൈഘിപാര ഹര്‍പാനിയ ജില്ലയില്‍ പ്രകാശ് ധാലി (26)യെയാണു കോട്ടയം റെയില്‍വേ പ്ര?ട്ടക്‌ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) അറസ്‌റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
ആറിനു വൈകിട്ട് ആറരയോടെ പിറവം റെയില്‍വേ സ്‌റ്റേഷനു സമീപമാണ് ജനശതാബ്‌ദി എക്‌സ്‌പ്രസിന്റെ ഡി-7 കോച്ചിനു നേരേ കല്ലേറുണ്ടായത്. സംഭവത്തില്‍ 104-ാം നമ്പര്‍ സീറ്റിലെ യാത്രക്കാരിയുടെ ഇടതുകൈക്കു പരുക്കേറ്റു. ട്രെയിനിന്റെ ഇടതുഭാഗത്തു നിന്നാണ് കല്ലേറുണ്ടായത്.
ആര്‍.പി.എഫ്. സംഭവസ്‌ഥലത്ത് പരിശോധന നടത്തിയപ്പോള്‍ അസ്വാഭാവിക സാഹചര്യത്തില്‍ രണ്ടു പേരെ കണ്ടു. ഇവരില്‍ ഒരാള്‍ ഓടിരക്ഷപ്പെട്ടപ്പോള്‍ അപരന്‍ പിടിയിലായി. ഇയാളെ ചോദ്യം ചെയ്‌തപ്പോള്‍ ഓടി രക്ഷപ്പെട്ടയാളാണു കല്ലെറിഞ്ഞതെന്നു വ്യക്‌തമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രകാശിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുകയും ഇയാളുടെ കരാറുകാരന്‍ ആര്‍.പി.എഫ്. സ്‌റ്റേഷനില്‍ എത്തുകയുമായിരുന്നു.