-->
കോട്ടക്കല്‍ ഇന്ത്യനൂരില്‍ ചത്ത കോഴികളെ വില്‍പനയ്ക്കായി സൂക്ഷിച്ച ചിക്കന്‍ സ്റ്റാള്‍ നഗരസഭാ ആരോഗ്യ വിഭാഗം പൂട്ടിച്ചു. ഇന്ത്യനൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ഇവിടെ ചത്ത കോഴികളെ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അധികൃതരുടെ മിന്നല്‍ പരിശോധന. പരിശോധനയില്‍ 25 പെട്ടികളിലായി സൂക്ഷിച്ചിരുന്ന നിരവധി കോഴികളെ ചത്ത നിലയില്‍ കണ്ടെത്തി. ഇതില്‍ പലതും പുഴുവരിച്ചും ദുര്‍ഗന്ധം വമിക്കുന്ന രീതിയിലുമായിരുന്നു.
സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയതായും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഹെല്‍ത്ത് വിഭാഗം അറിയിച്ചു. വരും ദിവസങ്ങളില്‍ ഇറച്ചി വില്‍പന കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പരിശോധന തുടരാനാണ് നഗരസഭയുടെ തീരുമാനം.