-->
ആള്‍ക്കൂട്ട മര്‍ദനങ്ങളും കൊലപാതകങ്ങളും കേട്ടുകേള്‍വി മാത്രമായിരുന്ന കേരളത്തില്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ദിനവാര്‍ത്തയായി മാറിയിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊല്ലത്ത് ഉത്സവാഘോഷത്തിനിടെയുണ്ടായ മൃഗീയമായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു പത്തൊന്‍പതുകാരന്‍ കൊല്ലപ്പെടുന്നത്. പാര്‍ക്കിന്‍സണ്‍ രോഗിയായ പിതാവും മാതാവുമടങ്ങുന്ന ഒരു കുടുംബത്തിന്റെ വെളിച്ചമാണു ശക്‌തികുളങ്ങര മരുത്തടി ക്ഷേത്രമുറ്റത്ത് ഒരുകൂട്ടം ആള്‍ക്കാര്‍ തല്ലിക്കെടുത്തിയത്. അതും ഒരു നിസാര തര്‍ക്കത്തിന്റെ പേരില്‍ മദ്യപസംഘം ആസൂത്രിതമായി വിളിച്ചുവരുത്തി തല്ലിക്കൊല്ലുകയായിയിരുന്നു.
കുതിരയെ മര്‍ദിച്ച കേസില്‍ സാക്ഷി പറഞ്ഞ കുട്ടിയെ കഴിഞ്ഞദിവസമാണു പ്രതികളായ ഒരുസംഘം അക്രമികള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. സ്‌ഥിരം കുറ്റവാളികളായ ഈ സംഘത്തിനെതിരേ ഫലപ്രദമായി എന്തു നടപടിയെടുക്കാന്‍ നമ്മുടെ നിയമസംവിധാനത്തിനാകും. ഈ സംഘത്തെ പിടികൂടി പോലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ അവരുടെ വെല്ലുവിളി പോലീസ് സ്‌റ്റേഷനിലും തുടര്‍ന്നു. അതിനു സാക്ഷികളായി നിസഹായരായി നില്‍ക്കാന്‍ മാത്രമേ പോലീസുകാര്‍ക്കും പൊതുജനങ്ങള്‍ക്കും സാധിച്ചുള്ളു. ഇതു കാണുന്ന ആരെങ്കിലും പോലീസിന് ഏതെങ്കിലും കേസില്‍ സാക്ഷിപറയുമോ?
ലഹരിവില്‍പന പോലീസിനെ അറിയിച്ച വിരോധത്തില്‍ ഒരു വീട്ടമ്മയെയും രണ്ടു കുട്ടികളെയും പത്തനംതിട്ടയില്‍ ലഹരിമാഫിയാസംഘം വീടുകയറി ആക്രമിച്ചു പരുക്കേല്‍പ്പിച്ചതും ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ്. ഇവിടെയെല്ലാം വെളിപ്പെടുന്നത് നമ്മുടെ സംവിധാനത്തിന്റെ നിഷ്‌ക്രിയതയും പാളിച്ചകളുമാണ്. പകല്‍ പോലും അക്രമികള്‍ക്ക് അഴിഞ്ഞാടാവുന്ന ഇടങ്ങളായി പൊതുസ്‌ഥലങ്ങള്‍ പോലും മാറിപ്പോയെന്നു നാടിനറിയാം.
