Wednesday, March 11, 2026 Last Updated 46 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.51 PM

പ്രതിമകള്‍ക്കും പറയാനുണ്ട്‌!

ആദ്യ ലിഖിതങ്ങള്‍ കണ്ടെത്തിയത്‌ മെസൊപ്പൊട്ടേമിയയിലാണെന്നാണു ചരിത്രം. പ്രത്യേകിച്ചും സുമറിലാണ്‌ അവയെ കണ്ടത്‌. ആ അക്ഷരങ്ങള്‍ക്ക്‌ ബി.സി. 3100 വരെ പഴക്കമുണ്ട്‌. 'ക്യുനിയഫോം' എന്നാണ്‌ ആ എഴുത്തിനുള്ള പേര്‌. കളിമണ്‍ പാളികളില്‍ പതിപ്പിച്ച അടയാളങ്ങളായിരുന്നു ആ അക്ഷരങ്ങള്‍. ഈ സംവിധാനം ആദ്യം ഭരണപരമായ ആവശ്യങ്ങള്‍ക്കാണ്‌ ഉപയോഗിച്ചത്‌. കാലക്രമേണ സങ്കീര്‍ണമായ ആശയങ്ങള്‍, സാഹിത്യം, ചരിത്ര സംഭവങ്ങള്‍ എന്നിവ പ്രകടിപ്പിക്കാന്‍ അക്ഷരങ്ങള്‍ വികസിച്ചു.
ഇതേ കാലയളവില്‍ തന്നെ പ്രാചീന ഈജിപ്‌തുകാര്‍ 'ഹൈറോഗ്ലിഫിക്‌സ്‌' എന്നറിയപ്പെടുന്ന തങ്ങളുടെ സ്വന്തം എഴുത്തു സമ്പ്രദായം വികസിപ്പിച്ചു, ഇത്‌ ചിത്രലിപികളും മറ്റു ഘടകങ്ങളും സംയോജിപ്പിച്ചു. ഹൈറോഗ്ലിഫുകള്‍ പ്രധാനമായും മതഗ്രന്‌ഥങ്ങള്‍ക്കും സ്‌മാരക ലിഖിതങ്ങള്‍ക്കുമാണ്‌ ഉപയോഗിച്ചിരുന്നത്‌, ഈജിപ്‌ഷ്യന്‍ സംസ്‌കാരവും ചരിത്രവും സംരക്ഷിക്കുന്നതില്‍ ആ അക്ഷരങ്ങള്‍ പ്രധാന പങ്ക്‌ വഹിച്ചു.

രാജാക്കന്മാരുടെ
അക്ഷരങ്ങള്‍

മെസൊപ്പൊട്ടേമിയയില്‍ ബി.സി. 3350- 3200 കാലഘട്ടത്തിലാണു പ്രോട്ടോക്യുനിയഫോം എഴുത്തുരീതി രൂപമെടുത്തത്‌. സംഖ്യാചിഹ്‌നങ്ങളും വാക്കുകളെയോ ആശയങ്ങളെയോ പ്രതിനിധീകരിക്കുന്ന ചിഹ്‌നങ്ങളും അടങ്ങിയതായിരുന്നു ആ സംവിധാനം. ഭരണപരമായ ആവശ്യങ്ങള്‍ക്കായിരുന്നു പ്രധാനമായും ആ ലിപി ഉപയോഗിച്ചിരുന്നത്‌. അത്തരം ഏകദേശം 5,000 കളിമണ്‍ പലകകള്‍ ഗവേഷകര്‍ക്കു ലഭിച്ചിട്ടുണ്ട്‌. ഇവ ബി.സി. 3350 മുതല്‍ 3000 വരെയുള്ള കാലഘട്ടത്തില്‍പ്പെട്ടതും പ്രധാനമായും ഊറുക്ക്‌ പോലുള്ള സ്‌ഥലങ്ങളില്‍നിന്നു കണ്ടെത്തിയതുമാണ്‌. പ്രോട്ടോക്യുനിയനിഫോം ലിഖിതങ്ങളുടെ അടിസ്‌ഥാന ഭാഷ ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ പില്‍ക്കാല ക്യുനിയഫോം ലിപി സുമേറിയന്‍ ഭാഷ എഴുതാന്‍ ഉപയോഗിച്ചിരുന്നുവെന്ന്‌ അറിയാം. ബി.സി. മൂന്നാം സഹസ്രാബ്‌ദത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ട ക്യുനിയഫോം എഴുത്തുസമ്പ്രദായത്തിന്റെ മുന്‍ഗാമിയായി പ്രോട്ടോക്യുനിയഫോം ലിപിയെ കണക്കാക്കുന്നു. ബി.സി. 100നു ശേഷം അക്ഷരലിപി പ്രചാരത്തില്‍ വരുന്നതുവരെ മെസൊപ്പൊട്ടേമിയയിലെ എല്ലാ പ്രധാന സംസ്‌കാരങ്ങളും ഇത്‌ ഉപയോഗിച്ചു.