ഈ ആള്‍ക്കൂട്ട ആക്രമണങ്ങളും ഗുണ്ടാ അഴിഞ്ഞാട്ടങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് നമ്മുടെ നാട്ടിലേക്ക് ഒഴുകുന്ന ലഹരിയുടെയും മയക്കുമരുന്നിന്റെയും പാര്‍ശ്വഫലങ്ങള്‍ മാത്രമാണ്. കുറ്റകൃത്യങ്ങളുടെ ആവര്‍ത്തനത്തില്‍ കുറ്റവാളികളെ തടയുന്ന തരത്തില്‍ എന്തു നിയമവും ശിക്ഷാവിധികളുമാണു നമുക്കുള്ളതെന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. രാ്‌ഷട്രീയ സാമ്പത്തിക പിടിപാടുള്ള പ്രതികള്‍ക്കു മുന്നില്‍ നിസഹായരായി ഇരിക്കേണ്ട ഗതികേടിലാണു നമ്മുടെ പോലീസുകാര്‍. തിരുവനന്തപുരത്ത് നഗരൂരില്‍ ഒരു പാര്‍ട്ടി ഗുണ്ടയ്‌ക്കു മുന്നില്‍ ഒരക്ഷരം ഉരിയാടാതെ ജീപ്പില്‍ വിറച്ചിരിക്കുന്ന നഗരൂര്‍ എസ്.ഐ. അസര്‍, സി.പി.ഒ. സോജു, ൈഡ്രവര്‍ നിജു എന്നിവര്‍ ഈ അക്രമകേരളത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. അവര്‍ ഒന്നും പ്രതികരിക്കാതെ ഇരുന്നതുകൊണ്ടു മാത്രം രക്ഷപെട്ടു. അല്ലായിരുന്നെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയടക്കം എന്നിട്ടും പ്രതികളെ ന്യായീകരിച്ച ഈ സംഭവത്തില്‍ ആ പാവങ്ങളുടെ പണി തെറിക്കുമായിരുന്നു. പിന്നെങ്ങനെ പോലീസിനു നടപടിയെടുക്കാന്‍ ധൈര്യമുണ്ടാകും?. പോലീസിന്റെ ധൈര്യം അതിന്റെ തലപ്പത്തിരിക്കുന്നവരാണ്. തെളിച്ചു പറഞ്ഞാല്‍ ആഭ്യന്തരമന്ത്രിയും വകുപ്പും തന്നെയാണ്. തന്റെ പോലീസ് പട്ടിപ്പണിയും ദാസ്യവേലയുമല്ല എടുക്കേണ്ടത് എന്നു തീരുമാനിക്കേണ്ടതും മന്ത്രി മുതല്‍ താഴോട്ടുള്ളവരാണ്. പോലീസിന്റെ വീര്യം ചോര്‍ത്തി നട്ടൈല്ലാടിച്ചിട്ടാല്‍ നാട്ടില്‍ ഗുണ്ടകള്‍ അരങ്ങുവാഴും. സാക്ഷികള്‍ മര്‍ദിക്കപ്പെടും. നിരപരാധികള്‍ കൊലക്കത്തിക്കിരയാകും. പീഡനക്കേസുകളിലെ കുട്ടികള്‍ വരെ ആത്‌ഹത്യ ചെയ്യുമ്പോള്‍ നമ്മുടെ സംവിധാനങ്ങളില്‍ എവിടെയോ പാളിയിട്ടുണ്ട് എന്നാണു മനസിലാക്കേണ്ടത്. കുറ്റവാളികളും കുറ്റവും വളരുമ്പോള്‍ മാറ്റത്തിനൊപ്പം നമ്മുടെ ക്രമസമാധാനപാലന സംവിധാനവും മാറേണ്ടതുണ്ട്. നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടതുണ്ട്.
പോലീസിനു മൊഴിനല്‍കുന്നവരെപ്പോലും സംരക്ഷിക്കാന്‍ നമ്മുടെ പോലീസ് സംവിധാനത്തിനാകുന്നില്ലെങ്കില്‍ അത് അധികാരികളെ ലജ്‌ജിപ്പിക്കേണ്ടതാണ്. അവര്‍ക്കു ലജ്‌ജയുണ്ടാകുന്നില്ലെങ്കില്‍, ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ ഭരണാധികാരികള്‍ക്കു ലജ്‌ജയുണ്ടാകേണ്ടതാണ്. അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ നാം തെരഞ്ഞെടുത്ത ഭരണാധികാരികള്‍ ലജ്‌ജിക്കുന്നില്ലെങ്കില്‍ ഫലപ്രദമായ നടപടികളെടുക്കിന്നില്ലെങ്കില്‍, ഗുണ്ടകളുടെയും അക്രമികളുടെയും കത്തിക്കും ആയുധങ്ങള്‍ക്കും നമ്മള്‍ വീണ്ടും വീണ്ടും ഇരയാകുമ്പോള്‍ നാം തന്നെ ലജ്‌ജിക്കേണ്ടതാണ്. അതു നമ്മുടെ കഴിവുകേടെന്നു പരിതപിക്കാതെ പരിഹാരങ്ങളാണ് ഉണ്ടാകേണ്ടത്.