മാമ്മത്ത്‌ കൊമ്പിലെ
അക്ഷരങ്ങള്‍

അടയാളങ്ങളോടുള്ള മനുഷ്യരുടെ കമ്പത്തിന്‌ 40,000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണു സാര്‍ലാന്‍ഡ്‌ സര്‍വകലാശാലയിലെ ഭാഷാശാസ്‌ത്രജ്‌ഞനായ ക്രിസ്‌റ്റ്യന്‍ ബെന്റ്‌സും പുരാവസ്‌തു ഗവേഷക എവ ഡ്യൂട്‌സ്‌കിവിച്ചും കണ്ടെത്തിയത്‌.
ഉപകരണങ്ങളിലും ശില്‍പ്പങ്ങളിലും അടയാളങ്ങള്‍ കൊത്തിവച്ചാണു നമ്മുടെ പൂര്‍വികര്‍ അക്ഷരങ്ങള്‍ക്കു തുടക്കമിട്ടത്‌. ആദ്യകാല പ്രോട്ടോക്യുനിയഫോം ലിപിയുടെ അതേ സങ്കീര്‍ണതയും വിവരസാന്ദ്രതയും ആ അടയാളങ്ങള്‍ക്കുണ്ടായിരുന്നു. അവയുടെ പിന്നിലെ രഹസ്യംതേടാന്‍ കമ്പ്യൂട്ടറുകളുടെ സഹായം തേടി. അവര്‍ ശേഖരിച്ച 260 വസ്‌തുക്കളില്‍ അടങ്ങിയ 3,000ല്‍ അധികം ചിഹ്‌നങ്ങളാണു കമ്പ്യൂട്ടര്‍ സഹായത്തോടെ പരിശോധിച്ചത്‌. എഴുത്തിന്റെ ഉത്‌ഭവത്തെക്കുറിച്ചുള്ള രഹസ്യങ്ങളാണ്‌ അവര്‍ക്കു മുന്നില്‍ തെളിഞ്ഞത്‌.
34,000 -45,000 വര്‍ഷം പഴക്കമുള്ള വസ്‌തുക്കളെയാണ്‌ അവര്‍ പരിശോധിച്ചത്‌. അവയില്‍ അടങ്ങിയ പുള്ളികള്‍, കുരിശുപോലുള്ള രൂപം, ആവര്‍ത്തിക്കുന്ന വരകള്‍, ചെറിയ മുഴകള്‍ എല്ലാം അവര്‍ക്കു കൗതുകമായി. ആ വസ്‌തുക്കളില്‍ പലതും സ്വാബിയന്‍ ജുറയിലെ ഗുഹകളില്‍നിന്ന്‌ കണ്ടെത്തിയതായിരുന്നു. തെക്ക്‌പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ലോണ്‍ താഴ്‌വരയിലെ വോഗല്‍ഹെര്‍ഡ്‌ ഗുഹയില്‍നിന്ന്‌ ലഭിച്ച ചെറിയ മാമത്ത്‌ കൊമ്പില്‍ കൊത്തിയ ചിഹ്‌നങ്ങളില്‍ അവര്‍ ഏറെ പ്രത്യേകത കണ്ടു. അവയില്‍ കുരിശുപോലുള്ളരൂപങ്ങളും പുള്ളികളുടെയും നിരകള്‍ കൊത്തിവച്ചിരുന്നു. സ്വാബിയന്‍ ജുറയില്‍നിന്ന്‌ കണ്ടെത്തിയ മറ്റ്‌ വസ്‌തുക്കളിലും ഇത്തരം അടയാളങ്ങള്‍ കണ്ടെത്തി. ഗീസന്‍കേ്ലാസ്‌റ്ററിലെ ഗുഹയില്‍നിന്നു കണ്ടെടുത്ത മാമത്ത്‌ ദന്തഫലകത്തില്‍ സിംഹമനുഷ്യ സങ്കരത്തിന്റെ രൂപമാണ്‌ ചിത്രീകരിച്ചിരുന്നത്‌. ആ വസ്‌തുവിലും പുള്ളികളും ചെറിയ മുഴകളും അടങ്ങിയ നിരകളുണ്ട്‌. സൂക്ഷ്‌മമായി പരിശോധിച്ചപ്പോള്‍, ഹോഹലെന്‍സ്‌റ്റീന്‍സ്‌റ്റാഡല്‍ ഗുഹയിലെ സിംഹമനുഷ്യ പ്രതിമയുടെ കൈത്തണ്ടയില്‍ ക്രമമായി ചെറിയ മുഴകള്‍വച്ചിരിക്കുന്നത്‌ കണ്ടെത്തി.
ഈ അടയാളങ്ങള്‍ വെറുതെയായിരുന്നില്ലെന്നും, അവ വിവരങ്ങള്‍ കൈമാറാനും ചിന്തകള്‍ രേഖപ്പെടുത്താനും ശിലായുഗ മനുഷ്യര്‍ ഉപയോഗിച്ചിരുന്നു എന്നും ഗവേഷകര്‍ കണ്ടെത്തി. 'അവ എഴുത്തിന്റെ ആദ്യകാലരൂപമാണ്‌- പ്രാഫ. ക്രിസ്‌റ്റ്യന്‍ ബെന്റ്‌സ്‌ വിശദീകരിച്ചു. പ്രാചീന ശിലായുഗത്തിലെ-എണ്ണമറ്റ ഉപകരണങ്ങളിലും ശില്‍പ്പങ്ങളിലും മനഃപൂര്‍വം കൊത്തിവച്ച ചിഹ്‌നങ്ങളുടെ ശ്രേണി കാണാം'- എവ ഡ്യൂട്‌സ്‌കിവിച്ച്‌ വ്യക്‌തമാക്കി.
അവര്‍ ശിലായുഗ ചിഹ്‌നങ്ങള്‍ കണ്ടെത്താനായി യൂറോപ്പ്‌ മുഴുവന്‍ സഞ്ചരിച്ചു. മ്യൂസിയങ്ങളും പുരാവസ്‌തു കേന്ദ്രങ്ങളും സന്ദര്‍ശിക്കുകയും ചെയ്‌തു. 'വസ്‌തുക്കളില്‍ നിരവധി ചിഹ്‌ന ശ്രേണികള്‍ കണ്ടെത്താനുണ്ട്‌. ഞങ്ങള്‍ ഇപ്പോഴും ഇതിന്റെ തുടക്കത്തില്‍ മാത്രമാണ്‌'- ഡ്യൂട്‌സ്‌കിവിച്ചു തുടര്‍ന്നു.
'ഈ വസ്‌തുക്കള്‍ എഴുത്തു സംവിധാനങ്ങള്‍ക്ക്‌ പതിനായിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ളതാണ്‌. ഹോമോ സാപിയന്‍സ്‌ ആഫ്രിക്ക വിട്ട്‌ യൂറോപ്പില്‍ കുടിയേറി നിയാണ്ടര്‍ത്താല്‍ മനുഷ്യരുമായി ഇടപഴകിയ കാലഘട്ടത്തിലെതാണിവ'- പുരാവസ്‌തു ഗവേഷകന്‍ വിശദീകരിക്കുന്നു.

വിവരസാന്ദ്രത

3,000ല്‍ അധികം ജ്യാമിതീയ ചിഹ്‌നങ്ങളെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഗവേഷകര്‍ വിശകലനം ചെയ്‌തു. ചിഹ്‌നങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, എഐയ്‌ക്കും ആ ലക്ഷ്യത്തിലെത്താനായില്ല. ഒരു കാര്യം വ്യക്‌തമായി. ഇന്നത്തെ ഭാഷകളെയും അക്ഷരങ്ങളെയും അടിസ്‌ഥാനമാക്കി പഴയ ചിഹ്‌നങ്ങള്‍ക്ക്‌ അര്‍ഥം കണ്ടെത്താനാകില്ല. ആ ചിഹ്‌ന ശ്രേണികള്‍ക്ക്‌ ഇന്നത്തെ എഴുത്തു സംവിധാനങ്ങളുമായി യാതൊരു ബന്ധവുമില്ല. അവ സംസാരിക്കുന്ന ഭാഷകളെ പ്രതിനിധീകരിക്കുന്നു, ഉയര്‍ന്ന വിവരസാന്ദ്രതയാണ്‌ അവയുടെ പ്രത്യേകത. എന്നാല്‍, പുരാതന വസ്‌തുക്കളിലെ ചിഹ്‌നങ്ങള്‍ പലപ്പോഴും ആവര്‍ത്തിക്കുന്നു, ++--- എന്നിങ്ങനെ. ഇത്തരം ആവര്‍ത്തനം സംസാരിക്കുന്ന ഭാഷകളില്‍ കാണപ്പെടുന്ന ഒന്നല്ല- ഗവേഷകര്‍ വ്യക്‌തമാക്കി.
എങ്കിലും അവര്‍ക്ക്‌ സന്തോഷത്തിനു വകയുണ്ട്‌. പഴയ കാല മനുഷ്യര്‍ ചിഹ്‌നങ്ങളുടെ ഒരു സംവിധാനംതന്നെ വികസിപ്പിച്ചു... ആ ചിഹ്‌നങ്ങള്‍ക്ക്‌ ഏറ്റവും പഴയ പ്രോട്ടോക്യുനിയഫോം ടാബ്ലറ്റുകള്‍ക്ക്‌ സമാനമായ വിവരസാന്ദ്രതയുണ്ട്‌. അവ ഏകദേശം 40,000 വര്‍ഷങ്ങള്‍ക്ക്‌ ശേഷം വന്നവയാണ്‌. പ്രോട്ടോക്യുനിയഫോം ലിപിയിലെ ചിഹ്‌ന ശ്രേണികളും ആവര്‍ത്തനസ്വഭാവമുള്ളവയാണ്‌. വ്യക്‌തിഗത ചിഹ്‌നങ്ങള്‍ സമാനമായ നിരക്കിലാണ്‌ ആവര്‍ത്തിക്കുന്നത്‌.
ചിഹ്‌ന സംവിധാനങ്ങള്‍ പ്രോട്ടോക്യുനിയഫോമുമായി എങ്ങനെ താരതമ്യപ്പെടുന്നു എന്നുള്ളത്‌ ഗവേഷകരെ അത്‌ഭുതപ്പെടുത്തി. ആദ്യകാല പ്രോട്ടോക്യുനിയഫോം ലിപി ഇന്നത്തെ എഴുത്തു സംവിധാനങ്ങളുമായി കൂടുതല്‍ സാമ്യമുള്ളതായിരിക്കുമെന്ന്‌ ഗവേഷകര്‍ അനുമാനിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ പഠിച്ചപ്പോള്‍, ആദ്യകാല പ്രോട്ടോക്യുനിയഫോം ലിപി പ്രാചീനശിലായുഗ ചിഹ്‌ന ശ്രേണികളുമായി വളരെ സമാനമാണെന്നു വ്യക്‌തമായി.
പ്രാചീന ശിലായുഗത്തിനും ആദ്യകാല പ്രോട്ടോക്യുനിയഫോം ലിപിയുടെ ഉദയത്തിനും ഇടയില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഏകദേശം 5,000 വര്‍ഷം മുമ്പ്‌, സംസാരിക്കുന്ന ഭാഷയെ പ്രതിനിധീകരിക്കുന്ന ഒരു പുതിയ സംവിധാനം ഉയര്‍ന്നുവന്നു. പുതിയ സംവിധാനത്തിന്‌ തികച്ചും വ്യത്യസ്‌തമായ സ്വഭാവം കണ്ടെത്തി.

കമ്പ്യൂട്ടേഷണല്‍ വിശകലനം

ഗവേഷകര്‍ പുരാവസ്‌തു വസ്‌തുക്കളിലെ ചിഹ്‌ന ശ്രേണികള്‍ ഡിജിറ്റൈസ്‌ ചെയ്‌തു. തുടര്‍ന്നു ശിലായുഗ ചിഹ്‌നങ്ങളുടെ സ്വഭാവങ്ങള്‍ വിലയിരുത്താന്‍ ശ്രമിച്ചു. ആദ്യകാല ക്യുനിയഫോം ശ്രേണികളും ആധുനിക എഴുത്തുമായി താരതമ്യം ചെയ്‌തു. സ്‌റ്റാറ്റിസ്‌റ്റിക്കല്‍ മോഡലിങ്‌, മെഷീന്‍ ലേണിങ്‌ ക്ലാസിഫിക്കേഷന്‍ അല്‍ഗോരിതങ്ങള്‍ തുടങ്ങിയ സമീപനങ്ങള്‍ ഗവേഷകര്‍ പ്രയോഗിച്ചു.
'ആവര്‍ത്തന നിരക്ക്‌ വളരെ ഉയര്‍ന്നതും അടുത്ത ചിഹ്‌നത്തിന്റെ പ്രവചനക്ഷമതയും കാരണം, പ്രോട്ടോക്യുനിയഫോമിന്‌ സമാനമായ വിവരസാന്ദ്രതയുണ്ടെന്നു ഗവേഷകര്‍ കണ്ടെത്തി.
ചിഹ്‌നങ്ങളിലും അടയാളങ്ങളിലും വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള മനുഷ്യന്റെ കഴിവ്‌ ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. എഴുത്ത്‌ എന്നത്‌ ചിഹ്‌ന സംവിധാനങ്ങളുടെ നീണ്ട ശ്രേണിയിലെ ഒരു പ്രത്യേക രൂപം മാത്രമാണ്‌.

ശിലായുഗത്തിലെ എന്‍കോഡിങ്‌

ശിലായുഗ മനുഷ്യര്‍ ചിഹ്‌നങ്ങള്‍ ഉപയോഗിച്ച്‌ എന്താണ്‌ രേഖപ്പെടുത്താന്‍ ശ്രമിച്ചതെന്നു ഗവേഷകര്‍ക്കു വ്യക്‌തമല്ല. ഇന്നത്തെ മനുഷ്യര്‍ക്ക്‌ ആയിരക്കണക്കിന്‌ വര്‍ഷത്തെ വിവരം ലഭ്യമാണെങ്കിലും, ശാരീരികമായി നോക്കുമ്പോള്‍, ശിലായുഗ മനുഷ്യര്‍ ആധുനിക മനുഷ്യരെപ്പോലെ വികസനത്തിന്റെ സമാന തലത്തില്‍ എത്തിയിരുന്നു. ഇതിനര്‍ത്ഥം അവര്‍ക്ക്‌ സമാനമായ ജ്‌ഞാനപരമായ കഴിവുകള്‍ ഉണ്ടായിരിക്കാം എന്നാണ്‌.
മറ്റുള്ളവരെ അറിയിക്കാനും വിവരങ്ങള്‍ കൈമാറാനുമുള്ള കഴിവ്‌ ശിലായുഗ മനുഷ്യര്‍ക്ക്‌ പ്രധാനപ്പെട്ടതായിരുന്നു. അത്‌ സംഘങ്ങളെ ഏകോപിപ്പിക്കാന്‍ അവരെ സഹായിച്ചിരിക്കാം. അവര്‍ കരകൗശല വിദഗ്‌ദ്ധരായിരുന്നു. അവര്‍ തയാറാക്കിയ മിക്ക വസ്‌തുക്കളും കൈവെള്ളയില്‍ ഒതുങ്ങുന്നവയാണ്‌... അക്ഷരങ്ങളെ പിന്തുടര്‍ന്ന ഗവേഷകര്‍ കുറിക്കുന്നത്‌ ഇങ്ങനെയാണ്‌.

Ads by Google
Sunday 08 Mar 2026 11.51 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW